

അമേരിക്കയിലെ വിസ ചട്ടങ്ങള്‍ കര്‍ശനമാകുന്നത് ആയിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകളെയും വിദ്യാര്‍ഥികളെയും അനിശ്ചിതത്വത്തിലാക്കുകയാണെന്ന് ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി (AICC)യുടെ വിദേശകാര്യ-ഓവര്‍സീസ് ഇന്ത്യന്‍ കോണ്‍ഗ്രസ് ചുമതല വഹിക്കുന്ന സെക്രട്ടറി ആരതി കൃഷ്ണ. വിസ വൈകല്‍, ജോലി അനിശ്ചിതത്വം, ഗ്രീന്‍ കാര്‍ഡ് അപേക്ഷകളിലെ വലിയ താമസം തുടങ്ങിയവ ഇന്ത്യന്‍ സമൂഹത്തില്‍ വലിയ ആശങ്ക സൃഷ്ടിക്കുകയാണെന്നും അവര്‍ പറയുന്നു.
'ധനം' ഓണ്‍ലൈനുമായി സംസാരിക്കുകയായിരുന്നു ആരതി കൃഷ്ണ. യു.എസ് വിസ പ്രശ്നത്തിന്റെ വ്യാപ്തി കണക്കിലെടുത്താല്‍ പതിവ് കോണ്‍സുലര്‍ ഇടപെടലുകള്‍ മാത്രം മതിയാകില്ലെന്നും കൂടുതല്‍ തന്ത്രപരമായ ദീര്‍ഘകാല സമീപനം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അവര്‍ പറഞ്ഞു. ''അമേരിക്കയിലെ ഏറ്റവും വലിയ പ്രാവീണ്യമുള്ള തൊഴില്‍ സമൂഹവും വിദ്യാര്‍ഥി സമൂഹവും ഇന്ത്യക്കാരാണ്. ഇടയ്ക്കിടെയുള്ള ചില്ലറ ഇടപെടലുകള്‍ കൊണ്ട് അവരുടെ ആശങ്കകള്‍ക്ക് പരിഹാരമാകില്ല,'' -ആരതി കൃഷ്ണ ചൂണ്ടിക്കാട്ടി.
കര്‍ണാടക എന്‍ആര്‍ഐ ഫോറം ഉപാധ്യക്ഷ കൂടിയായ ആരതി കൃഷ്ണയുടെ അഭിപ്രായത്തില്‍ H-1B വിസകളിലെ നിയന്ത്രണങ്ങള്‍, ഗ്രീന്‍ കാര്‍ഡ് അപേക്ഷകളിലെ നീണ്ട ക്യൂ, വിദ്യാര്‍ഥി വിസ പ്രക്രിയയിലെ താമസം എന്നിവയാണ് ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്കിടയില്‍ കടുത്ത ആശങ്കയുണ്ടാക്കുന്നത്.
കുടിയേറ്റവും തൊഴില്‍-പഠന മൊബിലിറ്റിയും ഇന്ത്യ-അമേരിക്ക തന്ത്രപരമായ ഔദ്യോഗിക സംഭാഷണ സംവിധാനങ്ങളിലൂടെ സ്ഥിരമായി ഉന്നയിക്കപ്പെടണം. യുഎസ് കോണ്‍ഗ്രസ്, ഫെഡറല്‍ ഏജന്‍സികള്‍ എന്നിവയില്‍ കുടിയേറ്റ നയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഇന്ത്യയുടെ ഇടപെടല്‍ ഉറപ്പാക്കണം. ഇന്ത്യന്‍ വിദ്യാര്‍ഥികളും പ്രൊഫഷണലുകളും ആ ചര്‍ച്ചയുടെ ഭാഗമാകുന്നില്ലെങ്കില്‍ നയങ്ങള്‍ തുടര്‍ച്ചയായി അവരെ ബാധിച്ചുകൊണ്ടിരിക്കും.
പ്രാവീണ്യമുള്ളവരുടെ കുടിയേറ്റത്തെ ഇരുരാജ്യങ്ങള്‍ക്കും തന്ത്രപരമായ നേട്ടമായി അവതരിപ്പിക്കണമെന്നും ആരതി കൃഷ്ണ അഭിപ്രായപ്പെട്ടു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സെമികണ്ടക്ടര്‍, ക്ലീന്‍ എനര്‍ജി, അഡ്വാന്‍സ്ഡ് മാനുഫാക്ചറിങ് തുടങ്ങി യുഎസിന്റെ ആഗോള മത്സരക്ഷമതയ്ക്ക് നിര്‍ണായകമായ മേഖലകളില്‍ ഇന്ത്യന്‍ പ്രതിഭകള്‍ ആഴത്തില്‍ ഇടപെട്ടുകഴിഞ്ഞുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഒരു ദശകത്തിലേറെ കാലം അമേരിക്കയില്‍ വിദ്യാര്‍ഥിയായും വീട്ടമ്മയായും പിന്നീട് വാഷിംഗ്ടണ്‍ ഡി.സി.യിലെ ഇന്ത്യന്‍ എംബസിയില്‍ സ്റ്റാഫറായും പ്രവര്‍ത്തിച്ച അനുഭവമാണ് തന്റെ നിലപാടുകള്‍ക്ക് അടിസ്ഥാനം. പിന്നീട് കര്‍ണാടകയിലേക്ക് മടങ്ങിയെത്തി സാമൂഹികമായ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയായിരുന്നു.
പ്രായോഗിക തലത്തില്‍ കോണ്‍സുലര്‍ പിന്തുണ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ആരതി കൃഷ്ണ ഉയര്‍ത്തിക്കാട്ടി. വിസ വൈകല്‍, SEVIS പാലനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, വിദ്യാര്‍ഥി വിസയില്‍ നിന്ന് തൊഴില്‍ വിസയിലേക്കുള്ള മാറ്റം എന്നിവ കൈകാര്യം ചെയ്യാന്‍ യുഎസിലെ ഇന്ത്യന്‍ നയതന്ത്ര സംവിധാനം പ്രത്യേക ഹെല്‍പ് ഡെസ്‌കുകള്‍ സജ്ജമാക്കണം.
അമേരിക്കയിലെ ഇന്ത്യന്‍ സ്വാധീനം
അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ രാഷ്ട്രീയ-സാമൂഹിക സ്വാധീനം വര്‍ധിച്ചുവരുന്നതും പ്രയോജനപ്പെടുത്തണം. പ്രൊഫഷണലുകള്‍ക്കും വ്യവസായ പ്രമുഖര്‍ക്കും ഇന്ത്യന്‍ വംശജരായ നിയമനിര്‍മാണ സഭാംഗങ്ങള്‍ക്കും യുഎസ് രാഷ്ട്രീയ സംവിധാനത്തിനുള്ളില്‍ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ കഴിയും. അതോടൊപ്പം പൊതുസേവനത്തിലും നയരൂപീകരണ രംഗത്തും കടന്നുവരുന്ന രണ്ടാം തലമുറ ഇന്ത്യന്‍-അമേരിക്കന്‍ യുവാക്കളുമായി കൂടുതല്‍ ഇടപെടല്‍ ദീര്‍ഘകാല പിന്തുണയ്ക്ക് വഴിയൊരുക്കും.
അതേസമയം, വിദ്യാര്‍ഥികളും പ്രാവീണ്യമുള്ള തൊഴിലാളികളും അമേരിക്കയെ മാത്രമൊരു ലക്ഷ്യസ്ഥാനമായി ആശ്രയിക്കുന്ന അവസ്ഥ ഇന്ത്യ കുറയ്ക്കണമെന്നും ആരതി കൃഷ്ണ അഭിപ്രായപ്പെട്ടു. യൂറോപ്പ്, ഓസ്ട്രേലിയ, ജപ്പാന്‍ തുടങ്ങിയ മറ്റ് ആഗോള കേന്ദ്രങ്ങളിലേക്ക് വഴികള്‍ വികസിപ്പിക്കുന്നത് അവസരങ്ങള്‍ വൈവിധ്യമാക്കാനും അപകടസാധ്യത കുറയ്ക്കാനും സഹായിക്കും.
ആഗോള കുടിയേറ്റ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയെ ഒരു വിശ്വാസയോഗ്യമായ 'റിട്ടേണ്‍ ഓപ്ഷന്‍' ആയി അവതരിപ്പിക്കണമെന്നും അവര്‍ പറഞ്ഞു. പുനഃസംയോജന നടപടികള്‍ വേഗത്തിലാക്കല്‍, ചട്ടക്കൂടിലെ തടസ്സങ്ങള്‍ ലഘൂകരിക്കല്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷണം, നവീകരണാധിഷ്ഠിത തൊഴില്‍ മേഖലകള്‍ക്ക് ലക്ഷ്യം മുന്‍നിര്‍ത്തി ആനുകൂല്യങ്ങള്‍ നല്‍കല്‍ എന്നിവ വഴി പ്രാവീണ്യമുള്ള ഇന്ത്യക്കാരെ നാട്ടിലേക്ക് ആകര്‍ഷിക്കാനാകുമെന്നും ആരതി കൃഷ്ണ വിശദീകരിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine