എല്ലാപരിധികളും ലംഘിച്ച് ട്വിറ്റര്‍; ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് മേല്‍ കുരുക്ക് മുറുകുമോ?

കര്‍ഷകസമരത്തിന് ആക്കം കൂട്ടുന്ന സോഷ്യല്‍മീഡിയ ക്യാമ്പെയിനിന് പിന്തുണ നല്‍കിയ ട്വിറ്ററിന് തുടര്‍ച്ചയായുള്ള താക്കീത് നല്‍കുന്നുണ്ടെങ്കിലും ഫലത്തില്‍ വരുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിനാല്‍ തന്നെ സര്‍ക്കാര്‍ ട്വിറ്റര്‍ ഇന്ത്യയ്ക്ക് എതിരായുള്ള നടപടികള്‍ ശക്തമാക്കിയേക്കും. ട്വീറ്റുകള്‍ 'തീവ്രവികാരമുണര്‍ത്തുന്ന' പോസ്റ്റുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ട്വിറ്റര്‍ ഇന്ത്യയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് ദേശീയ റിപ്പോര്‍ട്ടുകള്‍.

കര്‍ഷകരെ കൂട്ടക്കൊല ചെയ്യുന്നെന്ന ഹാഷ്ടാഗിലുള്ള ട്വീറ്റുകള്‍ നീക്കം ചെയ്യണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. ഐടി നിയമത്തിനുകീഴിലുള്ള 69എ വകുപ്പു വച്ചാണ് കേന്ദ്രം ട്വിറ്ററിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആഗോള കമ്പനിയായ ട്വിറ്ററിന്റെ പൊതുവായുള്ള നിയമങ്ങള്‍ എന്ത് തന്നെയായാലും ഇന്ത്യന്‍ നിയമത്തിനു കീഴിലുള്ള നിയന്ത്രണങ്ങളെ ട്വിറ്റര്‍ ഇന്ത്യ പാലിക്കാന്‍ ബാധ്യസ്ഥരാണ് എന്നതാണ് കേന്ദ്രത്തിന്റെ നിലപാട്.
'ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥിതിക്ക് ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കാന്‍ ട്വിറ്റര്‍ ബാധ്യസ്ഥരാണ്. അതില്‍ വിട്ടുവീഴ്ച ഉദിക്കുന്നില്ല. കേന്ദ്രത്തിന്റെ തീരുമാനത്തില്‍ എന്തെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടായാല്‍ നിയമവഴി സ്വീകരിക്കാം. ഉത്തരവ് ഉടനടി പ്രാബല്യത്തിലാക്കണം. 1012 ദിവസങ്ങള്‍ക്കുശേഷമാണ് നടപ്പാക്കുന്നതെങ്കില്‍ അത് ഉത്തരവ് അനുസരിക്കലായി തോന്നില്ല' മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ സര്‍ക്കാരിന്റെ ആവശ്യപ്രകാരമുള്ള മുഴുവന്‍ അക്കൗണ്ടുകളും നീക്കം ചെയ്യാനാവില്ലെന്ന നിലപാടാണ് ട്വിറ്റര്‍ സ്വീകരിച്ചിരിക്കുന്നത്. ഒരു സോഷ്യല്‍മീഡിയ ഉപാധി എ്‌ന നിലയില്‍ തങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നും ട്വിറ്റര്‍ വ്യക്തമാക്കി. മോണിക് മെക്കെ, ജിം ബേക്കര്‍ തുടങ്ങിയ ട്വിറ്റര്‍ ഉദ്യോഗസ്ഥരുമായി കേന്ദ്ര ഐടി സെക്രട്ടറി അജയ് പ്രകാശ് സാവ്‌നെ നടത്തിയ ചര്‍ച്ചയിലും ഇത്തരം അക്കൗണ്ടുകളെ മാധ്യമ സ്വാതന്ത്ര്യമെന്നോ ആവിഷ്‌കാര സ്വാതന്ത്ര്യമെന്നോ കണക്കാക്കേണ്ടതില്ലെന്നും തീവ്രവികാരം ഉണര്‍ത്താന്‍ ഉതകുന്നവയായി കണക്കാക്കിയാല്‍ മതിയെന്നുമാണ് ആവശ്യപ്പെട്ടത്.
#ModiPlanningFarmerGenocide എന്ന ഹാഷ്ടാഗിലുള്ള 257 ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടിട്ട് 126 അക്കൗണ്ടുകളാണ് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തത്. സര്‍ക്കാരിന്റെ പട്ടികയില്‍ കാരവന്‍ മാഗസിന്‍ (@thecaravanindia), സിപിഎം നേതാവ് മുഹമ്മദ് സലിം (@salimdotcomrade), ആക്ടിവിസ്റ്റ് ഹന്‍സ്രാജ് മീണ (@HansrajMeena), കിസാന്‍ ഏകതാ മോര്‍ച്ച (@Kisanektamorcha), ബികെയു ഏകതാ ഉഗ്രഹന്‍ (@Bkuektaugrahan) എന്നിവയും ഉണ്ടായിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രൊഫൈല്‍ വിസിറ്റ് ചെയ്യാനുള്ള അനുവാദവും പല അക്കൗണ്ടുകളില്‍ നിന്നും മാറ്റിയിരുന്നു. അതേസമയം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച ഖലിസ്ഥാനി, പാക്കിസ്ഥാനി ബന്ധമുള്ള 1178 ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് ഉടന്‍ വിലക്കണമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതില്‍ വെറും 583 എണ്ണം മാത്രമേ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിട്ടുള്ളൂ. ട്വിറ്ററിന്റെ ഇത്തരം പ്രവണതകള്‍ കൊണ്ട് തന്നെയാണ് പുതിയ നടപടികള്‍ എടുക്കാന്‍ സര്‍ക്കാര്‍ മുതിരുന്നത്.



Related Articles
Next Story
Videos
Share it