പെട്രോള്‍, ഡീസല്‍ വില നാലാം ദിവസവും കൂട്ടി
പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായി നാലാം ദിവസവും കൂട്ടി. പെട്രോള്‍ വില ലിറ്ററിന് 40 പൈസയും ഡീസലിന് 45 പൈസയുമാണ് ഉയര്‍ത്തിയത്. നാലു ദിവസംകൊണ്ട് പെട്രോളിന് 2.14 രൂപയും ഡീസലിന് 2.23 രൂപയും വര്‍ധിച്ചു.
അന്താരാഷ്ട്ര വില ഏപ്രിലിലെ 16 ഡോളറില്‍നിന്ന് 41 ഡോളറിലെത്തിയെന്ന പേരിലാണ് ലോക്ഡൗണ്‍ പിന്‍വലിച്ച് വാഹനങ്ങള്‍ നിരത്തുകളില്‍ ഇറങ്ങിയതിനു പിന്നാലെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ പ്രതിദിന ഇന്ധന വിലനിര്‍ണയം പുനഃസ്ഥാപിച്ചത്. കൊച്ചിയില്‍ യഥാക്രമം 73.56 രൂപയും 67.84 രൂപയുമാണ് ഇന്നത്തെ പെട്രോള്‍ ,ഡീസല്‍ വില. ഡല്‍ഹിയില്‍ 73.40 രൂപയും 71.62 രൂപയും.82 ദിവസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് വിലകൂട്ടാന്‍ തുടങ്ങിയത്.ഇപ്പോഴത്തെ അന്താരാഷ്ട്ര വിലനിരക്കനുസരിച്ച് ലിറ്ററിന് ഏകദേശം 18 രൂപയാണ് പെട്രോളിന്റെ അടിസ്ഥാന വില. ഡീസലിനു പതിനെട്ടര രൂപയും.
ഏപ്രിലില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 16 ഡോളറിലെത്തിയിട്ടും ഇന്ത്യയില്‍ വില കുറയ്ക്കാതെ റോഡ് സെസും എക്‌സൈസ് തീരുവയുമായി പെട്രോളിന് പത്തു രൂപയും ഡീസലിന് 13 രൂപയും വര്‍ധിപ്പിക്കുകയാണ് ചെയ്തത്. വരുംദിവസങ്ങളിലും വില ഉയരുമെന്നാണ് സൂചന.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline