അദാനി കുരുക്കില്‍; വ്യാപാര സംഘര്‍ഷം മൂലം തലക്കു മുകളില്‍ വാളായി യു.എസിലെ കോഴക്കേസ്, അനുനയം അകലെ

ഈ വർഷം ആദ്യം അദാനി ചൈനയിലേക്ക് പരസ്യ സന്ദർശനം നടത്തിയിരുന്നു
gautam adani
Published on

താരിഫ് യുദ്ധം, റഷ്യൻ എണ്ണ, പാകിസ്ഥാനുമായുള്ള സംഘർഷം തുടങ്ങിയ വിഷയങ്ങളില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി യു.എസ്- ഇന്ത്യ ബന്ധത്തില്‍ കാര്യമായ ഉലച്ചില്‍ തട്ടിയിരുന്നു. ഇതിനെ തുടര്‍ന്ന് യുഎസിലെ തട്ടിപ്പ് കേസുകൾ പരിഹരിക്കാനുള്ള ശതകോടീശ്വരനായ ഗൗതം അദാനിയുടെ ശ്രമങ്ങൾ സ്തംഭിച്ചിരിക്കുകയാണെന്ന് ബ്ലൂംബെർഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പഴയ പടി ആകുന്നതു വരെ അദാനി യു.എസില്‍ നേരിടുന്ന കൈക്കൂലി കേസുകൾ അവസാനിപ്പിക്കാൻ ഒരു കരാറും സാധ്യമല്ലെന്ന നിലപാടിലാണ് ട്രംപ് ഭരണകൂടം.

കഴിഞ്ഞ നവംബറിൽ അഞ്ച് കുറ്റപത്രങ്ങളാണ് അദാനിക്കെതിരെ യുഎസ് കോടതിയില്‍ എത്തിയത്. സോളാർ-വൈദ്യുത കരാറുകൾ ലഭിക്കുന്നതിനായി ഇന്ത്യയിൽ 250 മില്യൺ ഡോളറിന്റെ കൈക്കൂലി പദ്ധതിയില്‍ ഏര്‍പ്പെട്ടുവെന്നാണ് അദാനിയും കൂട്ടാളികളും നേരിടുന്ന പ്രധാന ആരോപണം. അതേസമയം അദാനി ഗ്രൂപ്പ് കുറ്റങ്ങൾ നിഷേധിച്ചിരുന്നു. അദാനി ഉൾപ്പെടെയുള്ള പ്രതികളാരും ഇതുവരെ കോടതിയിൽ ഹാജരായിട്ടില്ല.

വിപുലീകരണ പദ്ധതികള്‍ക്ക് തടസം

ഇന്ത്യ-യു.എസ് ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയതോടെ അദാനി ഗ്രൂപ്പിന്റെ ആഗോള ബിസിനസ് വിപുലീകരണ പദ്ധതികളും പ്രതിസന്ധിയിലായിരിക്കുകയാണ്. അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡിന്റെ പങ്കാളിയായ ഫ്രാൻസിന്റെ ടോട്ടൽ എനർജിസ് എസ്ഇ അദാനിക്കെതിരായ ആരോപണങ്ങളില്‍ വ്യക്തത വരുന്നതു വരെ കമ്പനിക്ക് പുതിയ സാമ്പത്തിക സഹായങ്ങളൊന്നും നൽകില്ലെന്ന് അറിയിച്ചിരുന്നു. കെനിയയിൽ 2.6 ബില്യൺ ഡോളറിന്റെ വിമാനത്താവള, വൈദ്യുതി പ്രസരണ കരാറുകളും ഗ്രൂപ്പിന് നഷ്ടപ്പെട്ടു. ട്രംപ് വീണ്ടും പ്രസിഡന്റായ ശേഷം 10 ബില്യൺ ഡോളർ യുഎസിൽ നിക്ഷേപിക്കാനുള്ള പദ്ധതി കമ്പനി നിർത്തിവച്ചിരിക്കുകയാണ്.

ചൈനയുമായി കൂടുതല്‍ അടുക്കുന്നുവോ?

അതേസമയം, റഷ്യയുമായും ചൈനയുമായും കൂടുതൽ അടുക്കുന്നുവെന്ന് സൂചിപ്പിക്കുന്ന ശ്രമങ്ങള്‍ പ്രധാനമന്ത്രി മോദി നടത്തിയത് ട്രംപിന് മനംമാറ്റം ഉണ്ടാക്കുന്നതായാണ് കരുതുന്നത്. യു.എസിന് എതിരെ ലോക രാജ്യങ്ങളുടെ പുതിയ ചേരിയുണ്ടാകാന്‍ ട്രംപ് ആഗ്രഹിക്കുന്നില്ല. ട്രംപ് കഴിഞ്ഞ ദിവസം മോദിയെ മികച്ച പ്രധാനമന്ത്രിയെന്നും സുഹൃത്തെന്നും വിശേഷിപ്പിച്ചിരുന്നു.

ഈ വർഷം ആദ്യം അദാനിയും ചൈനയിലേക്ക് പരസ്യ സന്ദർശനം നടത്തി. ചൈനയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ബിവൈഡി കമ്പനിയുമായി ലിഥിയം അയൺ ബാറ്ററി നിർമ്മാണ സാങ്കേതികവിദ്യയ്ക്കുള്ള കരാർ കമ്പനി തേടുന്നുണ്ടെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു.

US-India tensions stall Adani’s efforts to settle bribery case, hitting global expansion plans.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com