ബിഹാര്‍ ഫലം മറിച്ചായാല്‍? ഓഹരി വിപണി എങ്ങനെ പ്രതികരിക്കും? വോട്ടെണ്ണല്‍ ദിനം നിര്‍ണായകം

ബിഹാര്‍ വീണ്ടും ബി.ജെ.പിയും സഖ്യകക്ഷികളും ചേര്‍ന്നു ഭരിക്കാന്‍ പോകുന്നതിന്റെ കൂടി മൂഡാണ് ബുധനാഴ്ച ഓഹരി വിപണിയില്‍ കണ്ടത്
Bull and Bear
Image : Canva
Published on

ബിഹാറില്‍ നിന്ന് എക്‌സിറ്റ് പോള്‍ ഫലം വന്നതോടെ ബി.ജെ.പിയും സഖ്യകക്ഷികളും ഖുശി. ഓഹരി വിപണി സ്‌റ്റെഡി. ബിഹാറില്‍ എന്‍.ഡി.എക്ക് ഭരണം തുടരാമെന്നു മാത്രമല്ല, രാഹുല്‍ ഗാന്ധിയേയും 'ഇന്‍ഡി' സഖ്യത്തെയും ആഞ്ഞു കൊട്ടുകയും ചെയ്യാമെന്നാണ് എക്‌സിറ്റ് പോള്‍ സൂചന. ഇനിയെങ്ങാന്‍ എന്‍.ഡി.എ പൊട്ടിയാലോ? ആഘാതം ബിഹാറില്‍ മാത്രം നില്‍ക്കില്ല. നിതീഷ് കുമാറിന്റെയും ചന്ദ്രബാബു നായിഡുവിന്റെയും താങ്ങുള്ള കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ വിയര്‍ക്കും. അങ്ങനെയെങ്ങാന്‍ സംഭവിച്ചാല്‍ ഓഹരി വിപണി ചാഞ്ചാടും. നിക്ഷേപകരുടെ അവസ്ഥ എന്താകും?

ബിഹാര്‍ വീണ്ടും ബി.ജെ.പിയും സഖ്യകക്ഷികളും ചേര്‍ന്നു ഭരിക്കാന്‍ പോകുന്നതിന്റെ കൂടി മൂഡാണ് ബുധനാഴ്ച ഓഹരി വിപണിയില്‍ കണ്ടത്. വിപണിക്ക് മുന്നേറ്റം. എന്നാല്‍ വെള്ളിയാഴ്ച വോട്ടെണ്ണുമ്പോള്‍ ബി.ജെ.പിക്ക് തിരിച്ചടിയെങ്കില്‍ വിപണിയില്‍ വലിയൊരു ചാഞ്ചാട്ടത്തിന് സാധ്യതയുണ്ട്. കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ നിലനില്‍പ് ഭീഷണി നേരിട്ടാല്‍ നിഫ്റ്റി 7 ശതമാനം വരെയൊക്കെ താഴ്ന്നുവെന്നും വരാമെന്നാണ് വിപണി വിദഗ്ധരുടെ അനുമാനം.

കഴിഞ്ഞ വര്‍ഷം ലോക്‌സഭ തെരഞ്ഞെടുപ്പു ഫലം വന്നപാടേ ഒറ്റ ദിവസം കൊണ്ട് നിഫ്റ്റി ഇടിഞ്ഞത് ആറു ശതമാനമാണ്. ബി.ജെ.പിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷമില്ലൊതെ വന്നത് ഭരണപരമായ അനിശ്ചിതത്വം സൃഷ്ടിക്കുമെന്ന ആശങ്കയായിരുന്നു കാരണം. ധനകാര്യ വിപണികള്‍ വളരെ സെന്‍സിറ്റീവാണ്. ഭരണപരമായ അനിശ്ചിതത്വം, പരിഷ്‌കരണ വേഗം, സാമ്പത്തികവും നയപരവുമായ ചാഞ്ചാട്ടങ്ങള്‍ എന്നിവ സംഭവിച്ചാല്‍ ബിസിനസ് മോശമാകും. ഇത് വിപണിയില്‍ പ്രതിഫലിക്കും.

എന്നാല്‍ ഇത്തരം ഏതൊരു ചാഞ്ചാട്ടവും ദീര്‍ഘകാലം നിലനില്‍ക്കില്ലെന്നതാണ് അനുഭവം. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്ക് ബിസിനസ് സാഹചര്യങ്ങള്‍ മോശമാക്കാത്ത ഭരണത്തുടര്‍ച്ചക്ക് സാധിക്കണമെന്നു മാത്രം. ഭരണമാറ്റം ബിസിനസ് സാഹചര്യങ്ങളെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ അധികാരത്തിലുള്ള ഏതു പാര്‍ട്ടിയും ശ്രദ്ധിച്ചു പോരുകയും ചെയ്യുന്നു. വിശ്വാസയോഗ്യമായ ഒരു സാമ്പത്തിക അജണ്ട, അടിസ്ഥാന സൗകര്യ വികസന നിക്ഷേപം, ധനപരമായ അച്ചടക്കം എന്നിവയെല്ലാം ഉണ്ടായാല്‍ അനിശ്ചിതത്വം നീങ്ങി വിപണി സ്ഥിരത കൈവരിക്കും. കൃത്യമായ തീരുമാനങ്ങളോടെ നീങ്ങുന്ന ഏതു സര്‍ക്കാരിനും വിപണി നല്ല രീതിയില്‍ മാര്‍ക്കിടുന്നുവെന്നാണ് ഇതുവരെയുള്ള അനുഭവം.

പ്രതിരോധം, പൊതുമേഖല, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഓഹരികളാണ് രാഷ്ട്രീയ അനിശ്ചിതത്വങ്ങളില്‍ കൂടുതല്‍ പ്രയാസപ്പെടുക. തഴക്കമുള്ള നിക്ഷേപകര്‍ക്ക് വിപണിയിലെ ഏതൊരു തിരുത്തലും വലിയ നിക്ഷേപ അവസരമാണ് തുറന്നുവെക്കുന്നത്. വിപണി സൗഹൃദമായ രാഷ്ട്രീയ സൂചനകള്‍ കിട്ടണമെന്നു മാത്രം. ആരു ഭരിക്കുന്നു എന്നതല്ല, ഒരു ഭരണമാറ്റത്തിനു ശേഷം എങ്ങനെ ഭരണം മുന്നോട്ടു പോകുന്നു എന്നതാണ് പ്രധാനം. അതിനൊത്ത് വിപണി സൂചികകള്‍ മാറുന്നു. നിക്ഷേപകരുടെ മനോഭാവം രൂപപ്പെടുന്നു.

ബിഹാറിലെ എക്‌സിറ്റ് പോള്‍ പ്രവചനം ശരിയായി വന്നാല്‍ ഓഹരി വിപണി സാധാരണപോലെ മുന്നോട്ടു പോകും. മറിച്ചായാല്‍ ഹ്രസ്വകാലത്തേക്ക് ചില അനിശ്ചിതാവസ്ഥകള്‍ ഉണ്ടാകാമെന്നു ചുരുക്കം. അതിനു പക്ഷേ, സാധ്യതകള്‍ വിരളമെന്നാണ് ബഹുഭൂരിപക്ഷം എക്‌സിറ്റ് പോള്‍ ഫലങ്ങളും കാണിച്ചു തരുന്നത്. ആ വികാരം ഓഹരി വിപണിയില്‍ ബുധനാഴ്ച പ്രകടമാവുകയും ചെയ്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com