ആദ്യ ജി20 ധനകാര്യ യോഗം നാളെ; അന്താരാഷ്ട്ര നികുതി, ക്രിപ്റ്റോ, സുസ്ഥിര ധനകാര്യം എന്നിവ അജണ്ടയില്‍
ധനമന്ത്രാലയവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ) സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ആദ്യ ജി20 ഫിനാന്‍സ് ആന്‍ഡ് സെന്‍ട്രല്‍ ബാങ്ക് ഡെപ്യൂട്ടീസ് (എഫ്സിബിഡി) യോഗം നാളെ ആരംഭിക്കും. അന്താരാഷ്ട്ര നികുതി അജണ്ട, പിന്തുണയില്ലാത്ത ക്രിപ്റ്റോ ആസ്തികള്‍ക്കുള്ള ആഗോളതലത്തിലെ ഏകോപന സമീപനം, അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളെ പുനഃക്രമീകരിക്കുക എന്നിവയില്‍ യോഗം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ധനമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഡിസംബര്‍ 13- 15 തീയതികളില്‍ ബെംഗളൂരുവിലാണ് യോഗം നടക്കുന്നത്.
ജി20 എഫ്സിബിഡി യോഗത്തില്‍ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്തും ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ ഡി പത്രയും അധ്യക്ഷ പദവി വഹിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. നിരവധി രാജ്യങ്ങളില്‍ നിന്നും അന്താരാഷ്ട്ര സംഘടനകളില്‍ നിന്നുമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. അടിസ്ഥാന സൗകര്യ വികസനം, സുസ്ഥിര ധനകാര്യം, ആഗോള ആരോഗ്യം, അന്താരാഷ്ട്ര നികുതി, സാമ്പത്തിക മേഖലയിലെ പ്രശ്‌നങ്ങള്‍ എന്നിവയുള്‍പ്പെടെ ആഗോള പ്രസക്തമായ വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും പ്രസ്താവനയില്‍ പറയുന്നു.