ചൈനയില്‍ നിന്ന് പല വിദേശ കമ്പനികളും പുറത്തേക്ക്; ചിലര്‍ ഇന്ത്യയിലേക്ക്

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയായ ചൈനയില്‍ ഉത്പാദന കേന്ദ്രങ്ങള്‍ തുറക്കാന്‍ ഒരുകാലത്ത് ആഗോള കമ്പനികള്‍ മത്സരത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചൈന നടപ്പാക്കുന്ന ചാരവിരുദ്ധ നിയമവും വ്യവസായ സാമ്രാജ്യങ്ങള്‍ക്കുമേലുള്ള കര്‍ശന നിയന്ത്രണവും തദ്ദേശീയ വാദവുമുള്‍പ്പെടെയുള്ള പലവിധ വെല്ലുവിളികള്‍ കാരണം ആഗോള ബ്രാന്‍ഡുകള്‍ പലതും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഉത്പാദന യൂണിറ്റുകള്‍ മാറ്റുകയാണ്.

ചൈനയിലെ യൂറോപ്യന്‍ യൂണിയന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് നടത്തിയ സര്‍വേ പ്രകാരം ആഗോള കമ്പനികളില്‍ 40 ശതമാനവും ചൈനയില്‍ നിന്ന് ഏഷ്യന്‍ തലസ്ഥാനം മാറ്റുകയോ അല്ലെങ്കില്‍ മാറ്റാനുള്ള പ്രവര്‍ത്തനങ്ങളിലോ ആണ്.
മാതമല്ല ചൈനയില്‍ നിക്ഷേപം നടത്താനിരുന്ന 20 ശതമാനം കമ്പനികളും നിക്ഷേപം വൈകിപ്പിക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തിട്ടുണ്ട്.
സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളെയാണ് മിക്ക കമ്പനികളും ഫാക്ടറി തുറക്കാന്‍ പ്രധാനമായും പരിഗണിക്കുന്നതെന്നും സര്‍വേ വെളിപ്പെടുത്തുന്നു.
അനുകൂലമല്ല കാര്യങ്ങള്‍
കോവിഡ് പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നീക്കിയതിന് ശേഷം സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ അനുകൂലമാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിവിധ കാരണങ്ങളാണ് ബഹുരാഷ്ട്ര കമ്പനികളുടെ ചൈനയിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുത്തിയതെങ്കിലും ഇതിലൊരു പ്രധാന പങ്ക് ചൈനയുടെ ദേശീയ സുരക്ഷാ നിയമമാണ്.
യൂറോപ്യന്‍ ചേംബറിന്റെ സര്‍വേയില്‍ പങ്കെടുത്ത 570 കമ്പനികളില്‍ മൂന്നില്‍ രണ്ടും ചൈനയില്‍ ബിസിനസ് നടത്തുന്നത് വെല്ലുവിളിയാണെന്നാണ് പറയുന്നത്. ബിസിനസ് അന്തരീക്ഷത്തില്‍ രാഷ്ട്രിയ ഇടപെടലുകള്‍ കൂടുതലാണെന്ന് അഞ്ചില്‍ മൂന്ന് കമ്പനികളും പറയുന്നു.
തദ്ദേശ വാദം
ആഭ്യന്തര കമ്പനികള്‍ക്ക് സംരക്ഷണം നല്‍കിയുള്ള ചൈനയുടെ നിയന്ത്രണങ്ങളും വിദേശ കമ്പനികള്‍ക്ക് തിരിച്ചടിയാകുന്നു. മാനുഫാക്ചറിംഗ് കമ്പനികളും ആശുപത്രികളുമടക്കമുള്ള സ്ഥാപനങ്ങള്‍ വില ഉയര്‍ന്നതാണെങ്കില്‍ കൂടിയും ചൈനീസ് നിര്‍മിത ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. കഴിഞ്ഞ മാസം യു.എസിലെ ഏറ്റവും വലിയ മെമ്മറി ചിപ് കമ്പനിയായ മൈക്രോണ്‍ ടെക്‌നോളജിയുടെ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ചൈന വിലക്കിയിരുന്നു. സുരക്ഷാകാര്യങ്ങള്‍ മൂലമാണ് വിലക്കെന്ന് പറയുന്നുണ്ടെങ്കിലും അത് വിശദീകരിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ തയ്യാറാകുന്നില്ല. അതേ സമയം മൈക്രോണ്‍ ടെക്‌നോളജിക്ക് ഇന്ത്യയില്‍ സെമികണ്ടക്റ്റര്‍ ടെസ്റ്റിംഗ്, പാക്കേജിംഗ് യൂണിറ്റ് തുടങ്ങുന്നതിനുള്ള 2.7 ബില്യണ്‍ ഡോളറിന്റെ പദ്ധതിക്ക് അനുമതി നല്‍കിയിരുന്നു.
ഇന്ത്യക്കു ഗുണം
യൂറോപ്യന്‍ ചേംബറിന്റെ സര്‍വേ അനുസരിച്ച് പത്ത് കമ്പനികളിൽ ഒന്നെന്ന കണക്കില്‍ ചൈനയില്‍ നിന്ന് പിന്മാറി തുടങ്ങി. കൂടാതെ അഞ്ച് കമ്പനികളില്‍ ഒന്നെന്ന രീതിയില്‍ നിക്ഷേപത്തിന്റെ വേഗം കുറച്ചിട്ടുമുണ്ട്. വ്യോമയാന മേഖലയിലെ അഞ്ചിലൊരു കമ്പനി ചൈനയിലെ ഭാവി നിക്ഷേപങ്ങള്‍ വേണ്ടെന്നുവച്ചിട്ടുമുണ്ട്.
ഏറ്റവും വലിയ ഉപഭോക്തൃ വിപണി എന്നതാണ് ചൈനയിലേക്ക് വലിയ നിക്ഷേപം നടത്താന്‍ കമ്പനികളെ പ്രേരിപ്പിച്ചിരുന്നത്. എന്നാല്‍ പുതിയ നിയന്ത്രണങ്ങളില്‍ വിദേശ കമ്പനികള്‍ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്.
ചൈനയില്‍ നിന്നുള്ള കമ്പനികളുടെ പിന്മാറ്റം ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷ. ആപ്പിള്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഉത്പാദന കേന്ദ്രങ്ങള്‍ മാറ്റിയിരുന്നു.

വളര്‍ച്ചയില്‍ കുറവ്

കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ മൂലം 2022ല്‍ ചൈനയുടെ വളര്‍ച്ച മൂന്നു ശതമാനമായി ചുരുങ്ങിയിരുന്നു. രാജ്യത്തിന്റെ 50 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും മോശമായ രണ്ടാമത്തെ വളര്‍ച്ചാ നിരക്കായിരുന്നു ഇത്. മൊത്തം ആഭ്യന്തര ഉത്പാദനം 2022ല്‍ 17.94 ലക്ഷം ഡോളറാണ്.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it