കയറ്റുമതിക്കായി വച്ച ഉത്പന്നങ്ങള്‍ പ്രാദേശിക മാര്‍ക്കറ്റിലേക്ക്; കേരളത്തില്‍ പഴം-പച്ചക്കറി വില വന്‍തോതില്‍ കുറഞ്ഞേക്കും

വിമാന സര്‍വീസുകള്‍ വൈകുകയോ ചരക്കു ഗതാഗതത്തില്‍ തടസങ്ങള്‍ ഉണ്ടാകുകയോ ചെയ്തതോടെ ഇവ ഗള്‍ഫിലേക്ക് അയയ്ക്കാന്‍ സാധിക്കാത്ത അവസ്ഥയിലായി
കയറ്റുമതിക്കായി വച്ച ഉത്പന്നങ്ങള്‍ പ്രാദേശിക മാര്‍ക്കറ്റിലേക്ക്; കേരളത്തില്‍ പഴം-പച്ചക്കറി വില വന്‍തോതില്‍ കുറഞ്ഞേക്കും
Published on

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പഴം, പച്ചക്കറി കയറ്റുമതി തടസപ്പെട്ടതോടെ പ്രാദേശിക വിപണിയില്‍ ഇവ വിറ്റഴിക്കാന്‍ കയറ്റുമതിക്കാരും കര്‍ഷകരും. കോഴിക്കോട്, നെടുമ്പാശേരി വിമാനത്താവളങ്ങളില്‍ കെട്ടി കിടക്കുന്നതും കയറ്റുമതിക്കായി ശേഖരിച്ചതുമായ പച്ചക്കറികളാണ് കേരള വിപണിയിലേക്ക് എത്തുന്നത്. വരുംദിവസങ്ങളില്‍ പച്ചക്കറി വില വലിയതോതില്‍ കുറയാന്‍ ഇതു വഴിയൊരുക്കും.

വിമാന സര്‍വീസുകള്‍ വൈകുകയോ ചരക്കു ഗതാഗതത്തില്‍ തടസങ്ങള്‍ ഉണ്ടാകുകയോ ചെയ്തതോടെ ഇവ ഗള്‍ഫിലേക്ക് അയയ്ക്കാന്‍ സാധിക്കാത്ത അവസ്ഥയിലായി. കയറ്റുമതി ചെയ്യാന്‍ കഴിയാത്ത ഈ ചരക്കുകള്‍ ഇപ്പോള്‍ സംസ്ഥാനത്തെ മാര്‍ക്കറ്റുകളിലേക്ക് മാറ്റി വില്‍ക്കാനുള്ള ശ്രമത്തിലാണ് കയറ്റുമതിക്കാരും കര്‍ഷകരും.

കേരള പച്ചക്കറിയുടെ വലിയ വിപണി

ഗള്‍ഫ് രാജ്യങ്ങള്‍ കേരളത്തിലും തമിഴ്നാട്ടിലും നിന്നുള്ള പലതരം പഴങ്ങളും പച്ചക്കറികളും വലിയ തോതില്‍ ഇറക്കുമതി ചെയ്യുന്ന പ്രധാന വിപണിയാണ്. പ്രത്യേകിച്ച് വാഴപ്പഴം, പച്ചമുളക്, പച്ചക്കറി ഇനങ്ങള്‍, ചക്ക, വിവിധ ഇലക്കറികള്‍ എന്നിവയ്ക്ക് അവിടെ സ്ഥിരമായ ആവശ്യകതയുണ്ട്. എന്നാല്‍ യുദ്ധസാഹചര്യം രൂക്ഷമായതോടെ വിമാന ചരക്ക് ഗതാഗതത്തില്‍ ഉണ്ടായ അനിശ്ചിതത്വവും ചില രാജ്യങ്ങളിലെ നിയന്ത്രണങ്ങളും കയറ്റുമതിയെ ബാധിച്ചു.

കയറ്റുമതി തടസപ്പെട്ടതോടെ ഇവ വലിയ തോതില്‍ ആഭ്യന്തര വിപണിയിലേക്ക് എത്തുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതിന്റെ ഫലമായി മൊത്ത വിതരണ മാര്‍ക്കറ്റുകളില്‍ ഇതിനകം തന്നെ വിലയില്‍ ചെറിയ ഇടിവ് രേഖപ്പെടുത്തിയതായി വ്യാപാരികള്‍ പറയുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ചരക്കുകള്‍ എത്തുന്നതോടെ വില വീണ്ടും ഇടിയുമെന്നാണ് വിലയിരുത്തല്‍.

അതേസമയം, ഈ വിലയിടിവ് കര്‍ഷകര്‍ക്ക് ആശങ്കയുണ്ടാക്കുന്ന ഘടകവുമാണ്. കയറ്റുമതി വിപണിയില്‍ ലഭിക്കുന്നതിനെക്കാള്‍ കുറഞ്ഞ വിലയാണ് സാധാരണയായി ആഭ്യന്തര വിപണിയില്‍ ലഭിക്കുന്നത്. അതിനാല്‍ കയറ്റുമതിക്കായി തയാറാക്കിയ വിളകള്‍ നാട്ടില്‍ വിറ്റഴിക്കേണ്ടി വന്നാല്‍ വരുമാനം കുത്തനെ ഇടിയും.

പശ്ചിമേഷ്യയിലെ സംഘര്‍ഷം എത്രത്തോളം നീളും എന്നതും കയറ്റുമതി വീണ്ടും സാധാരണ നിലയിലാകുമോ എന്നതും അടുത്ത ദിവസങ്ങളില്‍ വിപണിയുടെ ദിശ നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങളായിരിക്കും. യുദ്ധാവസ്ഥ ദീര്‍ഘകാലം തുടര്‍ന്നാല്‍ കേരളത്തിലെ പഴം-പച്ചക്കറി വിപണിയില്‍ കൂടുതല്‍ വില ഇടിവിന് സാധ്യതയുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

അജിൽ മുഹമ്മദ്, സിഇഒ, ഹൈലൈറ്റ് ഗ്രൂപ്പ്
Share Market Technical Analysis
വലിപ്പത്തില്‍ കുഞ്ഞന്മാര്‍, വിപണിയില്‍ വമ്പന്മാര്‍; തായ്‌വാന്റെയും കൊറിയയുടെയും എ.ഐ കരുത്ത് ഇന്ത്യയ്ക്ക് വെല്ലുവിളിയായത് എങ്ങനെ?
Realistic photo of mango export crates placed at a shipping dock, featuring naturally ripened yellow mangoes in straw-filled wooden boxes and fresh green mangoes in cardboard cartons beside a large cargo container ship at an industrial port.
logo
DhanamOnline
dhanamonline.com