തിരഞ്ഞെടുപ്പ് 'ചൂട്' കഠിനം! കേരളത്തോട് മുഖംതിരിച്ച് സഞ്ചാരികള്‍; ടൂറിസം മേഖലയ്ക്ക് നഷ്ടക്കച്ചവടം

കേരളത്തിലെ ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയായി ചുട്ടുപൊള്ളുന്ന ചൂടും രണ്ടുമാസം നീളുന്ന പൊതു തിരഞ്ഞെടുപ്പും. ഏപ്രില്‍-മെയ് മാസങ്ങള്‍ കേരളത്തിലേക്ക് ഉത്തരേന്ത്യ വിനോദസഞ്ചാരികള്‍ ഒഴുകിയെത്തുന്ന സമയമാണ്. എന്നാല്‍, ഇത്തവണ കാര്യങ്ങള്‍ അത്ര പന്തിയല്ല. താരതമ്യേന ചൂടുകുറഞ്ഞ മൂന്നാറിലേക്ക് പോലും സഞ്ചാരികള്‍ കാര്യമായി എത്താത്ത സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്.
ചുട്ടുപൊള്ളിക്കുന്ന ചൂടാണ് ആഭ്യന്തര സഞ്ചാരികളുടെ വരവിലെ പ്രധാന വില്ലനെങ്കില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത് പ്രതിസന്ധി വര്‍ധിപ്പിച്ചു. ഉത്തരേന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ഒന്നിലേറെ ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ്. സര്‍ക്കാര്‍ ജോലിക്കാര്‍ ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് ചുമതലകളുടെ തിരക്കിലായതോടെ കുടുംബയാത്രകള്‍ പലരും റദ്ദാക്കിയിട്ടുണ്ട്.
കടുത്ത ചൂടും ഉയര്‍ന്ന വിമാന ടിക്കറ്റും
പ്രകൃതിഭംഗിയും കാലാവസ്ഥയും ആസ്വദിക്കുകയെന്നതാണ് ഉത്തരേന്ത്യന്‍ സഞ്ചാരികളുടെ കേരളത്തിലേക്കുള്ള വരവിന്റെ പ്രധാന ലക്ഷ്യം. എന്നാല്‍ ഫെബ്രുവരി മുതല്‍ ചൂട് കനത്തതോടെ പലരും കേരളത്തിന് പകരം ഊട്ടിയും കൊടൈക്കനാലും ഉള്‍പ്പെടെയുള്ള തണുപ്പ് കൂടിയ സ്ഥലങ്ങളിലേക്ക് യാത്ര മാറ്റി. മൂന്നാര്‍ ഉള്‍പ്പെടെ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം ടൂറിസ്റ്റുകളുടെ വരവില്‍ 30-40 ശതമാനം കുറവുണ്ടായിട്ടുണ്ട്.

ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്ഡേറ്റുകളും ലഭിക്കാന്‍ അംഗമാകൂ: വാട്സ്ആപ്പ്, ടെലഗ്രാം

2023ല്‍ 2.18 കോടി ആഭ്യന്തര സഞ്ചാരികള്‍ കേരളത്തില്‍ എത്തിയിരുന്നു. 2022ലേക്കാള്‍ 15.92 ശതമാനം കൂടുതലായിരുന്നു ഇത്. ഇത്തവണ പക്ഷേ എണ്ണത്തില്‍ വലിയ ഇടിവുണ്ടാകുമെന്ന് ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ആകര്‍ഷകമായ കാലാവസ്ഥ ഉണ്ടായിരുന്നിട്ടുപോലും മൂന്നാറിലെ ഹോംസ്‌റ്റേകളും ഹോട്ടലുകളും തിരക്കൊഴിഞ്ഞ അവസ്ഥയിലാണ്.

ഹോട്ടല്‍ മേഖലയിലും സഞ്ചാരികളുടെ വരവ് പ്രതിഫലിക്കുന്നുണ്ട്. വാരാന്ത്യങ്ങളില്‍ മുറികള്‍ക്ക് ഡിമാന്‍ഡ് ഉണ്ടെങ്കിലും മറ്റ് ദിവസങ്ങളില്‍ 40 ശതമാനത്തോളം മുറികളും ഒഴിഞ്ഞു കിടക്കുകയാണ്. കോഴിക്കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം ഇതുതന്നെയാണ് അവസ്ഥ.
ചൂടിനൊപ്പം വിമാന ടിക്കറ്റ് നിരക്കുകള്‍ വര്‍ധിച്ചതും ഉത്തരേന്ത്യന്‍ സഞ്ചാരികളെ കേരളത്തിലേക്ക് വരുന്നതില്‍ നിന്ന് പിന്നോട്ടടിക്കുന്നുണ്ട്. മുറികള്‍ ബുക്ക് ചെയ്തിരുന്ന പലരും അത് റദ്ദാക്കുന്നത് വര്‍ധിച്ചിട്ടുണ്ടെന്ന് ഹോംസ്‌റ്റേ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നു. കേരളത്തിലേക്ക് വരുന്ന ആഭ്യന്തര യാത്രക്കാരില്‍ കൂടുതലും ഗുജറാത്തില്‍ നിന്നുള്ളവരാണ്. അവിടെ പൊതുതിരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തില്‍ മെയ് ഏഴിനാണ് നടക്കുന്നത്.
കേരളത്തിലേക്ക് വരാന്‍ പദ്ധതിയിട്ടിരുന്ന പലരും വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം യാത്ര മതിയെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തില്‍ നല്ലൊരു പങ്ക് ബുക്കിംഗുകളും പുനക്രമീകരിച്ചിട്ടുണ്ടെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നു. മഴയെത്തിയതോടെ ചൂട് കുറയുന്നത് ടൂറിസം മേഖലയ്ക്ക് ശുഭകരമാകുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്തുള്ളവര്‍.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it