

അടുത്തിടെ ആമസോണ്‍ സിഇഒ ആന്‍ഡി ജാസ്സി തന്റെ ജീവനക്കാര്‍ക്ക് വ്യക്തവും കര്‍ശനവുമായ ഒരു സന്ദേശം നല്‍കി; ''ഒന്നുകില്‍ ജനറേറ്റീവ് എഐ ഉപയോഗപ്പെടുത്തി എങ്ങനെ ജോലി ചെയ്യാമെന്ന് പഠിക്കുക. അല്ലെങ്കില്‍ ഉള്ള ജോലി നഷ്ടപ്പെടാന്‍ തയാറെടുക്കുക. വരും നാളുകളില്‍ ഇപ്പോള്‍ ചെയ്യുന്ന തരത്തിലുള്ള ജോലികള്‍ ചെയ്യുന്നവരുടെ ആവശ്യം കുറയുകയും മറ്റ് തരത്തിലുള്ള ജോലികള്‍ ചെയ്യുന്ന ആളുകളുടെ എണ്ണം കൂടുകയും ചെയ്യും,''.
എഐയുടെ (നിര്‍മിത ബുദ്ധി) 'ഗോഡ്ഫാദര്‍' എന്നറിയപ്പെടുന്ന ജെഫ്രി ഹിന്റണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്തെ തൊഴിലുകളുടെ ഭാവിയെ കുറിച്ച് തുറന്നു പറയുന്നുണ്ട്. ''എഐ എല്ലാവര്‍ക്കും പകരമാകാന്‍ പോകുകയാണ്. എഐയെ കൊണ്ട് ചെയ്യാന്‍ സാധിക്കാത്തത് ചെയ്യാന്‍ വൈദഗ്ധ്യമുള്ളവരായി നിങ്ങള്‍ മാറണം''.
''റോബോട്ടുകള്‍ നിങ്ങളുടെ ജോലികള്‍ ഏറ്റെടുക്കുകയാണെങ്കില്‍ പരിഭ്രാന്തരാകേണ്ട, ഒരു കര്‍ഷകനോ സംഗീതജ്ഞനോ ആയി മാറുക,'' സോഹോ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു ആശ്വസിപ്പിക്കുന്നു. പരിചരണം, കൃഷി എന്നിവയില്‍ വലിയ സാധ്യതകള്‍ അദ്ദേഹം കാണുന്നു. ഇവ ഉയര്‍ന്ന ശമ്പളമുള്ള ജോലികളായി മാറും. കാരണം, യന്ത്രങ്ങള്‍ക്ക് അനുകരിക്കാന്‍ കഴിയാത്തവയെ ആളുകള്‍ വിലമതിക്കും.
ഏറെ ഭയപ്പെട്ടിരുന്ന തൊഴില്‍ നഷ്ടം ഇതിനകം തന്നെ നമ്മുടെ പടിവാതില്‍ക്കലെത്തിയിരിക്കുന്നു. മെറ്റ, ഗൂഗ്ള്‍ തുടങ്ങിയ കമ്പനികളിലെ നിയമനങ്ങള്‍ 2023നും 2024നും ഇടയില്‍ 28 ശതമാനം കുറഞ്ഞതായാണ് അടുത്തിടെ വന്ന റിപ്പോര്‍ട്ട്. മറ്റ് മേഖലകളെയും എഐ ബാധിക്കുന്നുണ്ട്. ഓട്ടോമേഷനെ തുടര്‍ന്ന് ഈവര്‍ഷം ആദ്യം മോര്‍ഗന്‍ സ്റ്റാന്‍ലി 2000 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ പ്രധാനപ്പെട്ട വിവിധ ബാങ്കുകളിലെ രണ്ട് ലക്ഷം തൊഴിലുകള്‍ ഇല്ലാതാകുമെന്ന് ബ്ലൂംബെര്‍ഗ് ഇന്റലിജന്‍സ് പ്രവചിക്കുന്നു.
ഇതില്‍ ഒരു കാര്യം വ്യക്തമാണ്. എഐ ജോലികള്‍ ഇല്ലാതാക്കും. പുതിയ കഴിവുകള്‍ ആര്‍ജിക്കുകയും സ്വയം മാറുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ പുതിയ സമ്പദ്‌വ്യവസ്ഥയില്‍ അതിജീവിക്കാനും പുരോഗതി നേടാനും കഴിയുകയുള്ളൂ. ''കുട്ടികളുടെ പരിപാലനം, വീട്ടില്‍ പാകംചെയ്ത ഭക്ഷണം, രോഗീ പരിചരണം, പ്രാദേശികമായി തത്സമയ സംഗീത പ്രകടനം, വന പുനരുദ്ധാരണ വൈദഗ്ധ്യം തുടങ്ങിയവ പ്രീമിയം പ്രൊഫഷനുകളായി മാറും,'' വെമ്പു പറയുന്നു.
ജോലിയില്ലാതെ ആളുകള്‍ എങ്ങനെ ജീവിക്കും? റോബോട്ട് നിര്‍മിത വസ്തുക്കള്‍ വളരെ വിലകുറഞ്ഞതായി മാറുമെന്നും അവ വായു പോലെ സൗജന്യമായി ലഭിച്ചേക്കാമെന്നും വെമ്പു വിശ്വസിക്കുന്നു. എന്നാല്‍ എഐ ഉയര്‍ത്തുന്ന യഥാര്‍ത്ഥ ഭീഷണി വന്‍തോതിലുള്ള തൊഴില്‍ നഷ്ടമായിരിക്കില്ല. മറിച്ച് എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ കുത്തകകള്‍ അരങ്ങുവാഴുന്ന സമ്പദ്‌വ്യവസ്ഥയാകും അത്. ഇക്കാര്യത്തില്‍ സര്‍ക്കാരുകള്‍ ആവശ്യമായ നടപടിയെടുക്കണമെന്ന് വെമ്പു ആവശ്യപ്പെടുന്നു. ഇതില്‍ നിന്നുള്ള ഗുണം എല്ലാവര്‍ക്കും ലഭ്യമാകുന്നുണ്ടെന്നും എഐയുടെ ഫലമായുള്ള വളരെ കുറഞ്ഞ ഉല്‍പ്പാദന ചെലവ് എല്ലായിടങ്ങളിലും പ്രതിഫലിക്കുന്നുണ്ടെന്നും ഉറപ്പാക്കണമെന്നും അദ്ദേഹം പറയുന്നു.
തൊഴില്‍ നഷ്ടത്തെ കുറിച്ച് വേവലാതിപ്പെടാതെ പുതിയ സാങ്കേതിക രംഗത്തെ ഉള്‍ക്കൊള്ളാന്‍ തയാറാകണമെന്ന് ലിങ്ക്ഡ് ഇന്‍ സ്ഥാപകന്‍ റീഡ് ഹോഫ്മാന്‍ പറയുന്നു. ''പുതിയവ ഉള്‍ക്കൊള്ളുന്നതിലും അതിനനുസരിച്ച് മാറുന്നതിലുമാണ് ഇന്നത്തെ ബിരുദധാരികള്‍ കഴിവ് കാട്ടേണ്ടത്. എല്ലാ മേഖലകളെയും പുതിയ സാങ്കേതിക വിദ്യ കീഴടക്കുമ്പോള്‍, അതിന്റെ ഭാഗമായി മാറുകയാണ് വേണ്ടത്,'' റീഡ് ഹോഫ്മാന്‍ പറയുന്നു.
അടിക്കുറിപ്പ്: മാറ്റത്തെ സ്വീകരിക്കുന്നവര്‍ അതിജീവിക്കുകയും പുരോഗതി പ്രാപിക്കുകയും ചെയ്യും. അത് വ്യക്തികളായാലും കമ്പനികളായാലും.
AI threatens traditional jobs, pushing youth to adapt and acquire new skills for future relevance.
(This article was originally published in Dhanam Business Magazine 2025 July 15th issue)
Read DhanamOnline in English
Subscribe to Dhanam Magazine