
ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം ഏപ്രില്‍ 5ന് അവസാനിച്ച ആഴ്ചയില്‍ 2.98 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് (25,000 കോടി രൂപ) 648.56 ബില്യണ്‍ ഡോളറിലെത്തി (54 ലക്ഷം കോടി രൂപ). എക്കാലത്തെയും ഉയര്‍ന്ന നിരക്കാണിതെന്ന് റിസര്‍വ് ബാങ്കിന്റെ (ആര്‍.ബി.ഐ) ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ സ്വര്‍ണ ശേഖരം 2.4 ബില്യണ്‍ ഡോളര്‍ (20,000 കോടി രൂപ) വര്‍ധിച്ച് 54.56 ബില്യണ്‍ ഡോളറിലെത്തി (45 ലക്ഷം കോടി രൂപ).
കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തി (എഫ്.സി.എ) 549 മില്യണ്‍ ഡോളര്‍ (4,600 കോടി രൂപ) വര്‍ധിച്ച് 571.166 ബില്യണ്‍ ഡോളറായി (4,800 കോടി രൂപയായി). റിസര്‍വ് ബാങ്കിന്റെ ഇടപെടലും കരുതല്‍ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്ന വിദേശ ആസ്തികളുടെ മൂല്യത്തകര്‍ച്ചയുമാണ് ഇതിലെ മാറ്റങ്ങള്‍ക്ക് കാരണം. വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ അന്താരാഷ്ട്ര നാണ്യ നിധിയുമായുള്ള (ഐ.എം.എഫ്) ഇന്ത്യയുടെ കരുതല്‍ നില 9 മില്യണ്‍ ഡോളര്‍ (75 കോടി രൂപ) ഉയര്‍ന്ന് 4.669 ബില്യണ്‍ ഡോളറിലെത്തിയതായി (39,000 കോടി രൂപ) ആര്‍.ബി.ഐ കണക്കുകള്‍ വ്യക്തമാക്കി.
എസ്.ഡി.ആര്‍ (special drawing right) 24 മില്യണ്‍ (200 കോടി രൂപ) ഡോളര്‍ വര്‍ധിച്ച് 18.17 ബില്യണ്‍ ഡോളറായി (15 ലക്ഷം കോടി രൂപ). എസ്.ഡി.ആര്‍ എന്നത് ഒരു അന്താരാഷ്ട്ര കരുതല്‍ ആസ്തിയാണ്. ഇത് കറന്‍സിയല്ല. എന്നാല്‍ ഇതിന്റെ മൂല്യം യു.എസ് ഡോളര്‍, യൂറോ, ചൈനീസ് റെന്‍മിന്‍ബി, ജാപ്പനീസ് യെന്‍, ബ്രിട്ടീഷ് പൗണ്ട് സ്റ്റെര്‍ലിംഗ് എന്നിങ്ങനെ അഞ്ച് കറന്‍സികളെ അടിസ്ഥാനമാക്കിയുള്ളതാണ്.
മുമ്പ് 2021 ഒക്ടോബറില്‍, രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തിയെങ്കിലും പിന്നീട് താഴ്ന്നു. 2022ല്‍ ഇറക്കുമതി ചെലവ് വര്‍ധിച്ചതും രൂപയുടെ മൂല്യത്തകര്‍ച്ചയും തിരിച്ചടിയായി. തുടര്‍ന്ന് ആര്‍.ബി.ഐ ഇടപെടലുണ്ടായതോടെയാണ് കരുതല്‍ ശേഖരത്തില്‍ വര്‍ധനയുണ്ടാകാന്‍ തുടങ്ങിയത്. റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം 2023 കലണ്ടര്‍ വര്‍ഷത്തില്‍ വിദേശനാണ്യ ശേഖരത്തില്‍ മൊത്തം 5800 കോടി ഡോളറിന്റെ വര്‍ധനയാണുണ്ടായത്.
Read DhanamOnline in English
Subscribe to Dhanam Magazine