എഥനോള്‍ കലര്‍ന്ന പെട്രോള്‍ മാത്രം, ഇറങ്ങുന്ന എല്ലാ വാഹനങ്ങളും ഇ20 ആയിരിക്കണമെന്ന് കേന്ദ്രം

2025 മുതല്‍ ഇ20 പിന്തുണയ്ക്കുന്ന വാഹനങ്ങള്‍ക്ക് മാത്രം വില്‍പ്പനയ്ക്കുള്ള അനുമതി നല്‍കാന്‍ കേന്ദ്രം. 2025 മുതല്‍ ഇറങ്ങുന്ന വാഹനങ്ങള്‍ എല്ലാം ഫ്‌ലക്‌സ് ഇന്ധന എഞ്ചിന്‍ ഉള്ളവ ആക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. ഇരുപത് ശതമാനം എഥനോള്‍ കലര്‍ന്ന പെട്രോളാണ് ഇ20. പെട്രോളില്‍ കലര്‍ത്തുന്ന എഥോളിന്റെ വില കഴിഞ്ഞ ദിവസം കേന്ദ്രം വര്‍ധിപ്പിച്ചിരുന്നു.

കേന്ദ്രം പുതിയ നിയമം കൊണ്ടുവരുന്നതോടെ പെട്രോള്‍ വാഹനങ്ങള്‍ നിര്‍മിക്കുന്ന കമ്പനികള്‍ നിലവില്‍ ഉപയോഗിക്കുന്ന എഞ്ചിനുകള്‍ പരിക്ഷ്‌കരിക്കേണ്ടി വരും. 2023 മുതല്‍ രാജ്യത്ത് ഇ20 പെട്രോള്‍ ലഭ്യമാകുമെന്ന് പെട്രോളിയം സെക്രട്ടറി തരുണ്‍ കപൂര്‍ പറഞ്ഞു. 2025 മുതല്‍ ഇ20 പെട്രോള്‍ മാത്രം വില്‍ക്കാനാണ് ലക്ഷ്യമിടുന്നത്. 2023-25 കാലയളവില്‍ ഇ10 പെട്രോളും രാജ്യത്ത് ലഭ്യമായിരിക്കും. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതും വില കുറഞ്ഞതുമായ എഥനോല്‍ മിശ്രിതം ഉപയോഗിക്കാന്‍ സാധിക്കുന്ന ഫ്‌ലക്‌സ് ഫ്യുവല്‍ എഞ്ചിനുകള്‍ രാജ്യത്ത് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി പറഞ്ഞിരുന്നു.

ഭാവിയില്‍ പമ്പുകളിലെ എല്ലാ ഡിസ്‌പെന്‍സറുകളിലും ഇ20 പെട്രോളുകള്‍ മാത്രമായിരിക്കുമെന്നും തരുണ്‍ കപൂര്‍ അറിയിച്ചു. പൂര്‍ണമായും ഇ20 പെട്രോളിലേക്ക് മാറുമ്പോള്‍ അത് ഇപ്പോഴുള്ള വണ്ടികളുടെ ഇന്ധന ക്ഷമതയെ ബാധിക്കുമെന്നും മെയിന്റനന്‍സ് കോസ്റ്റ് ഉയര്‍ത്തുമെന്നും കമ്പനികള്‍ക്ക് ആശങ്കയുണ്ട്. എന്നാല്‍ ഇ20 പെട്രോളിനെക്കുറിച്ച് വാഹന നിര്‍മാതാക്കള്‍ ഉയര്‍ത്തുന്ന ഇത്തരം ആശങ്കകള്‍ സാധൂകരിക്കുന്ന തെളിവുകള്‍ ഇല്ലെന്ന് പെട്രോളിയം സെക്രട്ടറി അറിയിച്ചു. ഭാരത് സ്‌റ്റേജ് സിക്‌സ് നടപ്പിലാക്കിയതിന് സമാനമാണിത്. ഇന്ധന ക്ഷമതയെ ബാധിച്ചേക്കാമെന്നും കൂടുതല്‍ പഠനങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.

നിലവില്‍ ഇ10 പെട്രോള്‍ ഉപയോഗിക്കാവുന്ന വാഹനങ്ങളാണ് പുറത്തിറക്കുന്നതെന്നും 2023 ഓടെ ഇ20ലേക്ക് മാറുമെന്നും മാരുതി സുസുക്കി അറിയിച്ചു. പെട്രോളിനും സിഎന്‍ജിക്കും ഒപ്പം ഫ്‌ലെക്‌സ് ഇന്ധന എഞ്ചിനുകളും ഒരു ഓപ്ഷനായി അവതരിപ്പിക്കുമെന്നും മാരുതി സുസുക്കി വ്യക്തമാക്കി.

ഭാവിയില്‍ ഇ100 അഥവാ 100 ശതമാനം എഥനോള്‍ ഇന്ധനം മാത്രം ലഭ്യമാകുന്ന ഡിസ്‌പെന്‍സറുകള്‍ പമ്പുകളില്‍ സ്ഥാപിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. നിലവില്‍ ഇ100 ഉപയോഗിച്ചുള്ള വാഹനങ്ങളുടെ സാധ്യതകള്‍ പരിശോധിക്കാന്‍ കേന്ദ്രം നടത്തുന്ന പൈലറ്റ് സ്റ്റഡി പൂനെയില്‍ പുരോഗമിക്കുകയാണ്. 2021 ജൂണ്‍ 5 പരിസ്ഥിതി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി road map for ethanol blending in india 2020-25 അവതരിപ്പിച്ചിരുന്നു. 2021-22 കാലയളവില്‍ ഇ10 പെട്രോളും 2025-26 കാലയളവില്‍ ഇ20 പെട്രോളും പുറത്തിറക്കാനാണ് ഓയില്‍ കമ്പനികള്‍ പദ്ധതിയിടുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it