കയറ്റുമതി നിലവാര സൂചികയില്‍ കേരളം കൂടുതല്‍ പുറകിലേക്ക്‌

2020ലെ 10ല്‍ നിന്ന് 19ലേക്ക് റാങ്കിടിഞ്ഞു; തീരദേശ സംസ്ഥാനങ്ങളില്‍ കേരളം ഏറ്റവും പിന്നില്‍
Cashew, Spices, Export
Image : Canva
Published on

കയറ്റുമതിക്ക് ഏറ്റവും മികച്ച അടിസ്ഥാനസൗകര്യവും പ്രോത്സാഹനവും നല്‍കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തിന് കനത്ത റാങ്കിംഗ് തകര്‍ച്ച. നീതി ആയോഗ് (Niti Aayog) തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഒട്ടുമിക്ക സൂചകങ്ങളിലും കേരളത്തിന്റെ സ്‌കോറും റാങ്കും കുറഞ്ഞു.

ദേശീയതലത്തില്‍ 2020ല്‍ 54.11 പോയിന്റുമായി പത്താം സ്ഥാനത്തായിരുന്നു കേരളം. 2022ല്‍ സ്‌കോര്‍ 44.03ലേക്കും റാങ്ക് 19ലേക്കും ഇടിഞ്ഞു. 80.89 സ്‌കോറുമായി തമിഴ്‌നാടാണ് ഒന്നാമത്. മഹാരാഷ്ട്ര (78.20), കര്‍ണാടക (76.36), ഗുജറാത്ത് (73.22), ഹരിയാന (63.65) എന്നിവയാണ് ഏറ്റവും മുന്നില്‍ യഥാക്രമമുള്ള മറ്റ് 4 സംസ്ഥാനങ്ങള്‍. 11.30 സ്‌കോറുമായി ലക്ഷദ്വീപാണ് ഏറ്റവും പിന്നില്‍.

തീരദേശ സംസ്ഥാനങ്ങളില്‍ ഏറ്റവും പിന്നില്‍

തീരദേശ സംസ്ഥാനങ്ങളില്‍ ഇക്കുറി കേരളത്തിന് സ്ഥാനം ഏറ്റവും പിന്നില്‍. 8 സംസ്ഥാനങ്ങളാണ് തീരദേശ (Coastal) ശ്രേണിയിലുള്ളത്. എട്ടാമതാണ് കേരളം. 2020ല്‍ 6-ാം സ്ഥാനമായിരുന്നു. തമിഴ്‌നാടാണ് ഒന്നാമത്. മഹാരാഷ്ട്ര രണ്ടാമതും.

ദക്ഷിണേന്ത്യയില്‍ ആന്ധ്ര മാത്രം പിന്നില്‍

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തമിഴ്‌നാട് ഒന്നാമതെത്തിയപ്പോള്‍ കര്‍ണാടക രണ്ടും തെലങ്കാന മൂന്നും സ്ഥാനങ്ങളിലാണ്. കേരളം നാലാമതാണ്. ആന്ധ്രാപ്രദേശ് അഞ്ചാമതും.

സര്‍വ സൂചികകളിലും ഇടിവ്

കയറ്റുമതി മികവും കയറ്റുമതിക്കാര്‍ക്ക് നല്‍കുന്ന പ്രോത്സാഹനവും അടിസ്ഥാന സൗകര്യങ്ങളും പരിഗണിച്ചാല്‍ 2020നെ അപേക്ഷിച്ച് കേരളത്തിന് വലിയ ക്ഷീണമാണുള്ളത്. കയറ്റുമതി നയത്തില്‍ 2020ല്‍ 74.77 സ്‌കോറുമായി പത്താമതായിരുന്നു കേരളം. ഇക്കുറി സ്‌കോര്‍ 83.75 ആയി ഉയര്‍ന്നെങ്കിലും മറ്റ് സംസ്ഥാനങ്ങള്‍ കൂടുതല്‍ മികവ് പുലര്‍ത്തിയതിനാല്‍ റാങ്ക് 20ലേക്ക് ഇടിഞ്ഞു.

മികച്ച പ്രവര്‍ത്തനാന്തരീക്ഷം (Business Ecosystem) അടിസ്ഥാനമായുള്ള പട്ടികയില്‍ 31.99 സ്‌കോറുമായി ഇത്തവണ കേരളം 25-ാമതാണ്. 2020ല്‍ റാങ്ക് പത്ത്, സ്‌കോര്‍ 56.23 എന്നിങ്ങനെയായിരുന്നതാണ് ഇക്കുറി കൂപ്പുകുത്തിയത്.

മികച്ച കയറ്റുമതി അന്തരീക്ഷം (Export Ecosystem) ഒരുക്കുന്നതില്‍ 26.99 സ്‌കോറുമായി 18-ാം സ്ഥാനത്തായിരുന്ന കേരളം ഇക്കുറിയുള്ളത് 40.09 സ്‌കോറുമായി 21-ാം സ്ഥാനത്ത്. കയറ്റുമതി പ്രകടനത്തില്‍ (Export Performance) 56.30 സ്‌കോറുമായി 2020ല്‍ കേരളം നാലാമതായിരുന്നു. ഇത്തവണ റാങ്ക് 22ലേക്ക് ഇടിഞ്ഞു. സ്‌കോര്‍ വെറും 25.66.

കേരളവും കയറ്റുമതിയും

മൊത്തം 400 കോടി ഡോളറിന്റെ (32,800 കോടി രൂപ) കയറ്റുമതിയാണ് 2021-22ല്‍ കേരളം നടത്തിയതെന്ന് നീതി ആയോഗ് ചൂണ്ടിക്കാട്ടുന്നു. 23.36 ശതമാനം വിഹിതവുമായി എറണാകുളമാണ് ഏറ്റവുമധികം പങ്കുവഹിച്ച ജില്ല.

ആഭരണങ്ങള്‍, കശുവണ്ടി, കൊഞ്ച്, ചെമ്മീന്‍, കൂന്തല്‍, മറ്റ് മത്സ്യങ്ങള്‍, വ്യോമ ഇന്ധനം (എ.ടി.എഫ്), കുഞ്ഞുങ്ങളുടെ വസ്ത്രങ്ങള്‍, തുണിത്തരങ്ങള്‍ (Textile Material), സുഗന്ധവ്യഞ്ജനങ്ങള്‍, പെട്രോളിയം അനുബന്ധ ഉത്പന്നങ്ങള്‍ എന്നിവയാണ് കേരളം പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.

കേരളം ഒഴികെയുള്ള എല്ലാ തീരദേശ സംസ്ഥാനങ്ങളിലും കയറ്റുമതി ഉത്പന്നങ്ങളില്‍ ആഗോള നിലവാരം പുലര്‍ത്താനായി പബ്ലിക് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍ പിന്തുണയുണ്ടെന്നു  നീതി ആയോഗ് പറയുന്നു. കയറ്റുമതിക്ക് വ്യാപാര നിര്‍ദേശങ്ങളോ (Trade Guide) കയറ്റുമതി പ്രോത്സാഹന മേഖലയോ (Export promotion zone) ഇല്ലാത്തതും കേരളത്തിന്റെ സ്‌കോറും റാങ്കും കുറയാനിടയാക്കിയിട്ടുണ്ട്.

കയറ്റുമതി അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ ദേശീയ ശരാശരി സ്‌കോര്‍ 67.42 ആണ്. തീരദേശ സംസ്ഥാനങ്ങളില്‍ 91.49. കേരളത്തിന്റെ സ്‌കോര്‍ 78.26 ആണ്. കര്‍ണാടക, ആന്ധ്ര എന്നിവയ്ക്ക് 98ന് മുകളിലാണ് സ്‌കോര്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com