ശ്രീലങ്കയ്ക്ക് പിന്നാലെ ഭൂട്ടാനും; വിദേശനാണ്യ പ്രതിസന്ധി, വാഹനങ്ങളുടെ ഇറക്കുമതി നിരോധിച്ചു

വിദേശനാണ്യ ശേഖരം (Foreign Exchange) ഇടിഞ്ഞതിനെ തുടര്‍ന്ന് വാഹനങ്ങളുടെ ഇറക്കുമതി ഭൂട്ടാന്‍ (Bhutan) നിരോധിച്ചു. നിരോധനം ആറുമാസം വരെ നീണ്ടുനില്‍ക്കുമെന്നാണ് വിവരം. 2021 ഏപ്രിലില്‍ 1.46 ബില്യണ്‍ ഡോളറായിരുന്ന ഭൂട്ടാന്റെ വിദേശ നാണ്യശേഖരം ഡിസംബറില്‍ 970 മില്യണ്‍ ഡോളറായി ഇടിഞ്ഞിരുന്നു.

20000 ഡോളറില്‍ താഴെ വിലയുള്ള യൂട്ടിലിറ്റി വാഹനങ്ങള്‍ (Utility Vehicles), ട്രാക്ടറുകള്‍, വിനോദ സഞ്ചാര മേഖലയില്‍ ഉപയോഗിക്കുന്നവ തുടങ്ങി ഏതാനും വിഭാഗത്തിലുള്ളവയുടെ ഇറക്കുമതി മാത്രമാവും അനുവദിക്കുക. ഈ വര്‍ഷം ജൂണ്‍വരെ 8,000-ലധികം വാഹനങ്ങള്‍ ആണ് ഭൂട്ടാന്‍ (Bhutan) ഇറക്കുമതി ചെയ്തത്. ഇന്ത്യയും ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഭൂട്ടാനില്‍ ഏകദേശം 7.72 ലക്ഷം ജനങ്ങളാണ് ഉള്ളത്.

കുറഞ്ഞത് 12 മാസത്തെ ഇറക്കുമതിക്കാവശ്യമായ കരുതല്‍ ശേഖരം രാജ്യം നിലനിര്‍ത്തണം എന്നതാണ് ഭൂട്ടാന്‍ ഭരണഘടനയിലെ വ്യവസ്ഥ. യുക്രെയ്ന്‍ (Ukraine) യുദ്ധത്തെ തുടര്‍ന്ന് ഇന്ധന-ധാന്യവിലയിലുണ്ടാവ വര്‍ധനവും കോവിഡ് നയങ്ങള്‍ വിനോദ സഞ്ചാര മേഖലയെ തകര്‍ത്തതും ആണ് ഭൂട്ടാനെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്.

ഭൂട്ടാന്റെ ആകെ ഇറക്കുമതിയുടെ ഏകദേശം 77 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. 2021 കാലയളവില്‍ ഇന്ത്യയില്‍ നിന്ന് ഭൂട്ടാനിലേക്ക് 867.7 മില്യണ്‍ ഡോളറിന്റെ സാധനങ്ങളാണ് കയറ്റി അയച്ചത്. ധാതു എണ്ണ, ഓയില്‍, വാഹനങ്ങള്‍, ഇലക്ട്രോണിക്-ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്കാണ് പ്രധാനമായും ഭൂട്ടാന്‍ ഇന്ത്യയെ ആശ്രയിക്കുന്നത്. ജപ്പാന്‍, തായ്‌ലന്‍ഡ്, കൊറിയ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഭൂട്ടാന്‍ വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it