ജൂവല്‍റികളില്‍ തിരക്ക്, സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടുന്നു

വിവാഹാവശ്യങ്ങള്‍ക്ക് പുറമേ നിക്ഷേപമായും സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം കൂടുന്നു. പഴയ ആഭരണങ്ങള്‍ മാറ്റിവാങ്ങാനും തിരക്ക്
ജൂവല്‍റികളില്‍ തിരക്ക്, സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടുന്നു
Published on

ഇന്ത്യയില്‍ സ്വര്‍ണാഭരണങ്ങള്‍ക്കുള്ള ഡിമാന്‍ഡ് ഇക്കഴിഞ്ഞ ഡിസംബറില്‍ നിന്ന് വ്യത്യസ്തമായി ഈ മാസം 10 മുതല്‍ 20 ശതമാനം വരെ ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്വര്‍ണത്തിന്റെ വിലയില്‍ ഉണ്ടായ കുറവും കോവിഡ് 19ന് തടയിടാനുള്ള വാക്‌സിന്‍ കൊടുക്കാന്‍ ആരംഭിച്ചതും 2020ല്‍ മാറ്റിവച്ച പല വിവാഹങ്ങളും ഈ വര്‍ഷം ആദ്യ മാസങ്ങളില്‍ തന്നെ നടക്കുമെന്നുള്ളതും ഡിമാന്‍ഡ് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

വടക്കേ ഇന്ത്യയില്‍, ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ ധാരാളം വിവാഹ ചടങ്ങുകളുടെ തീയതികള്‍ ഉണ്ട്. കേരളത്തിലാകട്ടെ വിവാഹ സീസണ്‍ തുടങ്ങി കഴിഞ്ഞു. ഇത് ഇവിടെയും ആഭരണങ്ങളുടെ ആവശ്യം കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്.

കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള അനിശ്ചിതത്വവും താരിഫുകളുമായി ബന്ധപ്പെട്ട് യുഎസും ചൈനയും തമ്മിലുള്ള ബന്ധം വഷളായതും കാരണം 2020 ഓഗസ്റ്റില്‍ സ്വര്‍ണം ഗ്രാമിന് 5,250 രൂപ എന്ന റെക്കോര്‍ഡ് വിലയിലേക്കു ഉയര്‍ന്നിരുന്നു.

എന്നാല്‍, ഓഗസ്റ്റിന് ശേഷം സ്വര്‍ണ വില 13 ശതമാനത്തിനുമേല്‍ താഴുകയുണ്ടായി. ഒരു ഗ്രാമിന് 4,551 രൂപയും പവന് 36,408 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ സ്വര്‍ണ വില.

''ഞങ്ങളുടെ എല്ലാ ഷോറൂമുകളിലും വലിയ തിരക്കാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അനുഭവപ്പെടുന്നത്,'' തൃശൂര്‍ ആസ്ഥാനമായുള്ള ജോസ് ആലുക്കാസ് ഗ്രൂപ്പിന്റെ മാര്‍ക്കറ്റിംഗ് വിഭാഗം ധനം ഓണ്‍ലൈനോട് പറഞ്ഞു. എന്നാല്‍ ഇത് വിവാഹ സീസണുമായി ബന്ധപ്പെട്ട തിരക്ക് മാത്രമാണ് എന്ന് ഇവര്‍ കരുതുന്നില്ല.

''2019 ജനുവരിയില്‍ ഇപ്പോള്‍ കാണുന്നത്രയും തിരക്ക് ഞങ്ങള്‍ കണ്ടില്ല. പൊതുവെ സ്വര്‍ണം ഒരു നിക്ഷേപം എന്ന നിലയിലും ആള്‍ക്കാര്‍ ഇപ്പോള്‍ വാങ്ങുന്നുണ്ട്. ഇതും ഇപ്പോഴത്തെ ഡിമാന്‍ഡ് വര്‍ധനവിന് കാരണമായിട്ടുണ്ട്,'' ഇവര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ജനുവരിയില്‍ സ്വര്‍ണത്തിന്റെ വില ഗ്രാമിന് 3,200 - 3,300 രൂപ എന്ന നിലവാരത്തിലായിരുന്നു.

എന്നാല്‍ പൊതുജനങ്ങളുടെ കൈയ്യിലുള്ള 916 സ്റ്റാന്‍ഡേര്‍ഡ് ഹാള്‍മാര്‍ക്ക് ഇല്ലാത്ത സ്വര്‍ണം ഭാവിയില്‍ വില്‍ക്കാന്‍ കഴിയില്ല എന്ന നിലയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളും ഇപ്പോഴുള്ള ഡിമാന്‍ഡിനു കാരണമായി പലരും പറയുന്നുണ്ട്. ''ധാരാളം ആള്‍ക്കാര്‍ തങ്ങളുടെ കൈയ്യിലുള്ള പഴയ സ്വര്‍ണാഭരണങ്ങള്‍ മാറ്റി 916 ഹാള്‍മാര്‍ക്ക് ഉള്ള ആഭരണങ്ങള്‍ വാങ്ങാന്‍ വരുന്നുന്നുണ്ട്,'' തിരുവനന്തപുരത്തുള്ള ആലപ്പാട്ട് ഫാഷന്‍ ജ്വല്ലറിയുടെ മാനേജര്‍ പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനം ഇല്ലാത്തതാണെന്ന് കണ്‍സ്യൂമര്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന അഡ്വ ആന്റണി വര്‍ഗീസ് പറയുന്നു. ''ഈ നിബന്ധന ജ്വല്ലറികള്‍ വില്‍ക്കുന്ന സ്വര്‍ണത്തിന് മാത്രമാണ് ബാധകമാകുക. പൊതുജനങ്ങള്‍ക്ക് 916 സ്റ്റാന്‍ഡേര്‍ഡ് ഹാള്‍മാര്‍ക്ക് ഇല്ലാത്ത ആഭരണം മാറ്റി വാങ്ങുവാന്‍ ഭാവിയിലും തടസ്സമുണ്ടാവില്ല. അത്തരം സ്വര്‍ണത്തിന്റെ മൂല്യം ഈ നിബന്ധന കാരണം കുറയുന്നില്ല.''

ഇതിനിടയില്‍ വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ജനുവരി 14ന് പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നത് നിലവിലെ കുറഞ്ഞ പലിശനിരക്ക് സ്വര്‍ണം പോലുള്ള നിക്ഷേപത്തിലേക്കു തിരിയാന്‍ ലോകമെമ്പാടും ആള്‍ക്കാരെ പ്രേരിപ്പിച്ചേക്കാം എന്നാണ്.

ഇപ്പോള്‍ സ്വര്‍ണം വാങ്ങാന്‍ പറ്റിയ അവസരമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 'വില ഇപ്പോള്‍ ഏറക്കുറെ സ്ഥിരമായി നില്‍ക്കുന്നത് സ്വര്‍ണം വാങ്ങാന്‍ അവസരങ്ങള്‍ തരുന്നുണ്ട്,' റിപ്പോര്‍ട്ട് പറയുന്നു. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്.

കോവിഡിനെ തുടര്‍ന്ന് സ്വര്‍ണ്ണത്തിന്റെ ആഗോള ഡിമാന്‍ഡ് 2020 ജൂലൈ - സെപ്റ്റംബര്‍ പാദത്തില്‍ മുന്‍വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ചു 19 ശതമാനം ഇടിഞ്ഞു 892.3 ടണ്ണായി കുറഞ്ഞിരുന്നു. 2009ലെ മൂന്നാം െ്രെതമാസത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന െ്രെതമാസ കണക്കാണിത്.

കഴിഞ്ഞ വര്‍ഷത്തെ മൂന്നാം പാദത്തില്‍ സ്വര്‍ണത്തിന്റെ മൊത്തത്തിലുള്ള ഡിമാന്‍ഡ് കുറഞ്ഞുവെങ്കിലും നിക്ഷേപ ആവശ്യകതയില്‍ ഗണ്യമായ വളര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ പി ആര്‍ സോമസുന്ദരം പറയുന്നത് രാജ്യത്തു ഇപ്പോള്‍ കാണുന്നത് കോവിഡ് 19നെ തുടര്‍ന്ന് പിടിച്ചുവയ്ക്കപ്പെട്ട ഡിമാന്‍ഡ് പുറത്തു വരുന്നതാണ്. ''ഗാര്‍ഹിക, സാമൂഹിക കാരണങ്ങള്‍ ആകാം ഇതിനു കാരണം,'' അദ്ദേഹം പറയുന്നു.

എന്നാല്‍, ഒരു ദീര്‍ഘകാല നിക്ഷേപം എന്ന നിലയില്‍ ഇപ്പോള്‍ സ്വര്‍ണം വാങ്ങുന്നത് തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ കമ്മോഡിറ്റി വിഭാഗം മേധാവി ഹരീഷ് വി ധനം ഓണ്‍ലൈനോട് പറഞ്ഞു.

''കോവിഡ് 19നെ തുടര്‍ന്നുള്ള അനിശ്ചിതാവസ്ഥയാണ് സ്വര്‍ണ വില കഴിഞ്ഞ വര്‍ഷം കുത്തനെ കൂടാന്‍ ഇടയാക്കിയത്. റഷ്യന്‍ വാക്‌സിന്‍ ഇറങ്ങിയതിനെ തുടര്‍ന്ന് വില താഴാന്‍ തുടങ്ങി. സാമ്പത്തികമായി ഒരു തിരിച്ചു വരവിന് ലോകം തയ്യറെടുക്കുകയാണ്. ഇതിന്റെ സൂചനകള്‍ ചൈനയിലും മറ്റും കാണുന്നുണ്ട്,'' ഹരീഷ് പറഞ്ഞു.

എന്നാല്‍ ഡോളര്‍ പഴയ നിലവാരത്തിലേക്ക് എത്താന്‍ സമയമെടുത്തേക്കാം എന്ന് ഹരീഷ് പറയുന്നു. ''അമേരിക്കയിലെ പുതിയ ഗവണ്മെന്റ് അവരുടെ കോവിഡ് സാമ്പത്തിക പാക്കേജ് എപ്രകാരം നടപ്പാക്കുന്നു എന്നത് എല്ലാവരും ആകംക്ഷയോടെ ഉറ്റുനോക്കുന്നുണ്ട്,'' ഹരീഷ് കൂട്ടിച്ചേര്‍ത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com