വിദേശ നിക്ഷേപം ആദ്യ പാദത്തില്‍ ഒരു ലക്ഷം കോടി കവിഞ്ഞു

ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ 1.03 കോടി രൂപയുടെ നിക്ഷേപം നടത്തി വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍(എഫ്.പി.ഐ). കഴിഞ്ഞ ഒമ്പത് ത്രൈമാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്. 2021 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലെ നിക്ഷേപമാണ് ഇതിനു മുമ്പുള്ള ഉയര്‍ച്ച. അന്ന് 1.42 ലക്ഷം കോടി രൂപയാണ് എഫ്.പി.ഐകള്‍ ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിച്ചത്.

മൂന്നു മാസമായി വാങ്ങലുകാര്‍

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം മുതല്‍ വാങ്ങലുകാരായി തുടരുന്ന എഫ്.പി.ഐകള്‍ ഏപ്രിലില്‍ 11,631 കോടി രൂപയും മേയില്‍ 43,838 കോടി രൂപയും ജൂണില്‍ 47,148 കോടി രൂപയും നിക്ഷേപിച്ചു. കഴിഞ്ഞ 11 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണ് ജൂണിലുണ്ടായത്. മാര്‍ച്ചില്‍ 26,211 കോടി രൂപയുടെ വിറ്റഴിക്കല്‍ നടത്തിയതിനു ശേഷമാണ് വാങ്ങലുകാരായി തുടരുന്നത്.

സൂചികകള്‍ ഉയരത്തില്‍
വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപ ഒഴുക്ക് തുടര്‍ന്നത് ഓഹരി സൂചികകളേയും ഉയര്‍ത്തി. ബി.എസ്.ഇ സെന്‍സെക്‌സും നിഫ്റ്റിയും എക്കാലത്തെയും ഉയരത്തിലാണ്. ഇന്ന് സെന്‍സെക്‌സ് 65,000 നു മുകളിലും നിഫ്റ്റി 19,300 നു മുകളിലും എത്തി. മാര്‍ച്ച് -ജൂണ്‍ പാദത്തില്‍ നിഫ്റ്റി 11 ശതമാനവും സെന്‍സെക്‌സ് 10 ശതമാനവും നേട്ടമുണ്ടാക്കി. വിദേശ നിക്ഷേപകര്‍ വിപണിയില്‍ വാങ്ങലുകാരായി തുടരുന്നത് വ്യക്തിഗത നിക്ഷേപകരിലും വിശ്വാസം പകരുന്നുണ്ട്.
വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നത്
രാജ്യത്തിന്റെ ശക്തമായ സാമ്പത്തിക അടിത്തറ, പണപ്പെരുപ്പം കുറയുന്നതിന്റെ സൂചനകള്‍, കോര്‍പ്പറേറ്റ് മേഖലയുടെ വളര്‍ച്ച എന്നിവയാണ് വിദേശ നിക്ഷേപകരെ ഇന്ത്യന്‍ വിപണിയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ചൈനയുടെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞതും നിക്ഷേപകരെ ഇന്ത്യന്‍ വിപണിയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.
അതേസമയം, വര്‍ഷം അവസാനിക്കുന്നതിനു മുമ്പ് രണ്ടു തവണയെങ്കിലും ചെറിയ തോതില്‍ പലിശ കൂട്ടുമെന്ന യു.എസ് കേന്ദ്ര ബാങ്കായ ഫഡറല്‍ റിസര്‍വ് സൂചന നല്‍കിയത് എഫ്.പി.ഐകളെ അല്‍പ്പമൊന്നും പിന്നോട്ടുവലിച്ചിട്ടുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.
ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, ഓട്ടോമൊബൈല്‍സ്, എഫ്.എം.സി.ജി, ഹെല്‍ത്ത് കെയര്‍ മേഖലകളിലാണ് വിദേശ നിക്ഷേപകര്‍ കൂടതല്‍ താത്പര്യം കാണിക്കുന്നത്. നിക്ഷേപം തുടരുമ്പോഴും എഫ്.പി.ഐകള്‍ ഭാവിയില്‍ കൂടുതല്‍ കരുതല്‍ കാണിക്കാനാണ്‌ സാധ്യതയെന്ന് വിദഗ്ധര്‍ വലിയിരുത്തുന്നു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it