

ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാര കരാർ ചർച്ചകൾ ന്യൂഡൽഹിയിൽ പുരോഗമിക്കുന്നതിനിടെ, ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 10 മുതൽ 12.5 ശതമാനം വരെ അധിക തീരുവ ചുമത്താൻ പദ്ധതിയുമായി ട്രംപ് ഭരണകൂടം. ഇന്ത്യയുടെ വ്യാപാര നയങ്ങൾ നീതിയല്ലാത്തതാണെന്നും (Unfair trade practices) അമേരിക്കൻ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും ആരോപിച്ചാണ് ഈ നീക്കം. അമേരിക്കൻ വ്യാപാര പ്രതിനിധിയുടെ (USTR) ഓഫീസ് ആണ് അധിക തീരുവ ഏര്‍പ്പെടുത്താന്‍ ശുപാർശ ചെയ്തത്.
അമേരിക്കയുടെ 'സെക്ഷൻ 301' (Section 301) പ്രകാരം നടത്തിയ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനത്തിലെത്തിയതെന്ന് യുഎസ്ടിആര്‍ അറിയിച്ചു. നിർബന്ധിത തൊഴിൽ (Forced labour) ഉപയോഗിച്ച് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തടയുന്നതിൽ ഇന്ത്യയുൾപ്പെടെ 54 രാജ്യങ്ങൾ പരാജയപ്പെട്ടുവെന്നാണ് യുഎസ് വിലയിരുത്തല്‍. നിർബന്ധിത തൊഴിലിനെതിരെ ഫലപ്രദമായ നിയമങ്ങളോ നടപടികളോ സ്വീകരിക്കാത്ത രാജ്യങ്ങൾക്കാണ് 12.5 ശതമാനം ഉയർന്ന തീരുവ ചുമത്തുന്നത്. ഇത്തരം ഉൽപ്പന്നങ്ങൾ നിയന്ത്രിക്കാൻ ഭാഗികമായ നടപടികൾ സ്വീകരിച്ചവർക്ക് 10 ശതമാനം തീരുവയായിരിക്കും ചുമത്തുക. അധിക തീരുവ ചുമത്തുന്നതിനുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ചൈന, വിയറ്റ്നാം, തായ്‌വാൻ, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ രാജ്യങ്ങളും ഉൾപ്പെടുന്നു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആദ്യഘട്ട വ്യാപാര കരാർ (BTA) 99 ശതമാനവും പൂർത്തിയായതായും ചെറിയ കാര്യങ്ങളിൽ മാത്രമാണ് ഇനി ചർച്ചകൾ ബാക്കിയുള്ളതെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ട്രംപ് ഭരണകൂടം കൊണ്ടുവരാൻ പോകുന്ന പുതിയ തീരുവ പരിഷ്കാരങ്ങളിൽ വ്യക്തത ലഭിക്കാതെ ഈ കരാർ ഒപ്പിടാൻ സാധ്യതയില്ല. ടെക്സ്റ്റൈൽസ്, വസ്ത്രങ്ങൾ (Apparel) എന്നിവയ്ക്കായി പ്രത്യേക നിയന്ത്രണങ്ങളും യുഎസ് നിർദ്ദേശിച്ചിട്ടുണ്ട്.
സൗരോർജ മൊഡ്യൂളുകൾ, സംസ്കരിച്ച ഭക്ഷണം, ഉരുക്ക്, അലുമിനിയം എന്നീ മേഖലകളിലെ അമിത ഉൽപ്പാദനത്തെക്കുറിച്ചും (Structural overcapacity) ഇന്ത്യയ്ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. മറ്റ് കയറ്റുമതി രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വിപണിയിലെ മത്സരക്ഷമത നിലനിർത്താനാണ് ഇന്ത്യ ഇപ്പോൾ മുൻഗണന നൽകുന്നത്. അതേസമയം, അമേരിക്കൻ ഉദ്യോഗസ്ഥരുടെ മൂന്ന് ദിവസത്തെ സന്ദർശനം ഡൽഹിയിൽ തുടരുകയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine