രൂപയില്‍ വിദേശവ്യാപാരം; ബാങ്കുകളോട് പ്രോത്സാഹനം ആവശ്യപ്പെട്ട് ധനമന്ത്രാലയം

രൂപയില്‍ അതിര്‍ത്തി കടന്നുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന് ബാങ്കുകളുമായി ധനമന്ത്രാലയം ചര്‍ച്ച നടത്തി. സ്വകാര്യമേഖലയിലെ ആറ് വായ്പാ ദാതാക്കള്‍ ഉള്‍പ്പെടെയുള്ള ബാങ്കുകളുടെ സിഇഒമാരുമായാണ് ധനമന്ത്രാലയം സമഗ്രമായ അവലോകന യോഗം നടത്തിയത്. ഈ രംഗത്ത് ബാങ്കര്‍മാര്‍ നേരിടുന്ന പ്രശ്നങ്ങളും പുരോഗതിയും യോഗം അവലോകനം ചെയ്തു.

ആര്‍ബിഐയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജൂലൈയില്‍ ആഭ്യന്തര കറന്‍സിയില്‍ അതിര്‍ത്തി കടന്നുള്ള വ്യാപാര ഇടപാടുകള്‍ സുഗമമാക്കുന്നതിന് രണ്ട് ഇന്ത്യന്‍ ബാങ്കുകളുമായി ഏകദേശം ഒമ്പത് പ്രത്യേക വോസ്‌ട്രോ അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. സെബര്‍ബാങ്ക്, വിടിബി ബാങ്ക് എന്നീ റഷ്യന്‍ ബാങ്കുകളാണ് ഇതിന് അംഗീകാരം ലഭിക്കുന്ന ആദ്യത്തെ വിദേശ ബാങ്കുകള്‍. ഇന്ത്യയില്‍ ബാങ്ക് ഇല്ലാത്ത മറ്റൊരു റഷ്യന്‍ ബാങ്കായ ഗാസ്പ്രോമും കൊല്‍ക്കത്ത ആസ്ഥാനമായുള്ള യുകോ ബാങ്കില്‍ ഈ അക്കൗണ്ട് തുറന്നിട്ടുണ്ട്.

സ്‌പെഷ്യല്‍ വോസ്‌ട്രോ അക്കൗണ്ട് തുറക്കാനുള്ള നീക്കം, ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാരത്തിന് രൂപയില്‍ പണമടയ്ക്കുന്നതിനുള്ള വഴിയൊരുക്കുന്നു. ഇത് ഇന്ത്യന്‍ കറന്‍സിയില്‍ അതിര്‍ത്തി കടന്നുള്ള വ്യാപാരം സാധ്യമാക്കുന്നു. ഇത് കൂടുതല്‍ ജനകീയമാക്കാന്‍ ഗവണ്‍മെന്റ് സെക്യൂരിറ്റികളില്‍ മിച്ചമുള്ള തുക നിക്ഷേപിക്കാന്‍ പ്രത്യേക വോസ്‌ട്രോ അക്കൗണ്ടുകള്‍ക്ക് ആര്‍ബിഐ അനുമതി നല്‍കി.

ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി വിവേക് ജോഷിയും വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്വാളും യോഗത്തിന് നേതൃത്വം നല്‍കി. യോഗത്തില്‍ വിദേശകാര്യ, വാണിജ്യ മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെയും (ഐബിഎ) പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരും പങ്കെടുത്തു. യുഎസ് ഡോളറിന്റെ ആധിപത്യം ഒഴിവാക്കുന്നതിനും അതിര്‍ത്തികടന്നുള്ള വ്യാപാരം സുഗമമാക്കുന്നതിനുമാണ് രൂപയിലുള്ള ഇടപാട് സാധ്യമാക്കുന്ന പ്രത്യോക വോസ്ട്രോ അക്കൗണ്ട് പ്രബാല്യത്തില്‍ വരുത്തിയത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it