Begin typing your search above and press return to search.
ഇന്ധനവിലയിലെ എക്‌സൈസ് നികുതി കുറച്ച് കേന്ദ്രതീരുമാനം; കേരളവും കുറച്ചെന്ന് ധനമന്ത്രി
പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവയില്‍ യഥാക്രമം 5 രൂപയും 10 രൂപയും വെട്ടിക്കുറയ്ക്കുന്നതായി ഇന്നലെയാണ് കേന്ദ്രതീരുമാനം പുറത്തുവന്നിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ വിലയിലും ഇത് പ്രകടമാകുമെന്ന് കേന്ദ്രം പ്രസ്താവനയില്‍ പറയുന്നു. എക്‌സൈസ് തീരുവയിലെ ഇളവുകള്‍ വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.
അതേസമയം സംസ്ഥാനങ്ങളും ഇന്ധന നികുതി കുറയ്ക്കണമെന്ന കേന്ദ്രനിര്‍ദേശം തള്ളി കേരളം. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കേന്ദ്രസര്‍ക്കാര്‍ കുറച്ചതിനെത്തുടര്‍ന്ന് കേരളവും ആനുപാതികമായി കുറച്ചെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. എന്നാല്‍ കേരളത്തിന്റെ ധനസ്ഥിതി പരിതാപകരമാണ്. അതിനാല്‍ തന്നെ സംസ്ഥാനം ചുമത്തുന്ന നികുതി കുറയ്ക്കുക പ്രായോഗികമല്ലെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഒരു ലിറ്റര്‍ ഡീസലിനും പെട്രോളിനും മേല്‍ 30 രൂപയിലധികം പ്രത്യേക നികുതിയും സെസും കേന്ദ്ര ഗവണ്‍മെന്റ് ചുമത്തിയിരുന്നു. സംസ്ഥാനങ്ങള്‍ക്ക് വീതം വെക്കേണ്ടതില്ലാത്ത ഈ നികുതിവരുമാനം പെട്രോളിയത്തിന്റെ അന്തര്‍ദേശീയ വില വ്യതിയാനങ്ങളുമായി ബന്ധമില്ലാതെ കേന്ദ്രം ചുമത്തുന്ന അധിക നികുതിയാണെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് പെട്രോളിനും ഡീസലിനും മേല്‍ ചെലുത്തിയിരുന്ന പ്രത്യേക എക്‌സൈസ് നികുതിയില്‍ ചെറിയ കുറവ് വരുത്താന്‍ കേന്ദ്ര ഗവണ്‍മെന്റ് തയ്യാറായത്. നിലവില്‍ ബിജെപി ഭരിക്കുന്ന 9 സംസ്ഥാനങ്ങളാണ് സംസ്ഥാനങ്ങള്‍ ചുമത്തുന്ന നികുതി (VAT) കുറച്ചിരിക്കുന്നത്.
ഉത്തര്‍പ്രദേശ് പെട്രോളിനും ഡീസലിനും ലീറ്ററിന് 12 രൂപ വീതം കുറച്ചു. അസം, ത്രിപുര, കര്‍ണാടക, ഗോവ, ഗുജറാത്ത്, മണിപ്പുര്‍ എന്നീ സംസ്ഥാനങ്ങള്‍ ലീറ്ററിന് 7 രൂപ വീതമാണ് കുറച്ചത്. ഉത്തരാഖണ്ഡ് രണ്ടു രൂപ കുറച്ചു. വാറ്റ് കുറയ്ക്കുമെന്ന് ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂര്‍ പ്രഖ്യാപിച്ചിരുന്നു.
Next Story
Videos