ഇന്ധന വില കുറച്ചത് പണപ്പെരുപ്പത്തെ എങ്ങനെ തടയും ?

രാജ്യത്ത് വിലക്കയറ്റം രൂക്ഷമായതോടെ കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില (Fuel Price) കുറച്ചത് കഴിഞ്ഞ ശനിയാഴ്ചയാണ്. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി 8 രൂപ, 6 രൂപ എന്നിങ്ങനെയാണ് കുറച്ചത്. ഇന്ധന വിലിയിലുണ്ടായ കുറവ് മൊത്തവില പണപ്പെരുപ്പം (Retail Inflation) 25 ബേസിസ് പോയിന്റെങ്കിലും കുറയ്ക്കും എന്നാണ് വിലയിരുത്തല്‍. 0.25 ശതമാനം ആണ് 25 ബേസിസ് പോയിന്റ്.

മൊത്തവില പണപ്പെരുപ്പം കുറയുന്നതോടെ അത് കമ്പനികളുടെയും കച്ചവടക്കാരുടെയും ചെലവ് കുറയ്ക്കും. ഇത് സ്വാഭാവികമായും പച്ചക്കറി- ഭഷ്യസാധനങ്ങള്‍ ഉള്‍പ്പടെയുള്ള ഉപഭോകതൃ സാധനങ്ങളുടെ വില കുറയാന്‍ കാരണമാവും. കൂടാതെ യാത്രാച്ചെലവ് കുറയുന്നതും കുടുംബ ബജറ്റില്‍ പ്രതിഫലിക്കും. ഉജ്ജ്വല പദ്ധതി പ്രകാരം 200 രൂപയുടെ സംബ്‌സിഡി ഗ്യാസ് സിലിണ്ടറുകള്‍ക്ക് പ്രഖ്യാപിച്ചതും ആശ്വാസമാണ്.

ഉപഭോകതൃ പണപ്പെരുപ്പം (Consumer Inflation) 20-40 ബേസിസ് പോയിന്റ് കുറയും എന്നാണ് കണക്കുകൂട്ടല്‍. ജനങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന വിലയെ അടിസ്ഥാനമാക്കിയാണ് ഉപഭോക്തൃ പണപ്പെരുപ്പം കണക്കാക്കുന്നത്. ജൂണ്‍ ആദ്യ പകുതിയോടെ വിലക്കുറവിന്റെ ഗുണങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇന്ധന വില കുറയ്ക്കുന്നത് കൊണ്ട് മാത്രം വിലവര്‍ധനവ് പിടിച്ചുകെട്ടാന്‍ ആവില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

അതുകൊണ്ട് തന്നെ, പ്ലാസ്റ്റിക് നിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ കസ്റ്റംസ് തീരുവ, സ്റ്റീല്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ എന്നിവയും കേന്ദ്രം കുറച്ചു. സിമന്റ് വില കുറയ്ക്കുന്നതിനുള്ള നടപടിയും കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. ഇത് നിര്‍മാണ മേഖലയിലെ ചെലവ് കുറയാന്‍ കാരണമാവും. സ്റ്റീല്‍, സിമന്റ് എന്നിവയുടെ വില 25 ശതമാനം എങ്കിലും കുറയുമെന്നാണ് മേഖലയിലുള്ളവര്‍ പറയുന്നത്. അതേ സമയം ഫ്‌ളാറ്റ്, വീട് എന്നിവയുടെ വിലയില്‍ ഇതിന് ആനുപാതികമായുള്ള വിലക്കുറവ് പ്രകടമായേക്കില്ല.

ആഗോള പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങള്‍ എത്രത്തോളം വിജയിക്കും എന്നത് വരുംമാസങ്ങളില്‍ മാത്രമേ വ്യക്തമാവു. വിലക്കറ്റം തടയുന്നതിന് ലോക രാജ്യങ്ങള്‍ സ്വീകരിക്കുന്ന നയങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചേക്കുമെന്ന് സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയാന്‍ ലൂംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Related Articles
Next Story
Videos
Share it