കര്‍ഷകര്‍ സമരം അവസാനിപ്പിച്ചു : എല്ലാ ആവശ്യങ്ങളും കേന്ദ്രം അംഗീകരിച്ചുവെന്ന് കര്‍ഷക സംഘടന

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ നവംബര്‍ മുതല്‍ ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകര്‍ നടത്തി വരുന്ന സമരം പിന്‍വലിച്ചു. ഫാര്‍മേഴ്‌സ് യൂണിയന്‍ മുന്നോട്ട് വെച്ച എല്ലാ ആവശ്യങ്ങളും രേഖാമൂലം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണിതെന്ന് സംഘടന പറയുന്നു.

സമരപന്തലുകള്‍ കര്‍ഷകര്‍ തന്നെ പൊളിച്ചു മാറ്റാന്‍ തുടങ്ങിയിട്ടുണ്ട്. ഡിസംബര്‍ 11 ഓടെ എല്ലാവരും അവരവരുടെ വീടുകളിലേക്ക് മടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.
'ഇപ്പോള്‍ സമരം അവസാനിപ്പിക്കുകയാണ്. ജനുവരി 15 ന് ഒരു റിവ്യൂ മീറ്റിംഗ് നടത്തും. സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചില്ലെങ്കില്‍ വീണ്ടും സമരം ആരംഭിക്കും' സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തിനു ശേഷം കര്‍ഷക നേതാവ് ഗുര്‍നാം സിംഗ് ചരുണി അറിയിച്ചു. 32 ഓളം കര്‍ഷക സംഘടനകളുടെ കൂട്ടായ്മയാണ് സംയുക്ത കിസാന്‍ മോര്‍ച്ച.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ഡെല്‍ഹിയിലേക്ക് നടന്ന കര്‍ഷകരുടെ മാര്‍ച്ചിനു ശേഷം തുടങ്ങിയ സമരം ഇന്ന് 378 -ാം ദിവസത്തിലാണ്.
സമരക്കാര്‍ക്കെതിരെ എടുത്ത കേസുകള്‍ ഉപാധികളില്ലാതെ പിന്‍വലിക്കുന്നതടക്കം കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ എല്ലാം സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഇന്നു ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ച യോഗം സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. മുതിര്‍ന്ന അഞ്ച് കര്‍ഷക നേതാക്കളടങ്ങുന്ന സംഘം ഇന്നലെ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഒരു വര്‍ഷത്തിലേറെ നീണ്ടു സമരത്തിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ നേതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍, വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിക്കുകയും ഡിംസബര്‍ ആദ്യം പ്രസിഡന്റ് അതിന് അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. അതിനു ശേഷവും കര്‍ഷകര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം തുടരുകയായിരുന്നു.



Related Articles
Next Story
Videos
Share it