കേരള തീരത്തേക്ക് വമ്പൻ വിദേശ യാനങ്ങൾ

ചൈനയില്‍ നിന്നുള്ള ആദ്യ മദര്‍ഷിപ്പ് ഈ മാസം വിഴിഞ്ഞത്തെത്തും
image:@canva
image:@canva
Published on

കേരളത്തിലെ നാല് തുറമുഖങ്ങളില്‍ ഇനി വമ്പന്‍ വിദേശ കപ്പലുകളെത്തും. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന തുറമുഖങ്ങള്‍ക്കും കപ്പലുകള്‍ക്കുമുള്ള ഇന്റര്‍നാഷനല്‍ ഷിപ്പ് ആന്‍ഡ് പോര്‍ട്ട്ഫെസിലിറ്റി സെക്യൂരിറ്റി (ഐ.എസ്.പി.എസ്) കോഡ് ലഭിച്ചതോടെയാണ് സംസ്ഥാനത്ത് ഈ സംവിധാനമൊരുങ്ങിയത്. ഇതോടെ വിഴിഞ്ഞം, കൊല്ലം, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളില്‍ സാങ്കേതിക തടസങ്ങളില്ലാതെ വിദേശ കപ്പലുകള്‍ക്ക് ഇനി അടുക്കാനാകും.

അതായത് വിവിധ തരം യാത്രാക്കപ്പലുകളും പാസഞ്ചര്‍ ഹൈ സ്പീഡ് ക്രാഫ്റ്റുകള്‍, കാര്‍ഗോ ഹൈ സ്പീഡ് ക്രാഫ്റ്റുകള്‍, ബള്‍ക്ക് കാരിയേഴ്സ്, ഓയില്‍-കെമിക്കല്‍-വാതക ടാങ്കറുകള്‍, മൊബൈല്‍ ഓഫ്ഷോര്‍ ഡ്രില്ലിങ് യൂനിറ്റുകള്‍ തുടങ്ങി വമ്പന്‍ യാനങ്ങള്‍ക്ക് ഇനി ഈ തുറമുഖങ്ങളില്‍ നങ്കൂരമിടാവും. വമ്പന്‍ വിദേശ കപ്പലുകള്‍ കേരള തീരങ്ങളില്‍ എത്തുന്നതോടെ സംസ്ഥാനത്ത് വിദേശനാണ്യം എത്തും.

വിഴിഞ്ഞത്തിന് മുതല്‍ക്കൂട്ടായി

കൊവിഡ് കാലത്ത് വന്‍ തുറമുഖങ്ങള്‍ അടഞ്ഞു കിടന്നപ്പോള്‍ അതിന്റെ സാധ്യത പ്രയോജനപ്പെടുത്തി ക്രൂ ചേഞ്ച് സര്‍വീസ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നടത്താന്‍ വിഴിഞ്ഞത്തിന് അനുമതി ലഭിച്ചിരുന്നു. അന്ന് 735 ക്രൂ എക്സ്ചേഞ്ച് നടത്തിയതുവഴി വിഴിഞ്ഞത്തിന് 10 കോടി രൂപ ലാഭമുണ്ടാക്കാന്‍ സാധിച്ചു. എന്നാല്‍ ഈ സേവനങ്ങള്‍ പിന്നീട് പിന്‍വലിച്ചതോടെ അന്താരാഷ്ട്ര കപ്പല്‍ ചാലിനോട് ഏറ്റവും അടുത്തുകിടക്കുന്ന വിഴിഞ്ഞത്തെ ഒഴിവാക്കി വിദേശ കപ്പലുകള്‍ മറ്റ് തുറമുഖങ്ങള്‍ ലക്ഷ്യമാക്കി പോയിത്തുടങ്ങി.

നിലവില്‍ വിഴിഞ്ഞം തുറമുഖത്തിനും ഈ യുണീക് ഐഡന്റിറ്റി കോഡ് ലഭിച്ചതോടെ വിദേശ കപ്പലുകള്‍ക്കയി തടസങ്ങളില്ലാതെ സ്വീകരിക്കാമെന്നായി. ഈ മാസം ചൈനയില്‍ നിന്നുള്ള ആദ്യ മദര്‍ഷിപ്പ് എത്തിച്ചേരാനിരിക്കേ വിഴിഞ്ഞം തുറമുഖത്തിന് ഈ യുണീക് ഐഡന്റിറ്റി കോഡ് ലഭിച്ചത് മുതല്‍ക്കൂട്ടാണ്. 40 വമ്പന്‍ ക്രെയിനുകളാണ് ചൈനയില്‍ നിന്ന് ഈ മാസം വിഴിഞ്ഞത്തെത്തുക.

സുരക്ഷാ സംവിധാനം

ലോക രാജ്യങ്ങളും സംഘടനകളും അംഗങ്ങളായ ഇന്റര്‍നാഷനല്‍ മാരിടൈം ഓര്‍ഗനൈസേഷനാണ് (ഐ.എം.ഒ) ഐ.എസ്.പി.എസ് സുരക്ഷാ കോഡ് തുറമുഖങ്ങള്‍ക്ക് നല്‍കുന്നത്. രാജ്യാന്തര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന തുറമുഖങ്ങള്‍ക്ക് മാത്രമാണ് കോഡ് ലഭിക്കുക. വാണിജ്യ കപ്പലുകള്‍ ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് നാവികസേന, തീരസംരക്ഷണ സേന, മര്‍ക്കന്റൈന്‍ മറൈന്‍ ഡിപ്പാര്‍ട്ട്മെന്റ്, ഇന്ത്യന്‍ രജിസ്ട്രാര്‍ ഓഫ് ഷിപ്പിങ് എന്നിവയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് സുരക്ഷാ നിര്‍മാണങ്ങളും നവീകരണ പ്രവര്‍ത്തനങ്ങളും നടത്തിയിരിക്കുന്നത്

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com