

നെല്ലു സംഭരണത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പതിവ് പല്ലവി ആവര്‍ത്തിക്കുന്നു. ഇത്തവണയും ഒന്നാം വിള നെല്ലിന്റെ പണം ലഭിക്കാതെ കേരളത്തിലെ നെല്‍ കര്‍ഷകര്‍ വലയുകയാണ്. സംസ്ഥാന സിവില്‍ സര്‍വീസ് കോര്‍പ്പറേഷന്‍ മുഖേന കര്‍ഷകരുടെ നെല്ല് കൊണ്ടു പോയിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും പണം നല്‍കിയിട്ടില്ല. വിഷുവിന് മുമ്പെങ്കിലും പണം ലഭിക്കുമെന്ന പ്രതീക്ഷയും ഇപ്പോള്‍ കര്‍ഷകര്‍ക്കില്ല. കേരളത്തിലെ കര്‍ഷകര്‍ക്ക് ഇത്തവണ വിഷു പ്രാരാബ്ദങ്ങളുടേതാകും. കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത 57,000 നെല്‍ കര്‍ഷകരുണ്ട്.
ഒന്നാം വിളക്ക് കേരളത്തിലെ 57,000 കര്‍ഷകരില്‍ നിന്നായി 1.45 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് സപ്ലൈകോ സംഭരിക്കുന്നത്. പാലക്കാട് ജില്ലയിലെ പാടശേഖരങ്ങളില്‍ ഒന്നാം വിള കൊയ്ത്ത് ഫെബ്രുവരി മുതലാണ് തുടങ്ങിയത്. മാര്‍ച്ച് അവസാനത്തോടെ ഏറെകുറെ പൂര്‍ത്തിയായി. സപ്ലൈകോ അംഗീകരിച്ച സ്വകാര്യമില്ലുകള്‍ നെല്ല് സംഭരിച്ച് കൊണ്ടു പോകുകയും ചെയ്തു.
കര്‍ഷകര്‍ക്ക് ബാങ്കില്‍ നിന്ന് പണം ലഭിക്കാനുള്ള പിആര്‍എസ് (paddy receipt sheet) സപ്ലൈകോ നല്‍കിയിട്ടുണ്ടെങ്കിലും ഇത് സ്വീകരിക്കാന്‍ ബാങ്കുകള്‍ തയ്യാറാകുന്നില്ല. മാര്‍ച്ചിന് മുമ്പുള്ള പിആര്‍എസില്‍ പണം നല്‍കാത്തതാണ് കാരണം. മാത്രമല്ല, നെല്ലിന്റെ പണം നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ സപ്ലൈകോയുടെ വാക്കാല്‍ നിര്‍ദേശമുണ്ടെന്നാണ് ബാങ്ക് ജീവനക്കാര്‍ കര്‍ഷകരോട് പറയുന്നത്.
നെല്ലിന്റെ വില വായ്പയായാണ് ബാങ്കുകള്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത്. സര്‍ക്കാരാണ് ഗ്യാരണ്ടി. സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലാത്തതിനാല്‍ ബാങ്കുകളുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണിത്. വായ്പ നല്‍കാന്‍ ബാങ്കിന് കാത്തിരിക്കേണ്ടതില്ല എന്നിരിക്കെ പണം നല്‍കുന്നത് നീട്ടികൊണ്ടു പോകുന്നത് ശരിയല്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. വായ്പ സര്‍ക്കാര്‍ പലിശ സഹിതം പിന്നീട് തിരിച്ചടക്കുന്നതാണ്. പലപ്പോഴും വായ്പാ തിരിച്ചവ് വൈകുന്നത് കര്‍ഷകരുടെ സിബില്‍ സ്‌കോറിനെ പ്രതികൂലമായി ബാധിക്കുന്നുമുണ്ട്.
ഇത്തവണ കേരളത്തിലെ കര്‍ഷകര്‍ക്ക് ഒന്നാം വിളയില്‍ നിന്ന് പ്രതീക്ഷിച്ച വരുമാനം ലഭിച്ചിട്ടില്ല. വിളവ് കുറഞ്ഞതും കൊയ്ത്ത് സമയത്ത് വേനല്‍ മഴ ശക്തമായതും തിരിച്ചടിയായി. ഏക്കറില്‍ നിന്ന് രണ്ട് ടണിന് മുകളില്‍ നെല്ല് ലഭിച്ചിരുന്ന പാടങ്ങളില്‍ ഒന്നര ടണിന് താഴെയാണ് വിളവ്. കിലോക്ക് 28.20 രൂപയാണ് സപ്ലൈകോ നെല്ലിന് നല്‍കുന്നത്. പൊതു വിപണിയില്‍ 23 രൂപയാണ്.
വിളവ് കുറഞ്ഞത് കര്‍ഷകരുടെ വരുമാനത്തിലും ഇടിവുണ്ടാക്കി. മഴ പെയ്ത് നനഞ്ഞതോടെ വൈക്കോലിനും ഡിമാന്റ് കുറഞ്ഞു. മില്‍മക്ക് വേണ്ടി വൈക്കോല്‍ സംഭരിച്ചിരുന്നത് കെട്ടിന് 90-100 രൂപ കണക്കിലാണ്. ഇത്തവണ വൈക്കോല്‍ മഴയില്‍ നശിച്ചതോടെ കര്‍ഷകര്‍ക്ക് ഇത് വില്‍ക്കാനായിട്ടില്ല. ഒരു ഏക്കറില്‍ നിന്ന് ശരാശരി ലഭിക്കേണ്ട 7,000 രൂപ വരെയാണ് നഷ്ടമായത്.
Read DhanamOnline in English
Subscribe to Dhanam Magazine