കയറ്റുമതിയിലും കേരളത്തിന് ക്ഷീണം; വിഹിതം ഒരു ശതമാനം പോലുമില്ല

ഇന്ത്യയില്‍ നിന്നുള്ള വാണിജ്യാധിഷ്ഠിത കയറ്റുമതിയില്‍ കേരളത്തിന്റെ വിഹിതം കുറയുന്നു. നടപ്പുവര്‍ഷം (2023-24) ഏപ്രില്‍-മേയ് കാലയളവില്‍ കേരളത്തില്‍ നിന്ന് 5,303.60 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു. 2022-23ലെ സമാനകാലത്തെ 5,718.40 കോടി രൂപയേക്കാള്‍ 7.25 ശതമാനം കുറവാണിത്.

ഇന്ത്യയില്‍ നിന്നുള്ള മൊത്തം കയറ്റുമതിയില്‍ 2021-22ല്‍ 1.09 ശതമാനം വിഹിതം കേരളത്തിനുണ്ടായിരുന്നു. ഇത് കഴിഞ്ഞ വര്‍ഷം (2022-23) 0.97 ശതമാനത്തിലേക്കും നടപ്പുവര്‍ഷം ഏപ്രില്‍-മേയില്‍ 0.93 ശതമാനത്തിലേക്കും കുറഞ്ഞുവെന്നും മന്ത്രാലയത്തിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2021-22നെ അപേക്ഷിച്ച് 2022-23ല്‍ കയറ്റുമതി വരുമാനം 2.81 ശതമാനം ഉയര്‍ന്നെങ്കിലും
വിഹിതം
കുറയുകയായിരുന്നു. 2021-22ല്‍ 34,158.08 കോടി രൂപയായിരുന്നു കേരളത്തിന്റെ കയറ്റുമതി വരുമാനം. 2022-23ല്‍ ഇത് 35,177.23 കോടി രൂപയായാണ് ഉയര്‍ന്നത്.
എറണാകുളം മുന്നില്‍, രണ്ടാംസ്ഥാനത്ത് ആലപ്പുഴ
സംസ്ഥാനത്തിന്റെ വാണിജ്യ തലസ്ഥാനമെന്ന വിശേഷണമുള്ള എറണാകുളത്ത്‌ നിന്നാണ് നടപ്പുവര്‍ഷം ഏപ്രില്‍-മേയില്‍ ഏറ്റവുമധികം കയറ്റുമതി നടന്നത്; 2,963.78 കോടി രൂപ.
723.56 കോടി രൂപയുമായി ആലപ്പുഴ ജില്ലയാണ് രണ്ടാംസ്ഥാനത്ത്. 280.76 കോടി രൂപ നേടി കൊല്ലം മൂന്നാമതാണ്. പാലക്കാട് (251.54 കോടി രൂപ), തൃശൂര്‍ (226.77 കോടി രൂപ), തിരുവനന്തപുരം (216.41 കോടി രൂപ) എന്നിവയാണ് യഥാക്രമം തൊട്ടുപിന്നാലെയുള്ളത്. കോഴിക്കോട് നിന്ന് 191.67 കോടി രൂപയുടെയും കോട്ടയത്ത് നിന്ന് 126.88 കോടി രൂപയുടെയും വയനാട് നിന്ന് 99.45 കോടി രൂപയുടെയും കയറ്റുമതി നടന്നു.
മലപ്പുറം (92.38 കോടി രൂപ), കണ്ണൂര്‍ (63.73 കോടി രൂപ), ഇടുക്കി (46.92 കോടി രൂപ), പത്തനംതിട്ട (13.32 കോടി രൂപ), കാസര്‍ഗോഡ് (6.30 കോടി രൂപ) എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ കണക്കെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
കേരളത്തിന്റെ ഉത്പന്നങ്ങള്‍
നാഫ്ത, പെട്രോളിയം ഉത്പന്നങ്ങള്‍, കുഞ്ഞുങ്ങളുടെ വസ്ത്രങ്ങള്‍ എന്നിവയാണ് എറണാകുളം പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. വനാമി ചെമ്മീനും സമുദ്രോത്പന്നങ്ങളും കയര്‍-കയറുത്പന്നങ്ങളുമാണ് ആലപ്പുഴയുടെ കയറ്റുമതി. മൂല്യവര്‍ദ്ധിത സ്വര്‍ണം, കോട്ടണ്‍, അരി എന്നിവയാണ് മലപ്പുറത്ത് നിന്നുള്ളത്.
ഇടുക്കിയില്‍ നിന്ന് തേയില, ഏലം, കുരുമുളക് എന്നിവയും കണ്ണൂരില്‍ നിന്ന് കോട്ടണും ലിനനും കശുവണ്ടിയും മൂല്യവര്‍ദ്ധിത സ്വര്‍ണവും കാസര്‍ഗോഡ് നിന്ന് കശുവണ്ടിയും മാമ്പഴവും എ.സി ജനറേറ്ററുകളും കയറ്റി അയക്കുന്നു. ചെമ്മീനും മത്സ്യങ്ങളും കശുവണ്ടിയും ടൈറ്റാനിയം ഡയോക്‌സൈഡുമാണ് കൊല്ലത്തിന്റെ ഉത്പന്നങ്ങള്‍.
കാപ്പി, മാറ്റുകള്‍, റബര്‍, റബറുത്പന്നങ്ങള്‍ എന്നിവ കോട്ടയത്ത് നിന്ന് കയറ്റുമതി ചെയ്യുന്നു. മൂല്യവര്‍ദ്ധിത സ്വര്‍ണം, വാഴപ്പഴം, കോട്ടണ്‍, സ്റ്റീല്‍ എന്നിവയാണ് കോഴിക്കോട്ട് നിന്നുള്ളത്. പാലക്കാട്ട് നിന്ന് അരിയും വനാമി ചെമ്മീനും നാളികേരവും പത്തനംതിട്ടയില്‍ നിന്ന് പച്ചക്കറികളും മെഡിക്കല്‍ ഉപകരണങ്ങളും തിരുവനന്തപുരത്ത് നിന്ന് വാഴപ്പഴവും കരകൗശല വസ്തുക്കളും ഗര്‍ഭനിരോധന ഉറകളും കയറ്റുമതി ചെയ്യുന്നു. മത്സ്യം, അരി, സ്വര്‍ണാഭരണങ്ങള്‍, ടയര്‍ എന്നിവയാണ് തൃശൂരിന്റെ പങ്ക്. വയനാട്ടില്‍ നിന്നുള്ളത് കാപ്പിയും തേയിലയും ബസ്മതി അരിയും.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it