

കഴിഞ്ഞ ദിവസം യു.എസ് നടത്തിയ ആക്രമണങ്ങളില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങൾ നശിപ്പിച്ചതായി പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് വാസ്തവ വിരുദ്ധമാണെന്നാണ് യു.എസ് ഇന്റലിജൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. യു.എസ് ആക്രമണങ്ങളില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് ചെറിയ നാശനഷ്ടങ്ങൾ സംഭവിച്ചുവെങ്കിലും മാസങ്ങൾക്കുള്ളിൽ ടെഹ്‌റാന് ആണവ പദ്ധതി പുനരാരംഭിക്കാൻ കഴിയുമെന്നാണ് യു.എസ് മാധ്യമങ്ങള്‍ പുറത്തുവിട്ട ചോര്‍ന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആക്രമണങ്ങൾക്ക് മുമ്പ് ഇറാൻ ആണവായുധം നിർമ്മിക്കാൻ ഉപയോഗിക്കുന്ന സമ്പുഷ്ട യുറേനിയത്തിന്റെ ഒരു പ്രധാന ഭാഗം മറ്റ് രഹസ്യ ആണവ കേന്ദ്രങ്ങളിലേക്ക് മാറ്റി സ്ഥാപിച്ചതായും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. യു.എസ് പ്രതിരോധ വകുപ്പിന്റെ സൈനിക രഹസ്യാന്വേഷണ ഏജൻസിയായ ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടേതാണ് റിപ്പോർട്ട്. ഇറാന്റെ ആണവ സമ്പുഷ്ട യുറേനിയം ശേഖരം യു.എസ് ആക്രമണങ്ങളിൽ പൂർണ്ണമായും നശിപ്പിക്കപ്പെട്ടില്ല. ഭൂഗർഭ കെട്ടിടങ്ങളെ നശിപ്പിക്കാന്‍ ആക്രമണത്തിന് സാധിച്ചിട്ടില്ല. ചില ആണവ കേന്ദ്രങ്ങളുടെ കെട്ടിടങ്ങള്‍ക്ക് നാശ നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
യു.എസിന്റെ ബി-2 ബോംബർ വിമാനങ്ങൾ ഇറാനിയൻ ആണവ കേന്ദ്രങ്ങളായ ഫോർഡോ, നടാൻസ് എന്നിവിടങ്ങളിൽ ഭീമൻ GBU-57 ബങ്കർ-ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. മൂന്നാമത്തെ കേന്ദ്രമായ ഇസ്ഫഹാനിൽ ഗൈഡഡ് മിസൈൽ അന്തർവാഹിനിയാണ് ടോമാഹോക്ക് ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയത്.
അതേസമയം, പെന്റഗൺ റിപ്പോർട്ടിന്റെ ചോർന്ന വിശദാംശങ്ങൾ ഡൊണൾഡ് ട്രംപ് തളളിക്കളഞ്ഞു. ഏറ്റവും വിജയകരമായ ആക്രമണങ്ങളിൽ ഒന്നിനെ ചില മാധ്യമങ്ങള്‍ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുകയാണ്. ആണവ കേന്ദ്രങ്ങൾ പൂർണ്ണമായും നശിപ്പിക്കപ്പെട്ടതായ അവകാശവാദം ട്രംപ് ആവർത്തിക്കുകയും ചെയ്തു.
A leaked Pentagon report reveals U.S. failure to destroy Iran’s nuclear infrastructure and Iran’s covert uranium relocation.
Read DhanamOnline in English
Subscribe to Dhanam Magazine