ബോണ്ടുകളില്‍ വിദേശ നിക്ഷേപകര്‍ക്ക് ഇനി നികുതി ഭാരമില്ല; എം.എ യൂസഫലി ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്കും കൂടുതല്‍ അവസരമൊരുക്കി കേന്ദ്രവും ആര്‍ബിഐയും

വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ പ്രവാസി നിക്ഷേപ പരിധി ഉയര്‍ത്തുന്നത് ഉള്‍പ്പെടെ 5 നിര്‍ണായക പ്രഖ്യാപനങ്ങളാണ് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര നടത്തിയത്
Sanjay Malhotra, RBI Governor
Sanjay Malhotra, RBI GovernorImage Courtesy: X.com/UpscforAl
Published on

രാജ്യത്തെ ബോണ്ട് വിപണിയിലേക്ക് (Sovereign Debt Market) ആഗോള മൂലധനത്തിന്റെ വന്‍ ഒഴുക്ക് ലക്ഷ്യമിട്ട് നികുതി വ്യവസ്ഥകളില്‍ വന്‍ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ (G-Secs) നിക്ഷേപിക്കുന്ന വിദേശ നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശ വരുമാനത്തിന്മേലുള്ള നികുതിയും മൂലധന നേട്ട നികുതിയും (Capital Gains Tax) പൂര്‍ണ്ണമായും ഒഴിവാക്കി കേന്ദ്ര ധനമന്ത്രാലയം പുതിയ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. വരുമാനത്തിന്മേലുള്ള അറ്റാദായം പൂര്‍ണ്ണമായും നികുതിരഹിതമാക്കുന്ന ഇന്‍കം ടാക്‌സ് ഭേദഗതി ഓര്‍ഡിനന്‍സ് 2026 (Income Tax Amendment Ordinance, 2026) പ്രാബല്യത്തില്‍ വന്നതോടെ ആഗോള ഫണ്ടുകള്‍ക്ക് ഇന്ത്യന്‍ വിപണി കൂടുതല്‍ ആകര്‍ഷകമാകും.

രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം (Forex Reserves) 682.3 ബില്യണ്‍ ഡോളറെന്ന ഭദ്രമായ നിലയില്‍ എത്തിനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് വിദേശ നിക്ഷേപ നയങ്ങളില്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും ഒരേസമയം വിപ്ലവകരമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ നികുതി ഇളവുകള്‍ക്ക് 2026 ഏപ്രില്‍ 1 മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകും.

ലോംഗ് ടേം കാപ്പിറ്റല്‍ ഗെയിന്‍സ് ടാക്‌സ് പൂജ്യമാക്കി

വിദേശ സ്ഥാപന നിക്ഷേപകര്‍ക്ക് (FIIs/FPIs) മികച്ച നേട്ടം സമ്മാനിക്കുന്നതാണ് ധനമന്ത്രാലയത്തിന്റെ പുതിയ വിജ്ഞാപനം. സര്‍ക്കാര്‍ ബോണ്ടുകളിലെ ദീര്‍ഘകാല മൂലധന നേട്ട നികുതി (LTCG) 12.5 ശതമാനത്തില്‍ നിന്നും പൂജ്യം ശതമാനമായാണ് കേന്ദ്രം വെട്ടിക്കുറച്ചത്. ഇതോടൊപ്പം ഈ സെക്യൂരിറ്റികളില്‍ നിന്നുള്ള പലിശ വരുമാനത്തിന്മേല്‍ ഈടാക്കിയിരുന്ന 20 ശതമാനം വിത്ഹോള്‍ഡിംഗ് ടാക്‌സും (Withholding Tax) പൂര്‍ണ്ണമായി റദ്ദാക്കി. സെന്‍ട്രല്‍ ബാങ്കുകളുടെ അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനമായ ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സിനും (BIS) ഈ ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ നികുതിയിളവ് പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെയാണ് വിദേശ നിക്ഷേപകര്‍ക്കും പ്രവാസികള്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ട് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ധനനയത്തില്‍ പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയത്. വിദേശ നിക്ഷേപങ്ങളുടെ ഹ്രസ്വകാല പരിധികള്‍ നീക്കിയതും സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതി ഇളവുകളും ഒത്തുചേരുമ്പോഴുള്ള അനുകൂല സാഹചര്യം പൊതുകടം സമാഹരിക്കുന്ന പ്രക്രിയ കൂടുതല്‍ എളുപ്പമാക്കുമെന്നാണ് വിലയിരുത്തല്‍.

ആര്‍ബിഐ ഗവര്‍ണറുടെ 5 പ്രഖ്യാപനങ്ങള്‍

വിദേശ മൂലധനം ആകര്‍ഷിക്കാന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അഞ്ച് പ്രധാന നിര്‍ദ്ദേശങ്ങളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്:

സര്‍ക്കാര്‍ സെക്യൂരിറ്റികളിലെ ഇളവ്: ഫുള്ളി ആക്‌സസിബിള്‍ റൂട്ടിന് (FAR) കീഴിലുള്ള സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍, 15, 30, 40 വര്‍ഷത്തെ കാലാവധിയുള്ള ബോണ്ടുകളിലെ വിദേശ നിക്ഷേപ സാധ്യതകള്‍ വിപുലീകരിച്ചു. ജനറല്‍ റൂട്ടിന് കീഴിലുള്ള എഫ്.പി.ഐ (FPI) നിക്ഷേപങ്ങള്‍ക്കുള്ള ഹ്രസ്വകാല നിക്ഷേപം, കോണ്‍സെന്‍ട്രേഷന്‍, ഇന്‍ഡിവിജ്വല്‍ സെക്യൂരിറ്റികള്‍ എന്നിവയുമായി ബന്ധപ്പെട്ട പരിധികള്‍ നീക്കംചെയ്തു.

ഓഹരി വിപണി നിക്ഷേപം: പ്രവാസികള്‍ക്കും ഒസിഐകള്‍ക്കും സെബി രജിസ്‌ട്രേഷന്‍ ഇല്ലാതെ ഓഹരി വിപണിയില്‍ നിക്ഷേപിക്കാനുള്ള പരിധി കൂട്ടി. ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന വ്യക്തികൾക്ക് (Persons Resident Outside India - PROIs) പോർട്ട്‌ഫോളിയോ ഇൻവെസ്റ്റ്‌മെന്റ് സ്കീം വഴി ഇന്ത്യയിലെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഇക്വിറ്റി ഇൻസ്ട്രുമെന്റുകളിൽ നിക്ഷേപം നടത്താനും ഇനി അനുമതി ലഭിക്കും. ഇതുവരെ എൻ.ആർ.ഐ-കൾക്കും (NRIs) ഒ.സി.ഐ-കൾക്കും (OCIs) മാത്രം ലഭ്യമായിരുന്ന ഒരു സൗകര്യമാണിത്.

പുതുക്കിയ നിക്ഷേപ പരിധികളെക്കുറിച്ചും ഇത് നടപ്പിലാക്കുന്നതിനുള്ള ചട്ടക്കൂടുകളെക്കുറിച്ചുമുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ സെൻട്രൽ ബാങ്ക് പ്രത്യേകം പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിലെ ചട്ടക്കൂട് അനുസരിച്ച്, ഒരു എൻ.ആർ.ഐ അല്ലെങ്കിൽ ഒ.സി.ഐ വ്യക്തിക്ക് പോർട്ട്‌ഫോളിയോ ഇൻവെസ്റ്റ്‌മെന്റ് സ്കീം (PIS) വഴി ലിസ്റ്റ് ചെയ്ത ഒരു ഇന്ത്യൻ കമ്പനിയുടെ പെയ്ഡ്-അപ്പ് ഇക്വിറ്റി ക്യാപിറ്റലിന്റെ 5% വരെ നിക്ഷേപിക്കാം; അതേസമയം ഇത്തരം എല്ലാ നിക്ഷേപകരുടെയും ആകെ നിക്ഷേപം 10 ശതമാനമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ റിസർവ് ബാങ്ക്, വ്യക്തിഗത പരിധി 10 ശതമാനമായും ആകെ നിക്ഷേപ പരിധി 24 ശതമാനമായും ഉയർത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. ഈ സൗകര്യം ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന എല്ലാ വ്യക്തികൾക്കും (PROIs) ലഭ്യമാക്കും, ഇത് ഇന്ത്യൻ ഇക്വിറ്റികളിൽ നിക്ഷേപിക്കാൻ യോഗ്യരായ വിദേശ നിക്ഷേപകരുടെ എണ്ണം വർദ്ധിപ്പിക്കും. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയെ പോലുള്ള വ്യക്തികള്‍ക്ക് ഇന്ത്യന്‍ കമ്പനികളുടെ ഓഹരികളില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ഈ നീക്കം വഴിയൊരുക്കും.

ഫോറെക്‌സ് സ്വാപ്പ് സൗകര്യം: പൊതുമേഖലാ സ്ഥാപനങ്ങളുടെ വിദേശ വാണിജ്യ വായ്പകളെ (ECB) പ്രോത്സാഹിപ്പിക്കുന്നതിനായി കുറഞ്ഞ നിരക്കിലുള്ള ഫോറെക്‌സ് സ്വാപ്പ് സൗകര്യം 2026 സെപ്റ്റംബര്‍ 30 വരെ ലഭ്യമാക്കും.

FCNR (B) നിക്ഷേപങ്ങള്‍: വിദേശ കറന്‍സി നോണ്‍-റെസിഡന്റ് നിക്ഷേപങ്ങള്‍ 3 മുതല്‍ 5 വര്‍ഷത്തെ കാലാവധിയിലേക്ക് ആകര്‍ഷിക്കുന്നതിനായി ബാങ്കുകള്‍ക്ക് ഹെഡ്ജിംഗ് ചെലവുകള്‍ പൂര്‍ണമായി നികത്താനുള്ള സൗകര്യം സെപ്റ്റംബര്‍ 30 വരെ നല്‍കും.

കയറ്റുമതി വരുമാന പരിധി: കയറ്റുമതിയിലൂടെയുള്ള വരുമാനം തിരികെ നാട്ടിലെത്തിക്കുന്നതിനുള്ള സമയപരിധി ഒന്‍പത് മാസമായി പുനഃസ്ഥാപിച്ചു.

രൂപയുടെ മൂല്യത്തില്‍ അനാവശ്യ ഇടപെടലില്ല

ഇന്ത്യന്‍ രൂപയുടെ മൂല്യം വിപണിയിലെ ആവശ്യകതയ്ക്ക് അനുസരിച്ച് മാറാന്‍ അനുവദിക്കുന്ന നയമാണ് ആര്‍ബിഐ തുടരുന്നത്. രൂപയ്ക്ക് പ്രത്യേക നിരക്കോ പരിധിയോ നിശ്ചയിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു. എന്നാല്‍ ആഗോള അനിശ്ചിതത്വങ്ങള്‍ കാരണം വിപണിയില്‍ ഉണ്ടാകുന്ന അനാവശ്യമായ ഊഹാപോഹങ്ങളും അസ്ഥിരതയും തടയാന്‍ ആര്‍ബിഐ വിപണിയില്‍ കൃത്യമായി ഇടപെടും. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരമായ 682.3 ബില്യണ്‍ ഡോളര്‍ 11 മാസത്തെ ഇറക്കുമതിച്ചെലവുകള്‍ക്കും മൊത്തം ബാഹ്യ കടത്തിന്റെ (External Debt) 89.1 ശതമാനത്തിനും തുല്യമായതിനാല്‍ ബാഹ്യ വെല്ലുവിളികളെ ചെറുക്കാന്‍ ഇന്ത്യക്ക് കരുത്തുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ഇന്‍ഷുറന്‍സ് മേഖലയിലെ 100 ശതമാനം എഫ്ഡിഐ അനുമതി, എഥനോള്‍ ബ്ലെന്‍ഡിംഗ് പ്രോഗ്രാം, അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള എഫ്ഡിഐ നിയന്ത്രണങ്ങളിലെ ഇളവുകള്‍ എന്നിവയും വരുംദിവസങ്ങളില്‍ രാജ്യത്തിന്റെ ബാലന്‍സ് ഓഫ് പേയ്‌മെന്റ്‌സ് കൂടുതല്‍ ഭദ്രമാക്കുമെന്ന് ഗവര്‍ണര്‍ സൂചിപ്പിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com