ട്രംപിന്റെ പുതിയ അരുളപ്പാട്! $2,000 വീതം അക്കൗണ്ടിലേക്ക്; എന്താണ് പദ്ധതി? അമേരിക്കക്കാര്‍ കാത്തിരുന്നിട്ട് കാര്യമുണ്ടോ?

വ്യാപാര ചുങ്കം വഴിയുള്ള വരുമാനം ഉപയോഗിച്ച് അമേരിക്കക്കാര്‍ക്ക് 2,000 ഡോളര്‍ വീതം നല്‍കാന്‍ പോകുന്നുവെന്ന പ്രഖ്യാപനവുമായി ഡൊണള്‍ഡ് ട്രംപ്
An illustrated image of former US President Donald Trump, with a caricatured smile, standing in front of a banner that says ‘FREE MONEY! $2000 FOR ALL!’ The backdrop features dollar signs and bags of money, emphasizing a financial giveaway theme
AI Image created Using Gemini AIGemini AI
Published on

അങ്ങനെയിരിക്കുമ്പോള്‍ ട്രംപിന് ഓരോ വെളിപാട് ഉണ്ടാകും. അമേരിക്കക്കാര്‍ക്കും ആഗോള ജനങ്ങള്‍ക്കുമുള്ള അരുളപ്പാടായി അത് പുറത്തു വരും. ഞായറാഴ്ചയും അത്തരമൊരു അരുളപ്പാട് പുറത്തു വന്നു -വ്യാപാര ചുങ്കം വഴിയുള്ള വരുമാനം ഉപയോഗിച്ച് അമേരിക്കക്കാര്‍ക്ക് 2,000 ഡോളര്‍ വീതം നല്‍കാന്‍ പോകുന്നു.

അമേരിക്കന്‍ പ്രസിഡന്റ് എന്നാല്‍ ചുങ്കം പിരിവുകാരന്‍ എന്നാണ് അര്‍ഥമെന്ന് വൈറ്റ് ഹൗസില്‍ വീണ്ടും കയറിയ നാള്‍ മുതല്‍ ട്രംപ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. അത്തരം താരിഫുകള്‍ക്ക് എതിരു നില്‍ക്കുന്നവര്‍ വിഢികളാണെന്നാണ് ട്രംപിന് പറയാനുള്ളത്. അതായത്, അമേരിക്കയില്‍ ഫൂള്‍സിന് ഒട്ടും പഞ്ഞമില്ല!

ഈ ഫൂള്‍സിനടക്കം 2,000 ഡോളര്‍ കൊടുക്കാനാണ് ട്രംപ് ഒരുങ്ങുന്നത്. വരുമാനം കുറഞ്ഞവര്‍ക്കും മിഡില്‍ ക്ലാസ് ഫാമിലിക്കാര്‍ക്കുമെല്ലാം കൊടുക്കും. അതിസമ്പന്നര്‍ പക്ഷേ, ഈ കഞ്ഞി കണ്ടു പനിക്കേണ്ട. കാരണമുണ്ട്. താരിഫ് ഈടാക്കുന്നതില്‍ ബാക്കിയുള്ള തുകക്ക് വേറെ ആവശ്യമുണ്ട്. അമേരിക്കയുടെ കടം കുറച്ചു കൊണ്ടുവരാന്‍ അതു ചെലവാക്കും. കടം പെരുകി പെരുകി ശരിക്കും അതൊരു ദേശസുരക്ഷ പ്രശ്‌നമായി മാറിയിട്ടുണ്ടെന്ന് ട്രംപ് ഓര്‍മിപ്പിക്കുന്നു.

2,000 ഡോളര്‍ വീതം അക്കൗണ്ടിലേക്ക് ഇട്ടുകൊടുക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന്റെ ഗുട്ടന്‍സ് എന്താണ്? ഞായറാഴ്ച വെളിപാടിന് അഞ്ചു ദിവസം മുമ്പാണ് വിര്‍ജിനിയയിലും ന്യൂജഴ്‌സിയിലുമെല്ലാം ട്രംപിന്റ റിപ്പബ്ലിക്കന്‍ പാര്‍ട്ടി തോറ്റത്. ട്രംപ് ഒരു സാമ്പത്തിക വിദഗ്ധനാണെന്നല്ല, അമേരിക്കക്ക് ഒരു ബാധ്യതയാണെന്ന് കരുതുന്നവരുടെ എണ്ണം അവിടങ്ങളില്‍ കുടുതലത്രേ! ട്രംപ് വന്ന ശേഷം ജീവിത ചെലവ് കൂടി എന്നാണ് അവരുടെയെല്ലാം അനുഭവം. ഒരു 2,000 ഡോളര്‍ കൊടുത്താല്‍ അവരെല്ലാം ഒന്നു തണുക്കുമോ ആവോ?

ഞായറാഴ്ച വെളിപാടിന് വേറെയുമുണ്ട് കാരണം. വ്യാപാരച്ചുങ്കത്തിന്റെ ന്യായാന്യായങ്ങള്‍ സംബന്ധിച്ചൊരു അരുളപ്പാട് സുപ്രീംകോടതിയില്‍ നിന്ന് വരാനിരിക്കുന്നു. ഇതെന്തു ന്യായമെന്ന മട്ടില്‍ ഗുരുതരമായ സംശയങ്ങളാണ് ചുങ്കത്തിന്റെ കാര്യത്തില്‍ ഈയിടെ കോടതി പ്രകടിപ്പിച്ചത്. അമേരിക്കക്കാര്‍ക്കെല്ലാം 2,000 ഡോളര്‍ കൊടുക്കുമെന്നു പറഞ്ഞാല്‍ കോടതിക്ക് അതിലൊരു ന്യായം തോന്നിയാലോ?

വ്യാപാരച്ചുങ്കത്തില്‍ അമേരിക്കക്കാര്‍ക്ക് ലാഭവിഹിതമായി 2,000 രൂപ നല്‍കുമെന്ന അരുളപ്പാടല്ലാതെ വ്യക്തമായൊരു പദ്ധതിയൊന്നും രൂപപ്പെടുത്തിയിട്ടില്ല എന്നതു വേറെ കാര്യം. ഒരുപക്ഷേ, നികുതിയില്‍ ചില ഇളവുകളാകാം. വാഹന വായ്പയില്‍ ചില ആശ്വാസമാകാം -അങ്ങനെയൊക്കെ ചിന്തിച്ചു കൂട്ടുന്നതല്ലാതെ യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റിനു പോലും വെളിപാടിന്റെ കാര്യത്തില്‍ നിശ്ചയമില്ല.

2,000 ഡോളര്‍ വെച്ച വിതരണം ചെയ്യാന്‍ പുറപ്പെട്ടാന്‍ അമേരിക്കക്ക് പ്രതിവര്‍ഷം 60,000 കോടി ഡോളര്‍ (53 ലക്ഷം കോടിയോളം രൂപ) വേണ്ടിവരുമെന്നാണ് ഫെഡറല്‍ ബജറ്റ് നിര്‍വാഹണ സമിതിയുടെ ഒരു ഊഹക്കണക്ക്. രസം അവിടെയല്ല; താരിഫ് പിരിച്ചാല്‍ കിട്ടുന്നത് അതിന്റെ പകുതിയാണ്. യു.എസ്.എ ഡെയ്‌ലി ചൂണ്ടിക്കാട്ടുന്നത് അതാണ്.

എന്നു മുതലാണ് ഈ തുക വിതരണം ചെയ്യുന്നത്? ആര്‍ക്കറിയാം, എന്നാണ് ഉത്തരം. തമാശ അവിടെയും തീരുന്നില്ല. ആഗസ്റ്റിലും ഇത്തരമൊരു ലാഭവിഹിത പ്രഖ്യാപനം ട്രംപ് നടത്തിയിരുന്നു. അതിന്റെ കഥ എന്തായി എന്ന് അറിയില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ്. ചെലവു ചുരുക്കാനും സര്‍ക്കാറിന്റെ കാര്യശേഷി കൂട്ടാനും ട്രംപ് ഉണ്ടാക്കിയ DOGE ഡിപ്പാര്‍ട്ട്‌മെന്റ് വഴി ലാഭിക്കുന്ന തുകയില്‍ ഒരു പങ്ക് ട്രാന്‍സ്ഫര്‍ ചെയ്യുമെന്ന് നേരത്തെ ട്രംപ് ജനങ്ങള്‍ക്ക് വാഗ്ദാനം കൊടുത്തിരുന്നതാണ്. ഈ സമിതിയുടെ ഹെഢാഫീസ് ആയിരുന്ന ഇലോണ്‍ മസ്‌ക് ഇറങ്ങിപ്പോയ വഴി പുല്ലു മുളച്ചിട്ടില്ല. അന്നേരമാണ് മണി ട്രാന്‍സ്ഫര്‍!

നികുതി പിരിവില്‍ നിന്ന് ജനങ്ങള്‍ക്ക് ലാഭവിഹിതം വിതരണം ചെയ്യണമെങ്കില്‍ ട്രംപ് ചുമ്മാ പ്രഖ്യാപിച്ചാല്‍ പോരാ. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതി വേണം. ജനങ്ങള്‍ക്ക് നേരിട്ട് പണം കൊടുക്കാനൊന്നും പ്രസിഡന്റിന് അധികാരമില്ല. അമേരിക്കന്‍ കോണ്‍ഗ്രസിനാണ് ഖജനാവിന്റെ കാര്യത്തില്‍ അധികാരം. എന്തിനേറെ പറയണം; ട്രംപ് സിംഹാസനത്തിലിരിക്കേ ട്രഷറി പൂട്ടിയത് ട്രംപ് അറിഞ്ഞിരുന്നോ, ആവോ!

അമേരിക്കയില്‍ താന്‍ വിചാരിച്ചതിലേറെ വിഢികളുണ്ടെന്ന് ഏറ്റു പറഞ്ഞത് ട്രംപ് തന്നെയാണ്. ചുങ്കപ്പരിപാടിയെ എതിര്‍ക്കുന്നവരെ ഒന്നാകെ 'ഫൂള്‍സ്' എന്ന് വിളിച്ചത് പ്രസിഡന്റ് അവര്‍കള്‍ തന്നെയാണ്. 2,000 ഡോളര്‍ പുട്ടടിക്കാന്‍ കിട്ടുമെന്ന് അവരോട് പറയാനുള്ള ധൈര്യം പ്രസിഡന്റിന് വെറുതെ കിട്ടിയതല്ല. അവരെല്ലാം ഒത്തുപിടിച്ചാണല്ലോ ട്രംപ് വീണ്ടും പ്രസിഡന്റായത്!

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com