എന്താണ് ഫെഡ്‌ റേറ്റ് ? അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ തീരുമാനങ്ങള്‍ ഇന്ത്യയെ എങ്ങനെ ബാധിക്കും

നമ്മുടെ രാജ്യത്തെ റിസര്‍വ് ബാങ്കിന് (RBI) സമാനമായ യുഎസിലേ കേന്ദ്രബാങ്ക് ആണ് ഫെഡറല്‍ റിസര്‍വ് സിസ്റ്റം (us federal reserve). ആര്‍ബിഐയെ പോലെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുകയാണ് ഫെഡറല്‍ റിസര്‍വിന്റെയും ലക്ഷ്യം. കഴിഞ്ഞ മെയ്, ജൂണ്‍ മാസങ്ങളില്‍ രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ആര്‍ബിഐ റീപോ റേറ്റ് ഉയര്‍ത്തിയിരുന്നു.

ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വായ്പ നല്‍കുന്ന പലിശ നിരക്കാണ് റീപോ റേറ്റ്. പണ ലഭ്യതയെ നിയന്ത്രിച്ചുകൊണ്ട് രൂപയുടെ മൂല്യം സംരക്ഷിക്കാന്‍ ആര്‍ബിഐ ഉപയോഗിക്കുന്ന ധനനയ (monetary policy) മാര്‍ഗങ്ങളാണ് റീപോ റേറ്റും റിവേഴ്‌സ് റീപോ റേറ്റും. രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്നും പണം വായ്പയെടുക്കുമ്പോള്‍ ആര്‍ബിഐ നല്‍കുന്ന പലിശ നിരക്കാണ് റിവേഴ്‌സ് റീപോ.

ആര്‍ബിഐയുടെ റിപോ റേറ്റിന് സമാനമായ ഒരു ധനനയ മാര്‍ഗമാണ് യുഎസ് ഫെഡ് റേറ്റ്. ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി (FOMC) ആണ് ഫെഡ് റേറ്റ് തീരുമാനിക്കുന്നത്. വാണിജ്യ ബാങ്കുകള്‍ കടമെടുക്കാനും അവരുടെ അധിക കരുതല്‍ ധനം പരസ്പരം നല്‍കുന്നതുനുമുള്ള പലിശ നിരക്കാണ് ഫെഡ്‌റേറ്റ. വര്‍ഷത്തില്‍ എട്ട് തവണയാണ് എഫ്ഒഎംസി യോഗം ചേരുന്നത്.

മെയ് മാസം യുഎസിലെ പണപ്പെരുപ്പം 8.6 ശതമാനം എന്ന റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയതിനെ തുടര്‍ന്നാണ് ഇന്നലെ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയത്. 0.75 % ഉയര്‍ന്ന് 1.50-1.75 ശതമാനം ആയാണ് നിരക്ക് വര്‍ധിച്ചത്. 1994ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഈ വര്‍ഷം അവസാനത്തോടെ ഫേഡ്‌റേറ്റ് 3.4 ശതമാനം ആയേക്കുമെന്നാണ് വിലയിരുത്തല്‍.

ഫെഡ് റേറ്റ് ഉയരുന്നതോടെ ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തുകയും വിപണിയിലെ പണ ലഭ്യത കുറയുകയും ചെയ്യും. അതായത് വായ്പ എടുക്കാനുള്ള ചെലവ് കൂടും. ഇത് സാധന-സേവനങ്ങള്‍ വാങ്ങാനുള്ള ആളുകളുടെ കഴിവിനെ ബാധിക്കുകയും ഒടുവില്‍ ആവശ്യക്കാരുടെ എണ്ണം കുറയുകയും ചെയ്യും. ക്രമേണ പണപ്പരുപ്പം കുറയാന്‍ ഇത് കാരണമാവും.

1980-കളുടെ തുടക്കത്തില്‍ പണപ്പെരുപ്പത്തെ തുടര്‍ന്ന് ഫെഡ്‌റേറ്റ് 20 ശതമാനം വരെ ഉയര്‍ത്തിയിരുന്നു. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് 2007-2009 കാലയളവില്‍ നിരക്ക് 0% മുതല്‍ 0.25% വരെയായിരുന്നു.

ഇന്ത്യയെ എങ്ങനെ ബാധിക്കും

ഫെഡറല്‍ റിസര്‍വ് നിരക്ക് ഉയര്‍ത്തുമ്പോള്‍ ഇരുരാജ്യങ്ങളിലെയും പലിശ നിരക്കുകള്‍ തമ്മിലുള്ള വ്യത്യാസം കുറയും. അന്താരാഷ്ട്ര വ്യാപാരങ്ങള്‍ ഡോളറിലാണെന്നതിനാല്‍ ഡോളറിന്റെ മൂല്യം ഉയരുന്നതോടെ ഇന്ത്യയുടെ ഇറക്കുമതി ചെലവ് വര്‍ധിക്കും. ഇത് വിലക്കയറ്റത്തിലേക്ക് നയിക്കുകയുടം പണപ്പെരുപ്പം നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന നടപടികള്‍ക്ക് തടസമാവാനും സാധ്യതയുണ്ട്. ഫെഡ്‌റേറ്റ് ഉയരുമ്പോള്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ നിക്ഷേപങ്ങള്‍ പിന്‍വലിക്കും. യുഎസ് ഡെബ്റ്റ് മാര്‍ക്കറ്റില്‍ നിന്നുള്ള നേട്ടം ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപങ്ങളെ ബാധിക്കും.

Related Articles
Next Story
Videos
Share it