₹300 കോടിയുടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: എ.സി. മൊയ്തീനെ ചോദ്യം ചെയ്യാന്‍ ഇ.ഡി

തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കിലെ 300 കോടിയോളം രൂപയുടെ വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും സി.പി.എം എം.എല്‍.എയും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ എ.സി മൊയ്തീന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) നടത്തിയ 22 മണിക്കൂര്‍ നീണ്ട മാരത്തണ്‍ റെയ്ഡ് അവസാനിച്ചു.

ഇന്നലെ രാവിലെ 7ന് ആരംഭിച്ച റെയ്ഡ് ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് പൂര്‍ത്തിയായത്. പണം തിരിമറി തടയല്‍ നിയമത്തിന്റെ (PMLA) അടിസ്ഥാനത്തില്‍ എ.സി. മൊയ്തീന്റെ വസതിക്ക് പുറമേ തട്ടിപ്പില്‍ പങ്കാളികളെന്ന് കരുതുന്ന കണ്ണൂര്‍ സ്വദേശി സതീഷ്, സ്വര്‍ണ വ്യാപാരി അനില്‍ സേഠ് തുടങ്ങിയവരുടെ വീടുകളിലും റെയ്ഡ് നടന്നു.
സായുധ സേനയുമായി കൊച്ചിയില്‍ നിന്നുള്ള ഇ.ഡി സംഘമാണ് റെയ്ഡ് നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി എ.സി മൊയ്തീന്റെ 30 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും (FD) രണ്ട് ബാങ്ക് അക്കൗണ്ടുകളും ഇ.ഡി മരവിപ്പിച്ചുവെന്നാണ് വിവരം. ഈ എഫ്.ഡി കണക്കില്‍പ്പെടാത്തതാണെന്ന സംശയം ഇ.ഡിക്കുണ്ട്. ചോദ്യം ചെയ്യാനായി മൊയ്തീന് ഉടന്‍ ഇ.ഡി നോട്ടീസ് നല്‍കിയേക്കും.
തട്ടിപ്പിന്റെ വഴികള്‍
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സി.പി.എം നിയന്ത്രണത്തിലുള്ള ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് 300 കോടിയോളം രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. എ.സി. മൊയ്തീന്‍ സഹകരണ മന്ത്രിയായിരിക്കേ ഇതിന് കൂട്ടുനിന്നു എന്നാണ് ആരോപണം.
ബാങ്കിന്റെ മുന്‍ സെക്രട്ടറി ടി.ആര്‍. സുനില്‍ കുമാര്‍, മുന്‍ ശാഖാ മാനേജര്‍ ബിജു കരീം, സീനിയര്‍ അക്കൗണ്ടന്റ് ജില്‍സ്, അംഗം കിരണ്‍, കമ്മിഷന്‍ ഏജന്റ് എ.കെ. ബിജോയ്, ബാങ്കിന്റെ സൂപ്പര്‍മാര്‍ക്കറ്റ് അക്കൗണ്ടന്റ് റെജി അനില്‍ തുടങ്ങിയവര്‍ക്കെതിരെയുമാണ് അന്വേഷണം. ബിജോയിയുടെ 30 കോടി രൂപയോളം മതിക്കുന്ന സ്വത്ത് ഇ.ഡി കണ്ടുകെട്ടിയിരുന്നു.
എന്താണ് തട്ടിപ്പ്?
ബാങ്കില്‍ നിക്ഷേപിച്ച സാധാരണക്കാരുടെ ആസ്തിയുടെ പ്രമാണങ്ങള്‍ അവരറിയാതെ അനധികൃതമായി ഈടുവച്ച് ബാങ്കില്‍ അംഗമല്ലാത്തവര്‍ക്ക് കോടികളുടെ വായ്പ നല്‍കി പണം വെട്ടിച്ചുവെന്നാണ് കേസ്.

പലര്‍ക്കും വായ്പ അനുവദിക്കുന്നതില്‍ മന്ത്രി, പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിക്കേ എ.സി. മൊയ്തീന്‍ ഇടപെട്ടുവെന്നും കോടികളുടെ വായ്പ അനുവദിച്ച് തട്ടിപ്പ് നടത്തിയെന്നുമായിരുന്നു ആരോപണം. അനധികൃതമായി കോടികള്‍ വായ്പ നേടിയവര്‍ പലരും മന്ത്രിയുടെ ബിനാമികള്‍ ആയിരുന്നെന്നും ആരോപണമുണ്ട്. തുടര്‍ന്ന് 2021 ഓഗസ്റ്റില്‍ ഇ.ഡി അന്വേഷണം തുടങ്ങുകയായിരുന്നു.

25 കോടിയോളം രൂപ വായ്പ ലഭിച്ച നാലുപേര്‍ എ.സി. മൊയ്തീന്റെ ബിനാമികളാണെന്ന സംശയം ഇ.ഡിക്കുണ്ടായിരുന്നു. ഇത് സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഇ.ഡി റെയ്ഡ് നടത്തിയതെന്ന് അറിയുന്നു. രാഷ്ട്രീയക്കാരുടെ കള്ളപ്പണം വെളുപ്പിക്കാലാണ് ഇത്തരത്തില്‍ വായ്പ വിതരണം ചെയ്തതിലൂടെ നടന്നതെന്നാണ് ഇ.ഡി സൂചിപ്പിക്കുന്നത്.
റെയ്ഡ് ആസൂത്രിതമെന്ന് മൊയ്തീന്‍
ഇ.ഡിയുടെ മാരത്തണ്‍ റെയ്ഡ് ആസൂത്രിതമെന്നാണ് എ.സി. മൊയ്തീന്‍ പ്രതികരിച്ചത്. വായ്പാ വിതരണത്തില്‍ ഇടപെട്ടിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, എ.സി. മൊയ്തീനെതിരെ ഇ.ഡി പിടിമുറുക്കുന്നത് സി.പി.എമ്മിനെയും സംസ്ഥാന സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
ജീവനക്കാരും ഭരണ സമിതി അംഗങ്ങളും മാത്രമേ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ എന്ന് ചൂണ്ടിക്കാണിച്ച് കേസ് അവസാനിപ്പിക്കാനുള്ള സഹകരണ വകുപ്പിന്റെ നീക്കത്തിനാണ് മൊയ്തീന് എതിരെയുള്ള ഇ.ഡിയുടെ അന്വേഷണം തിരിച്ചടിയാകുന്നത്.
Related Articles
Next Story
Videos
Share it