സാമ്പത്തിക പ്രതിസന്ധി: ട്രഷറി നിയന്ത്രണം കടുപ്പിച്ചു; ക്ഷേമനിധിയിലും കണ്ണുവച്ച് സംസ്ഥാന സര്‍ക്കാര്‍

അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ട്രഷറി നിയന്ത്രണം കടുപ്പിച്ചതിന് പിന്നാലെ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് പണം സ്വരൂപിക്കാനും സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതായി സൂചന.

10 ലക്ഷം രൂപയ്ക്കുമേലുള്ള ബില്ലുകള്‍ മാറുന്നതിന് ട്രഷറിയില്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പരിധി പിന്നീട് 5 ലക്ഷം രൂപയായി കുറച്ചു. ഈ മാസം പാതിവരെ എങ്കിലും നിയന്ത്രണം തുടര്‍ന്നേക്കും.
ഓണച്ചെലവിന് പണം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞമാസം ട്രഷറി നിയന്ത്രണം കൊണ്ടുവന്നത്. നികുതി വരുമാനവും ചെലവും പരിശോധിച്ച് സ്ഥിതി മെച്ചപ്പെടുന്നതിന് അനുസരിച്ചേ ട്രഷറി ഇടപാടുകളില്‍ ഇളവ് അനുവദിക്കൂ.
പ്രതിസന്ധി രൂക്ഷം: ക്ഷേമനിധിയിലും കണ്ണ്
ഓണത്തോട് അനുബന്ധിച്ച് ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ ഉള്‍പ്പെടെ 18,000 കോടിയോളം രൂപ സര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ട്. റെക്കോഡ് മദ്യ വില്‍പനയില്‍ നിന്നായി 675 കോടി രൂപയുടെ നികുതി സംസ്ഥാന ഖജനാവിലേക്ക് ലഭിക്കും. പക്ഷേ, സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇത് തികയില്ല.
ഡിസംബര്‍ വരെ 15,390 കോടി രൂപ കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം അനുവദിച്ചിരുന്നു. 14,800 കോടി രൂപ ഇതിനകം തന്നെ കടമെടുത്തതിനാല്‍ നിത്യച്ചെലവ് കഴിക്കാനായി ഇപ്പോള്‍ ക്ഷേമനിധി ബോര്‍ഡുകളിലും സംസ്ഥാന സര്‍ക്കാര്‍ കണ്ണുവച്ചിരിക്കുകയാണ്.
ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് 1,700 കോടിയോളം രൂപ സര്‍ക്കാര്‍ സമാഹരിച്ചേക്കും. മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ബീവറേജസ് കോര്‍പ്പറേഷന്‍ തുടങ്ങിയവയില്‍ നിന്ന് പണം സ്വരൂപിക്കാനാണ് നീക്കമെന്ന് 'മാതൃഭൂമി' റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Next Story

Videos

Share it