Begin typing your search above and press return to search.
ഒരുമിച്ച് പൊരുതും: കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ പദ്ധതികളുമായി കേന്ദ്രം
കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍നിന്നും കരകയറാന്‍ ഉത്തേജന പദ്ധതികളുമായി കേന്ദ്രം. 1.1 ലക്ഷം കോടി രൂപ ക്രെഡിറ്റ് ഗ്യാരണ്ടിയടക്കമുള്ള പദ്ധതികളാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സിതാറാം പ്രഖ്യാപിച്ചത്. സാമ്പത്തിക, ആരോഗ്യ, ടൂറിസം മേഖലകള്‍ക്ക് മുന്‍ഗണന നല്‍കിയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.
പ്രഖ്യാപനങ്ങള്‍ ഇങ്ങനെ
* കോവിഡ് ബാധിത മേഖലകള്‍ക്കായി 1.1 ലക്ഷം കോടി രൂപ ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി. ആരോഗ്യ മേഖലയ്ക്ക് 50,000 കോടി (പലിശ നിരക്ക് 7.95 ശതമാനം), മറ്റ് മേഖലകള്‍ക്ക് 60,000 കോടി (പലിശ നിരക്ക് 8.25 ശതമാനം). മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ വഴി 25 ലക്ഷം വരെ വയ്പ (മൂന്നുവര്‍ഷം കാലാവധി).
* എമര്‍ജന്‍സി ക്രെഡിറ്റ് ലിങ്ക്ഡ് ഗ്യാരണ്ടി സ്‌കീമിന്റെ (ഇസിഎല്‍ജിഎസ്) പരിധി 4.5 ലക്ഷം കോടിയായി ഉയര്‍ത്തി. നേരത്തെ ഇത് 3 ലക്ഷം കോടിയായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് അടിയന്തര വായ്പ നല്‍കുന്നതിനായിരുന്നു ഇസിഎല്‍ജിഎസ് പദ്ധതി നേരത്തെ കേന്ദ്രം പ്രഖ്യാപിച്ചിരുന്നത്.
* ആദ്യത്തെ അഞ്ച് ലക്ഷം ടൂറിസ്റ്റുകള്‍ക്ക് സൗജന്യം ടൂറിസ്റ്റ് വിസ. 11,000 രജിസ്റ്റേഡ് ടൂറിസ്റ്റ് ഗൈഡുകള്‍ക്കും ടൂറിസം രംഗത്തുള്ളവര്‍ക്കും സാമ്പത്തിക സഹായം. വിനോദ സഞ്ചാര മേഖലയിലുള്ളവര്‍ക്ക് 10 ലക്ഷവും ടൂര്‍ ഗൈഡുമാര്‍ക്ക് ഒരു ലക്ഷവും വായ്പയായി നല്‍കും.
* കുട്ടികള്‍ക്കായി പൊതു ആരോഗ്യ മേഖലയില്‍ 23,220 കോടി കൂടി അനുവദിക്കും.
* പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി 2021 സെപ്റ്റംബര്‍ വരെ നീട്ടി. ഗുണഭോക്താക്കള്‍ക്ക് അഞ്ച് കിലോ അരി സൗജന്യമായി നല്‍കും.
* ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗര്‍ യോജന പദ്ധതി 2022 മാര്‍ച്ച് 31 വരെ നീട്ടി.
Next Story
Videos