Begin typing your search above and press return to search.
ബൈജുവിനെതിരെ കടുപ്പിച്ച് ഇ.ഡി; രാജ്യം വിടാതിരിക്കാന്‍ പുതിയ ലുക്ക് ഔട്ട് നോട്ടീസിന് നിര്‍ദേശം
സാമ്പത്തിക പ്രതിസന്ധിയാല്‍ നട്ടംതിരിയുന്ന പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപക സി.ഇ.ഒയും മലയാളിയുമായ ബൈജു രവീന്ദ്രനെതിരെ കടുത്ത നടപടികളിലേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബൈജു രവീന്ദ്രന്‍ രാജ്യം വിടാതിരിക്കാന്‍ പുതിയ ലുക്ക് ഔട്ട് സര്‍ക്കുലര്‍ (LOC/തെരച്ചില്‍ നോട്ടീസ്) ഇറക്കാന്‍ ബ്യൂറോ ഓഫ് ഇമ്മിഗ്രേഷനോട് ഇ.ഡി നിര്‍ദേശിച്ചുവെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇ.ഡിയുടെ നിര്‍ദേശപ്രകാരം നിലവില്‍ തന്നെ ബൈജുവിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലറുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഒന്നര വര്‍ഷം മുമ്പ് കൊച്ചിയിലെ ഇ.ഡി ഓഫീസിന്റെ നിര്‍ദേശ പ്രകാരമായിരുന്നു അത്. അന്വേഷണച്ചുമതല പിന്നീട് ഇ.ഡിയുടെ ബംഗളൂരു ഓഫീസിന് കൈമാറുകയായിരുന്നു.
അന്വേഷണം 'ഫെമ'യുടെ പേരില്‍
വിദേശ നാണയ വിനിമയ ചട്ടം (FEMA) ലംഘിച്ചത് സംബന്ധിച്ച അന്വേഷണമാണ് ഇ.ഡി ബൈജൂസിനെതിരെ നടത്തുന്നത്. അതേസമയം, ബൈജു രവീന്ദ്രന്‍ നിലവില്‍ ദുബൈയിലാണുള്ളതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടിലുണ്ട്. വൈകാതെ അദ്ദേഹം സിംഗപ്പൂരിലേക്കും തിരിക്കും. ജോലി സംബന്ധമായാണ് യാത്ര.
ബൈജൂസിലെ നിക്ഷേപകരുടെ താത്പര്യാര്‍ത്ഥമാണ് പുതിയ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാന്‍ ഇ.ഡി ശ്രമിക്കുന്നത്. അദ്ദേഹം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയാല്‍ പിന്നീട് രാജ്യം വിടാന്‍ പ്രയാസമായിരിക്കുമെന്നാണ് ഇ.ഡിയുടെ നീക്കങ്ങളിലൂടെ വ്യക്തമാകുന്നത്.
9,360 കോടിയുടെ തിരിമറി
ഫെമ ചട്ടം ലംഘിച്ച് 9,362 കോടി രൂപയുടെ തിരിമറി നടത്തിയെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞവര്‍ഷം നവംബറില്‍ ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണിനും ബൈജുവിനും ഇ.ഡി നോട്ടീസ് അയച്ചിരുന്നു. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ബൈജൂസിന്റെ ഓഫീസുകളിലും മറ്റും ഇ.ഡി റെയ്ഡും നടത്തിയിരുന്നു. വിദേശ പണമിടപാടുകള്‍ സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കാന്‍ ബൈജൂസിന് സാധിച്ചിട്ടില്ലെന്നും ഇ.ഡി ചൂണ്ടിക്കാട്ടിയിരുന്നു.
Next Story
Videos