വിസ്മയം തുടരുമോ? ഭരണത്തിലും മുന്നണിയിലും വെല്ലുവിളികളുടെ നടുവിൽ മുഖ്യമന്ത്രി

തരംഗമായി മാറിയ ജനപ്രീതിക്ക് പിന്നാലെ വി.ഡി സതീശൻ സർക്കാരിന് മുന്നിലുള്ളത് കനത്ത സാമ്പത്തിക പ്രതിസന്ധിയും ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ കെണികളും.
V. D. Satheesan, Chief Minister of Kerala
V. D. Satheesan FB/ Image created with Chatgpt
Published on

ആകപ്പാടെ വിസ്മയം! സ്‌കോര്‍ ബോര്‍ഡില്‍ 102 തെളിഞ്ഞ ദിവസം തുടങ്ങിയ വിസ്മയങ്ങളാണ്. നന്നായി ചിരിക്കുകയും നന്നായി ഇടപഴകുകയും അടുപ്പം തോന്നിപ്പിക്കുകയും ചെയ്യുന്നൊരാള്‍ മുഖ്യമന്ത്രി കസേരയില്‍ വന്നതിന്റെ ആഹ്ലാദ-വിസ്മയങ്ങളിലാണ് കേരളം ഒന്നടങ്കം. മുഖ്യമന്ത്രി വി.ഡി സതീശന്‍ ചുണ്ട് കടിച്ചാലും കണ്ണിറുക്കിയാലും സോഷ്യല്‍ മീഡിയയില്‍ ജെന്‍സികള്‍ തീര്‍ക്കുന്ന വിസ്മയം, അത് വേറെ. യുഡിഎഫ് സര്‍ക്കാറിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ സില്‍വര്‍ ലൈനിന്റെ മഞ്ഞക്കുറ്റി പിഴുതെറിയാന്‍ അവസരം കിട്ടിയവര്‍, ആദ്യ മന്ത്രിസഭ യോഗം കഴിഞ്ഞപ്പോള്‍ തന്നെ 3,000 രൂപ പ്രതിമാസം കൂടുതല്‍ കിട്ടുന്ന ആശാ വര്‍ക്കര്‍മാര്‍, പ്രത്യേക വകുപ്പിലൂടെ പ്രത്യേക പരിഗണന കിട്ടിയ പ്രതീതിയുമായി വയോജനങ്ങള്‍, ബസില്‍ സൗജന്യ യാത്ര സ്വപ്നം കാണുന്ന വനിതകള്‍...

എല്ലാവരില്‍ നിന്നും നിറഞ്ഞ കയ്യടി.

മുഖ്യമന്ത്രിയെനിശ്ചയിക്കാന്‍ 11 ദിവസം വേണ്ടിവന്ന അനിശ്ചിതാവസ്ഥകളില്‍ നിന്ന്, ഭരണമാറ്റത്തിന്റെ ഫീല്‍ ആസ്വദിക്കുകയാണ് കേരളം. പിണറായി വിജയനില്‍ നിന്ന് വി.ഡി സതീശനിലേക്കുള്ള അധികാര മാറ്റത്തിന്റെ സവിശേഷതകള്‍ ചര്‍ച്ച ചെയ്യുകയാണ് കേരളം.

ഇതിനെല്ലാമിടയില്‍, ഒരിക്കല്‍ ഭരണത്തുടര്‍ച്ച കിട്ടിയതിന്റെ ഗരിമ നഷ്ടപ്പെട്ട് ഒരു നായകനും മുന്നണിയും മുന്‍പൊരിക്കലും നേരിടാത്ത ഒറ്റപ്പെടലില്‍.

ഈ 'ടെമ്പോ' എത്രനാള്‍?

ഒരു വലിയ ചോദ്യം അന്തരീക്ഷത്തില്‍ ഉയരുന്നുണ്ട്. ഇത്രമേല്‍ ജനപ്രിയനായി പടര്‍ന്നു പന്തലിക്കാന്‍ കഴിഞ്ഞ വി.ഡി സതീശനും അദ്ദേഹം നയിക്കുന്ന മന്ത്രിസഭക്കും ഈ 'ടെമ്പോ' ഒരു കുറവും വരാതെ എത്രനാള്‍ നിലനിര്‍ത്താന്‍ കഴിയും? വിസ്മയങ്ങള്‍ എന്നും പിറക്കുന്നവയല്ല. അധികാരത്തിന്റെ മധുവിധു മൂഡ് അഞ്ച് വര്‍ഷവും നിലനിര്‍ത്താന്‍ കഴിയുന്ന ഒന്നല്ല. മാധുര്യത്തിന്റെ തുടക്കം വിട്ട് ഭരണത്തിന് കയ്പുറ്റ യാഥാര്‍ത്ഥ്യങ്ങളിലേക്ക് ചുവടുവെക്കാതെ വയ്യ. 'പൂച്ച പെറ്റുകിടക്കുന്നൊരു ഖജനാവ്' മുതല്‍ ഏന്തിയും വലിഞ്ഞും ഓടുന്ന ആനവണ്ടി വരെ, സകലതിന്റെയും മുഖചിത്രം മാറ്റിയെടുത്തേ മതിയാവൂ.

പിണറായി വിജയനും സര്‍ക്കാറും പോയേ തീരൂ എന്നതില്‍ മാത്രം കേന്ദ്രീകരിച്ചു നിന്ന ബഹുഭൂരിപക്ഷം, അവിടവും കടന്ന്, പല പല നന്മകളും മാറ്റങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. ഭരണശൈലിയിലെ ചെറിയൊരു പോറല്‍ പോലും അവരെ നിരാശപ്പെടുത്തിക്കളയും. അമിത പ്രതീക്ഷകള്‍ക്കുള്ള ഒരു പ്രശ്നവും അതുതന്നെ. ഒരു ഭരണത്തോടുള്ള ജനരോഷത്തിന്റെ അകമ്പടിയോടെ പുതിയ സര്‍ക്കാറിന് അനുകൂലമായി കേരളത്തിന്റെ മണ്ണ് പരുവപ്പെട്ടു നില്‍ക്കുകയാണ്.

എന്നാല്‍ ആ 'ഹൈപ്'നിലനിര്‍ത്തിക്കൊണ്ട് പോവുകയെന്ന വലിയ വെല്ലുവിളിക്ക് മുന്നിലാണ് വി.ഡി സതീശനും അദ്ദേഹം നയിക്കുന്ന സര്‍ക്കാറും. അത് ഏറ്റവും കൂടുതല്‍ തിരിച്ചറിയുന്നതും ഒരുപക്ഷേ, വി.ഡി സതീശന്‍ തന്നെയാകും. സുന്ദര ഭരണവും കേരളവും സൃഷ്ടിച്ചെടുക്കാന്‍ അദ്ദേഹത്തിന്റെ പക്കല്‍ മാന്ത്രിക വടി വല്ലതുമുണ്ടോ?

ഭരണത്തിലെ ചുവടുകള്‍ നിര്‍ണായകം

ഭരണത്തിലും സ്വന്തം പാര്‍ട്ടിയിലും കേരള രാഷ്ട്രീയത്തിലും വെല്ലുവിളികളുടെ ഒത്ത നടുക്കാണ് മുഖ്യമന്ത്രി കസേരയിലെ വി.ഡി സതീശന്‍. ഒരു നിലക്കും അവഗണിക്കാന്‍ കഴിയാത്ത, അഭൂതപൂര്‍വമായ ജനാവേശമാണ് അദ്ദേഹത്തെ മുഖ്യമന്ത്രി കസേരയില്‍ ഇരുത്തിയത്. ജനകീയ മുഖത്തോടെ സര്‍ക്കാറിന്റെ ഹണിമൂണ്‍ കളറായി. ഇനിയങ്ങോട്ട് ഭരണത്തിന്റെ മുഖം നിര്‍ണയിക്കേണ്ട ചുവടുകളാണ് ഉണ്ടാകേണ്ടത്. യുഡിഎഫിന്റെ പ്രകടന പത്രികയിലെ ഓരോ ഇനങ്ങളും നടപ്പാക്കിത്തുടങ്ങണം.

സര്‍ക്കാറിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കുന്നത്, ധനപരമായ ഉത്തരവാദിത്ത നിര്‍വഹണത്തിന്റെ തുടക്കം മാത്രം. ഒരുപാട് അഭിലാഷങ്ങളുമായി നില്‍ക്കുന്ന ആബാലവൃദ്ധത്തിന് വേണ്ടി ദീര്‍ഘവീക്ഷണമുള്ള പ്രവര്‍ത്തന പദ്ധതികള്‍ മുന്നോട്ടുവെക്കുകയും അതിനൊത്ത വിഭവസമാഹരണത്തിന് വഴികണ്ടെത്തുകയും വേണം. പല രംഗങ്ങളിലും മറ്റ് സംസ്ഥാനങ്ങള്‍ക്ക് പിന്നിലായിപ്പോയ കേരളത്തെ മുന്‍നിരയിലേക്ക് വഴിനടത്തേണ്ടതുണ്ട്. കഴിഞ്ഞ സര്‍ക്കാറിന്റെ 'ജനവിരുദ്ധ' ശൈലിക്കും പദ്ധതികള്‍ക്കും ബദല്‍ മുന്നോട്ടു വെക്കേണ്ടതുണ്ട്. മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരാവുന്ന യുവതീയുവാക്കള്‍ കേരളത്തിലും മാന്യമായ ജീവിതം സാധ്യമാക്കുന്ന സാഹചര്യം ഉരുത്തിരിയുമോ എന്ന ആകാംക്ഷ നിറഞ്ഞ അന്വേഷണത്തിലാണ്. അങ്ങനെയങ്ങനെ, 10 വര്‍ഷത്തെ അസംതൃപ്ത കേരളത്തിന്റെ അഭിലാഷങ്ങള്‍ക്ക് നിറംപകരുക ഒട്ടും ചെറിയ കാര്യമല്ല. അതിന് കേന്ദ്ര സര്‍ക്കാറിന്റെ കൃപാകടാക്ഷങ്ങള്‍ക്ക് രാഷ്ട്രീയ പരിമിതികള്‍ ഏറെയുണ്ടെന്നും കൂട്ടിച്ചേര്‍ക്കാം.

തക്കം പാര്‍ക്കുന്നു, ഭൈമീകാമുകര്‍

ജനാഭിലാഷം മാനിക്കപ്പെട്ടെങ്കിലും, കോണ്‍ഗ്രസ് കൂടാരത്തില്‍ തന്നേക്കാള്‍ 'പിടി'യുള്ള ഭൈമീകാമുകന്മാര്‍ തക്കം പാര്‍ത്തുകഴിയുന്നു. ഉടനടിയല്ലെങ്കിലും ജനപ്രിയ മുഖ്യമന്ത്രിക്ക് ഏതെങ്കിലുമൊരു പാളിച്ച സംഭവിച്ചാല്‍ നേതൃമാറ്റമെന്ന ആവശ്യം പോലും ഉയര്‍ന്നെന്ന് വരാം. അത്രമേല്‍ കുശാഗ്രബുദ്ധിയുണ്ടായിരുന്ന കെ. കരുണാകരനും ആദര്‍ശത്തിന്റെ ആള്‍രൂപമെന്ന ലേബലുണ്ടായിട്ടും എ.കെ ആന്റണിക്കും കാലിടറി ക്ലിഫ് ഹൗസില്‍ നിന്ന് പെട്ടിയെടുക്കേണ്ടി വന്ന ചരിത്രമുണ്ട്.

അത്തരം കെണിയും സാഹചര്യവുമൊരുക്കാന്‍ പോന്ന വിരുതന്മാര്‍ എന്നുമുണ്ട് പാര്‍ട്ടിയിലും മുന്നണിയിലും. മുഖ്യമന്ത്രിക്കാകട്ടെ, ഇന്ന് അനുഭവിക്കുന്ന ജനപ്രിയത തുടര്‍ന്നും നില നിര്‍ത്തിക്കൊണ്ടു പോകാന്‍ അഴിമതി മുക്തവും സുതാര്യവും സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെടാത്തതും ദീര്‍ഘവീക്ഷണമുള്ളതുമായ ഭരണശൈലി ആവശ്യമാണ്. ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ കേരളത്തിലാണ് ഇത് നടത്തിയെടുക്കേണ്ടത് എന്നോര്‍ക്കണം.

അതേസമയം, പാര്‍ട്ടിയിലെയും മുന്നണിയിലെയും മന്ത്രിസഭയിലെയും നേതൃനിരയില്‍ എവിടെയുമുണ്ടാകുന്ന പാളിച്ചക്കും ജനങ്ങളോട് മറുപടി പറയാനുള്ള വലിയ ഉത്തരവാദിത്തം വി.ഡി സതീശന്‍ എന്ന മുഖ്യമന്ത്രിയില്‍ സ്വാഭാവികമായും വന്നുചേരും. അഥവാ, ഈ സര്‍ക്കാറിന്റെ പ്രതിഛായക്ക് ഏല്‍ക്കുന്ന ചെറു കളങ്കം പോലും വി.ഡി സതീശന് ഏല്‍പിക്കുന്ന പരിക്ക് മാരകമായിരിക്കും. സോഷ്യല്‍ മീഡിയക്ക് വൈറല്‍ പോലെ ബദല്‍ വൈറല്‍ സൃഷ്ടിക്കാനും ശേഷിയുണ്ട്.

അലാവുദ്ദീന്റെ അത്ഭുതവിളക്ക്

അധികാരത്തില്‍ നിന്ന് പുറന്തള്ളപ്പെട്ട സിപിഎമ്മും എല്‍ഡിഎഫും മാനം നഷ്ടപ്പെട്ട്, ഇനിയൊരു വീണ്ടെടുപ്പ് സാധ്യമാണോയെന്ന ചോദ്യത്തിന് മുന്നിലാണ്. പിണറായി വിജയന്റെ പിന്തുടര്‍ച്ചാവകാശിയെപ്പോലും കണ്ടെത്താന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല. പ്രതിപക്ഷ നേതാവായി അദ്ദേഹം തന്നെ തുടരുന്നത് അങ്ങനെയൊരാളെ കണ്ടെത്താന്‍ പ്രയാസം നേരിടുന്നത് കൊണ്ടാകണമെന്നില്ല. മറ്റൊരാള്‍ക്ക് വഴിയൊരുക്കാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടു കൂടിയാകാം.

ഇങ്ങനെയെല്ലാമായി എന്നുകരുതി, കേരളത്തിലെ ഏറ്റവും വലിയ ആസ്തികളുള്ള രാഷ്ട്രീയ പാര്‍ട്ടിയായ സിപിഎം കാലഹരണപ്പെട്ടുവെന്ന് എഴുതിത്തള്ളാറായില്ല. പുതിയ സര്‍ക്കാറിനെ കടന്നാക്രമിക്കാനും അതുവഴി ഉയിര്‍ത്തെഴുന്നേല്‍ക്കാനും അവസരം കാത്തുകഴിയുന്ന ഒരു പ്രതിപക്ഷമാണ് മുഖ്യമന്ത്രി വി.ഡി സതീശന് മുന്നില്‍. സാമുദായിക വേര്‍തിരിവിന്റെ മതിലുകള്‍ക്ക് കനം വെച്ചിരിക്കേ, സാമൂഹികാന്തരീക്ഷവും രാഷ്ട്രീയ അന്തരീക്ഷവും കലങ്ങാവുന്ന ഏതൊരു സാഹചര്യവും രൂപപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുള്ള സവിശേഷ ജാഗ്രതയും അദ്ദേഹത്തിന് ഉണ്ടായേ തീരൂ.

എല്ലാറ്റിലും ജനപിന്തുണയെന്ന അത്ഭുതവിളക്കാണ് ഈ അലാവുദ്ദീന്റെ കൈമുതല്‍. തന്റെ ജനപക്ഷ രാഷ്ട്രീയത്തില്‍ ഉറച്ചുനിന്നുകൊണ്ട് വേണം വെല്ലുവിളികളത്രയും വി.ഡി സതീശന്‍ തട്ടിയകറ്റാന്‍. ഇന്ന് വിസ്മയക്കാഴ്ചകള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന കേരളത്തിനാകട്ടെ, എന്നും പ്രതിപക്ഷ മനസുമാണ്. ശേഷം ഭാഗം സ്‌ക്രീനില്‍. 

(ധനം മാഗസീന്‍ 2026 ജൂണ്‍ 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌)

Chief Minister VD Satheesan rides a wave of immense popularity in Kerala, but sustaining this momentum amidst internal party rivalry, empty treasury, and a vigilant opposition remains a tightrope walk.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com