ഓഹരി വിറ്റഴിക്കല്‍: ലക്ഷ്യം വെച്ച തുക വീണ്ടും കുറച്ച് കേന്ദ്രസര്‍ക്കാര്‍

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ ലക്ഷ്യമിടുന്ന തുകയില്‍ വീണ്ടും കുറവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. നേരത്തെ 2022-23 സാമ്പത്തിക വര്‍ഷം 1.75 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. പിന്നീട് അത് 78000 കോടി രൂപയായി കുറച്ചു. ഈ തുകയിലാണ് വീണ്ടും കുറവ് വരുത്തിയിരിക്കുന്നത്.

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) ഉടനെ നടക്കുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ഈ ഐപിഒയിലൂടെ ലക്ഷ്യത്തിലേക്കുള്ള യാത്ര ആരംഭിക്കാനാണ് പദ്ധതി. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഐപിഒ നടത്താനാവുമെന്നാണ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് വകുപ്പ് സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ പറയുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ ഈ വര്‍ഷം ഇതുവരെയായി 12030 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. 42201 കോടി രൂപ ഡിവിഡന്റായും ലഭിച്ചു.
എല്‍ഐസിക്ക് പിന്നാലെ ബിപിസിഎല്‍, ഷിപ്പിംഗ് കോര്‍പറേഷന്‍, കണ്ടെയ്‌നര്‍ കോര്‍പറേഷന്‍, ആര്‍ഐഎന്‍എല്‍, പവന്‍ ഹന്‍സ് തുടങ്ങിയവയുടെ വില്‍പ്പനയും ലക്ഷ്യമിടുന്നുണ്ട്.
ബാങ്കുകളുടെ സ്വകാര്യവത്കരണത്തെ കുറിച്ച് ബജറ്റില്‍ പരാമര്‍ശിച്ചിട്ടില്ലെങ്കിലും അതിനുള്ള ശ്രമവും നടന്നു വരുന്നുണ്ട്. ഇതിനായി നിയമഭേദഗതി നടത്തേണ്ടതായിട്ടുണ്ട്.
ലക്ഷ്യമിടുന്ന തുക നേടാനാവാതെ പോകുന്ന സാഹചര്യം 1991-92 കാലഘട്ടം മുതല്‍ ഇന്ത്യയിലുണ്ട്. അതിനു ശേഷം ആകെ ആറുതവണ മാത്രമാണ് ലക്ഷ്യം പുനര്‍നിശ്ചയിച്ചതിനു ശേഷമെങ്കിലും കൈവരിക്കാനായത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it