"എന്തിനുവേണ്ടിയായിരിക്കണം ഇന്ത്യ വോട്ട് ചെയ്യണ്ടത്?"
ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് പലപ്പോഴും വളരെയധികം ചർച്ചകൾക്ക് ശേഷമായിരിക്കും നാം തീരുമാനമെടുക്കുക. എന്നാൽ എന്തിനു വേണ്ടിയായിരിക്കണം നിങ്ങൾ വോട്ട് ചെയ്യേണ്ടതെന്ന ചോദ്യത്തിലൂടെ, അല്പം മാറി ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുകയാണ് മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ.
തന്റെ 'തേർഡ് പില്ലർ' എന്ന ബുക്കിന്റെ റിലീസിന് മുൻപായി വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ അദ്ദേഹം ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. രാജന്റെ വാക്കുകളിൽ നിന്ന്:
സമ്പദ് വ്യവസ്ഥ
ഇന്ത്യയ്ക്ക് വേണ്ടത് വളരെ ശക്തമായ ആഭ്യന്തര സമ്പദ്വ്യവസ്ഥയാണ്. ഇതായിരിക്കണം ഈ വർഷത്തെ പൊതുതെരഞ്ഞെടുപ്പിന്റെ ഫോക്കസ്. ചൈനയെ നോക്കൂ; ശക്തമായ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കണമെന്നത് അവരുടെ ആദ്യ ലക്ഷ്യമായിരുന്നു. ആ ലക്ഷ്യം നിറവേറിയപ്പോൾ തന്നെ ശക്തമായ സൈന്യവും പ്രതിരോധ സംവിധാനവും അവർക്കുണ്ടായി.
സാമ്പത്തിക വളർച്ച
മറ്റൊരു ഫോക്കസ് ഏരിയ സാമ്പത്തിക വളർച്ചാ നിരക്ക് മെച്ചപ്പെടുത്തുന്നതിലായിരിക്കണം. ജിഡിപി കണക്കുകളിന്മേലുള്ള അനിശ്ചിതം നീക്കാനായി പ്രമുഖരായ സാമ്പത്തിക ശാസ്ത്രജ്ഞരുടെ സഹായം തേടാം.
തൊഴിൽ
ഇന്ത്യ ഇന്ന് നേരിടുന്നതിൽ വെച്ച് അതീവ ഗുരുതരമായ പ്രശ്‍നങ്ങളിൽ ഒന്നാണ് തൊഴിലില്ലായ്മ. അർഹിക്കുന്ന ശ്രദ്ധ അതിന് ലഭിക്കുന്നില്ലെന്നതാണ് സത്യം. ഹൈ-സ്കൂൾ, കോളേജ് ബിരുദങ്ങൾ ഇവിടത്തെ ചെറുപ്പക്കാർക്ക് ജോലി നേടിക്കൊടുക്കുന്നില്ല എന്നുള്ളത് ആശങ്കയുളവാക്കുന്ന കാര്യമാണ്.
ഇന്ത്യയുടെ തൊഴിൽ വിപണി ഐഐഎം തുടങ്ങിയ പ്രമുഖ ഇൻസ്റ്റിട്യൂഷനുകളിൽ നിന്നുള്ളവരെ മാത്രമേ താല്പര്യപ്പെടുന്നുള്ളൂ. അതേസമയം, മറ്റുള്ളവരുടെ ഭാവി കഷ്ടത്തിലാകുകയാണ്. രാജ്യത്തെ തൊഴിലില്ലായ്മയിൽ വേണ്ടത്ര ഫോക്കസ് സർക്കാരുകൾ കൊടുക്കുന്നില്ല. റെയിൽവേയിലെ 90,000 ജോലികൾക്ക് 25 ദശലക്ഷം പേർ അപേക്ഷ നൽകുന്നു. നല്ല ജോലിക്കായുള്ള 'വിശപ്പ്' എത്രമാത്രമുണ്ടെന്ന് ഇതിൽനിന്ന് വായിച്ചെടുക്കാവുന്നതേയുള്ളൂ.
മേൽപ്പറഞ്ഞ കാര്യങ്ങൾ, അവയെ സംബന്ധിക്കുന്ന പ്രശ്നങ്ങൾ എന്നിവയെ പരിഹരിക്കാനായിരിക്കണം നാം വോട്ട് ചെയ്യേണ്ടതെന്നാണ് രാജൻ അഭിപ്രായപ്പെട്ടത്.
രാഹുലിന്റെ പദ്ധതിക്കുറിച്ച്
വിശദമായ വിവരങ്ങൾ ലഭിച്ചാലേ പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിവർഷം 72,000 രൂപയെന്ന രാഹുൽ ഗാന്ധിയുടെ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാനാകൂ. പാവപ്പെട്ടവരിലേക്കെങ്ങനെയെത്തും? മറ്റ് ആനുകൂല്യങ്ങൾ തിരിച്ചെടുത്തിട്ടാണോ ഇത് നടപ്പാക്കാൻ പോകുന്നത്? ഇക്കാര്യങ്ങളെല്ലാം അറിയേണ്ടതുണ്ട്?