

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബദല്‍ നികുതി നയം ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയെ ബാധിക്കുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്. ഈ വര്‍ഷം 3.5 ശതമാനം വരെ കയറ്റുമതിയില്‍ ഇടിവ് വരുമെന്നാണ് കണക്കാക്കുന്നത്. അതേ സമയം, മറ്റു മാര്‍ഗങ്ങളിലൂടെ ഈ ഇടിവിനെ മറികടക്കാന്‍ ഇന്ത്യക്ക് കഴിയുമെന്ന് എസ്ബിഐ റിസര്‍ച്ചിന്റെ പുതിയ റിപ്പോര്‍ട്ടില്‍ ചൂണ്ടികക്കാട്ടുന്നു.
അലുമിനിയം, സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയുടെ പുതിയ നികുതി ഇന്ത്യയെ കാര്യമായി ബാധിക്കില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഉല്‍പ്പന്നങ്ങളില്‍ ഇന്ത്യയുടെ വാണിജ്യ കമ്മി വളരെ കുറവാണ്. യുഎസിലേക്കുള്ള അലുമിനിയം കയറ്റുമതിയില്‍ ഇന്ത്യ മുന്നിലാണെങ്കിലും ഇന്ത്യയുടെ വിപണി സാന്നിധ്യം 2.8 ശതമാനത്തിലേക്ക് കുറഞ്ഞിരുന്നു. പുതിയ വിപണികള്‍ കണ്ടെത്തി ഈ പ്രതിസന്ധിയെ ഇന്ത്യക്ക് മറികടക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
വിവിധ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകള്‍ ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് സഹായകമാണ്. യുഎഇ. ഓസ്‌ട്രേലിയ, മൗറീഷ്യസ് എന്നീ രാജ്യങ്ങളുമായി 13 വ്യാപാര കരാറുകള്‍ ഇന്ത്യ ഒപ്പു വെച്ചിട്ടുണ്ട്. യുകെ, കാനഡ, യൂറോപ്യന്‍ യൂണിയന്‍ എന്നിവരുമായി പുതിയ കരാറിന്റെ ചര്‍ച്ചയിലാണ്. ഇതെല്ലാം മികച്ച രീതിയില്‍ ഉപയോഗിക്കാനായാല്‍ അമേരിക്കന്‍ ചുങ്കത്തിന്റെ ആഘാതത്തെ മറികടക്കാനാകും.
യൂറോപ്പില്‍ നിന്ന് മിഡില്‍ ഈസ്റ്റ് വഴി അമേരിക്കയിലേക്കുള്ള വിതരണ ശൃംഖലയും ഇന്ത്യക്ക് ഗുണം ചെയ്യും. ഉല്‍പ്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണം, മൂല്യവര്‍ധന, പുതിയ വ്യാപാര പാത കണ്ടെത്തല്‍ എന്നിവയിലൂടെ ഇന്ത്യന്‍ കയറ്റുമതിക്ക് നേട്ടം കൈവരിക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine