ശമ്പളം വൈകി; ട്രഷറിയില്‍ നിയന്ത്രണം

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരുവിഭാഗത്തിന് ഇത്തവണ ശമ്പളം വൈകി. ലീവ് സറണ്ടറുമായി ബന്ധപ്പെട്ട പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നേരത്തേ തയാറാക്കിയ ശമ്പള ബില്ലുകള്‍ പിന്‍വലിച്ച് പുതിയത് തയാറാക്കേണ്ടിവന്നതാണ് കാരണമെന്ന് ധനവകുപ്പ് പ്രതികരിച്ചു.

അതേസമയം ട്രഷറി നിയന്ത്രണം വീണ്ടും കടുപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. 10 ലക്ഷം രൂപയില്‍ കൂടുതലുള്ള ബില്ലുകള്‍ മുന്‍കൂര്‍ അനുമതിയില്ലാതെ മാറരുതെന്ന നിബന്ധന കഴിഞ്ഞദിവസം ധനവകുപ്പ് കൊണ്ടുവന്നിരുന്നു. വരുംദിവസങ്ങളില്‍ ഇത് കൂടുതല്‍ കടുപ്പിക്കും. ചെലവുകള്‍ അടുത്ത സാമ്പത്തികവര്‍ഷത്തേക്ക് നീട്ടുക, ശമ്പളവും പെന്‍ഷനും അല്ലാതെ മറ്റു വലിയ ബില്ലുകളൊന്നും ഇപ്പോള്‍ മാറ്റാതിരിക്കുക എന്നതാണ് പ്രധാന തീരുമാനം.
കേന്ദ്രം കനിയണം
പദ്ധതിച്ചെലവുകളുടെ ബില്ലുകള്‍ പൂര്‍ണമായി നല്‍കുന്നത് മാര്‍ച്ചിലാണ്. സാധാരണയായി മാര്‍ച്ചില്‍ 20,000 കോടിയെങ്കിലും ചെലവിടേണ്ടിവരും. കേന്ദ്രം കൂടുതല്‍ വായ്പയെടുക്കാന്‍ അനുവദിച്ചില്ലെങ്കില്‍ 12,000 കോടിയുടെ ചെലവുകളെങ്കിലും മാറ്റിവയ്‌ക്കേണ്ട സ്ഥിതിയാണെന്ന് ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നു.സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കമ്പനി എടുത്ത് തിരിച്ചടച്ച വായ്പയ്ക്ക് പകരമായി 2000 കോടികൂടി വായ്പയെടുക്കാന്‍ കേന്ദ്രം അനുവദിച്ചിട്ടുണ്ട്.
39,640 കോടിയാണ് നടപ്പുവര്‍ഷത്തെ പദ്ധതി അടങ്കല്‍. ഇതില്‍ 66 ശതമാനമാണ് ചെലവിടാനായത്. 8048 കോടിയാണ് തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള അടങ്കല്‍. ചെലവിട്ടത് 74.51 ശതമാനം. രൂക്ഷമായ സാമ്പത്തികപ്രതിസന്ധിയിലും ഇത്രയും ചെലവിടാനായത് നേട്ടമാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. കഴിഞ്ഞ അഞ്ചുവര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ ചെലവാണിത്.
വായ്പയെടുത്താലും മറികടക്കാനാവില്ല
പഴയതു പോലെ വായ്പയെടുത്താലും സാമ്പത്തിക പ്രതിസന്ധി മറികടക്കാനാവില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ ട്രഷറി നിക്ഷേപം കൂട്ടിയും കിഫ്ബിവഴിയും കൂടുതല്‍ ഫണ്ട് കണ്ടെത്തിയിരുന്നു. എന്നാല്‍ ട്രഷറി നിക്ഷേപം ഉള്‍പ്പെടുന്ന പബ്ലിക് അക്കൗണ്ടുകൂടി കടത്തില്‍ കൂട്ടുകയും ഈവര്‍ഷം മുതല്‍ കിഫ്ബി ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ വായ്പകള്‍ സര്‍ക്കാരിന്റെ വായ്പയായി പരിഗണിക്കുകയും ചെയ്തതോടെ സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാനുള്ള മാര്‍ഗങ്ങള്‍ ഇല്ലാതായി.

Related Articles

Next Story

Videos

Share it