2023ല്‍ എഫ്.എം.സി.ജി വിപണി 7-9% വളര്‍ച്ച കൈവരിക്കും: റിപ്പോര്‍ട്ട്

ഗ്രാമീണ മേഖലകളില്‍ വേഗത്തില്‍ വിറ്റഴിയുന്ന നിത്യോപയോഗ വസ്തുക്കള്‍ക്ക് (എഫ്.എം.സി.ജി) ആവശ്യക്കാര്‍ ഏറിയതോടെ ആഭ്യന്തര എഫ്.എം.സി.ജി വിപണി 2023ല്‍ 7-9 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ഗവേഷണ, സ്ഥിതിവിവരക്കണക്ക് സ്ഥാപനമായ നീല്‍സെന്‍ഐക്യു. ആഭ്യന്തര എഫ്.എം.സി.ജി വിപണി പുനരുജ്ജീവനത്തിന്റെ പാതയിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

മുന്‍ വര്‍ഷം മുന്നില്‍ നഗരപ്രദേശങ്ങള്‍

2022ല്‍ ആഭ്യന്തര എഫ്.എം.സി.ജി വിപണിയില്‍ 2021നെ അപേക്ഷിച്ച് ഏകദേശം 7-8 ശതമാനം വളര്‍ച്ചയുണ്ടായി. എഫ്.എം.സി.ജി മൊത്തം വില്‍പ്പനയുടെ മൂന്നിലൊന്ന് വരുന്നത് ഗ്രാമീണ മേഖലയിലെ വില്‍പ്പനയാണ്. എന്നാല്‍ വര്‍ധിച്ച പണപ്പെരുപ്പം 2022ല്‍ ഈ വില്‍പ്പനയെ ബാധിച്ചിരുന്നു. അതിനാല്‍ നഗരപ്രദേശങ്ങളിലെ സംഭാവനയാണ് മുന്‍ വര്‍ഷം ആഭ്യന്തര എഫ്.എം.സി.ജി വില്‍പ്പന വളര്‍ച്ചയ്ക്ക് കാരണമായത്.

നീല്‍സെന്‍ഐക്യു റിപ്പോര്‍ട്ട് പ്രകാരം വില അടിസ്ഥാനമാക്കിയുള്ള വളര്‍ച്ച ഡിസംബര്‍ പാദത്തിലെ 7.9 ശതമാനത്തില്‍ നിന്ന് മാര്‍ച്ച് പാദത്തില്‍ 6.9 ശതമാനമായി കുറഞ്ഞു. അതേസമയം വോളിയം അടിസ്ഥാനമാക്കിയുള്ള വളര്‍ച്ച അഞ്ച് പാദങ്ങളിലെ ഇടിവിന് ശേഷം ജനുവരി-മാര്‍ച്ച് (2023) കാലയളവില്‍ 3.1 ശതമാനമായി ഉയര്‍ന്നു.

മൊത്ത വില്‍പ്പന വളര്‍ച്ച 10.2%

എഫ്.എം.സി.ജി മൊത്ത വില്‍പ്പന വളര്‍ച്ച മാര്‍ച്ച് പാദത്തില്‍ 10.2 ശതമാനമായിരുന്നതായും റിപ്പോര്‍ട്ട് പറഞ്ഞു. നഗരപ്രദേശങ്ങള്‍ മാര്‍ച്ച് പാദത്തില്‍ 5.3 ശതമാനം വളര്‍ച്ച നിലനിര്‍ത്തി. ഗ്രാമപ്രദേശങ്ങളില്‍ 0.3 ശതമാനം വില്‍പ്പന വളര്‍ച്ചയുണ്ടായി. 4.3 ശതമാനം വളര്‍ച്ചയോടെ ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വില്‍പ്പന വര്‍ധിച്ചു.

Related Articles
Next Story
Videos
Share it