

വാഹനങ്ങളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ ഫാസ്ടാഗ് വഴിയുള്ള ശരാശരി പ്രതിദിന വരുമാനം 100 കോടിയിലെത്തിയതായി റോഡ് ഗതാഗത, ദേശീയപാത, എംഎസ്എംഇ മന്ത്രി നിതിന്‍ ഗഡ്കരി.
'2021 മാര്‍ച്ച് 16 വരെ മൂന്ന് കോടിയിലധികം ഫാസ്റ്റ് ടാഗുകള്‍ നല്‍കിയിട്ടുണ്ട്. ഫാസ്റ്റ് ടാഗ് വഴിയുള്ള പ്രതിദിന ശരാശരി ഫീസ് ശേഖരണം 2021 മാര്‍ച്ച് 1 മുതല്‍ 2021 മാര്‍ച്ച് 16 വരെ 100 കോടിയില്‍ കൂടുതലാണ്' അദ്ദേഹം രാജ്യസഭയില്‍ രേഖാമൂലം അറിയിച്ചു.
ഫെബ്രുവരി 15 അര്‍ധരാത്രി മുതലാണ് കേന്ദ്ര സര്‍ക്കാര്‍ ഫാസ്റ്റ് ടാഗുകള്‍ നിര്‍ബന്ധമാക്കിയത്. കൂടാതെ ഫാസ്ടാഗ് ഘടിപ്പിക്കാത്ത ഏത് വാഹനത്തിനും രാജ്യത്തുടനീളമുള്ള ഇലക്ട്രോണിക് ടോള്‍ പ്ലാസകളില്‍ ഇരട്ടി ടോളും പിഴയായി ഈടാക്കുന്നുണ്ട്.
കേന്ദ്ര മോട്ടോര്‍ വെഹിക്കിള്‍സ് റൂള്‍സ് 1989 ലെ ഭേദഗതിയിലൂടെ 2021 ജനുവരി 1 മുതല്‍ എല്ലാ എം, എന്‍ കാറ്റഗറി മോട്ടോര്‍ വാഹനങ്ങളിലും ഫാസ്റ്റ് ടാഗ് ഘടിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
കാറ്റഗറി 'എം' എന്നത് യാത്രക്കാരെ കയറ്റാന്‍ ഉപയോഗിക്കുന്ന കുറഞ്ഞത് നാല് ചക്രങ്ങളുള്ള ഒരു മോട്ടോര്‍ വാഹനത്തെയാണ് സൂചിപ്പിക്കുന്നത്. കാറ്റഗറി 'എന്‍' എന്നത് കുറഞ്ഞത് നാല് ചക്രങ്ങളെങ്കിലുമുള്ള സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന വാഹനങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇവ ചരക്കുകള്‍ക്ക് പുറമെ വ്യക്തികളെയും വഹിച്ചേക്കാം.
ഡിജിറ്റല്‍ മോഡ് വഴി ഫീസ് പേയ്മെന്റ് പ്രോത്സാഹിപ്പിക്കുന്നതിനും ടോള്‍ പ്ലാസകളിലൂടെ തടസമില്ലാതെ കടന്നുപോകുന്നതിനും സുതാര്യത വര്‍ധിപ്പിക്കുന്നതിനും കാത്തിരിപ്പ് സമയവും മലിനീകരണവും കുറയ്ക്കുന്നതിനുമാണ് കേന്ദ്ര സര്‍ക്കാര്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയത്.
Read DhanamOnline in English
Subscribe to Dhanam Magazine