ലോകത്തെ ഏറ്റവും സമ്പന്നരായ 20 പേരുടെ പട്ടികയില്‍ തിരിച്ചെത്തി അദാനി

കഴിഞ്ഞവര്‍ഷം ലോകത്തെ രണ്ടാമത്തെ വലിയ സമ്പന്നനെന്ന പട്ടം ചൂടിയിരുന്ന ശതകോടീശ്വരന്‍ ഗൗതം അദാനി, എപ്പോഴാണ് ഏറ്റവും സമ്പന്നനായിരുന്ന ടെസ്‌ല സി.ഇ.ഒ എലോണ്‍ മസ്‌കിനെ മറികടക്കുക എന്നാണ് ഏവരും ഉറ്റുനോക്കിയിരുന്നത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, എല്‍.വി.എം.എച്ച് തലവന്‍ ബെര്‍ണാഡ് അര്‍ണോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി തുടങ്ങിയവരെയെല്ലാം അതിവേഗം പിന്നിലാക്കിയായിരുന്നു രണ്ടാംസ്ഥാനത്തേക്കുള്ള അദാനിയുടെ ആ കുതിപ്പ്.

എന്നാല്‍, കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞതും ശരവേഗത്തിലായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ അമേരിക്കയിലെ നിക്ഷേപക ഗവേഷണസ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്, അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചതോടെ അദാനിക്കമ്പനികളുടെ ഓഹരികള്‍ നിലംപൊത്തി. ഇതോടെ, ഗൗതം അദാനിയുടെ ആസ്തിയും അതിവേഗം താഴേക്കിറങ്ങി. ലോക കോടീശ്വരന്മാരില്‍ രണ്ടാംസ്ഥാനത്ത് നിന്ന് 24-25 സ്ഥാനങ്ങളിലേക്ക് അദാനി വീണു. കഴിഞ്ഞ സെപ്തംബറില്‍ 15,390 കോടി ഡോളറായിരുന്ന (12.60 ലക്ഷം കോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി 5,000 കോടി ഡോളറിന് താഴേക്കും കുറഞ്ഞു; അതായത് ഏകദേശം 4.10 ലക്ഷം കോടി രൂപ.
ആരോപണങ്ങളുടെ മുനയൊടിഞ്ഞു; കരകയറി അദാനി
അദാനി ഗ്രൂപ്പ് ഓഹരിവിലയില്‍ കൃത്രിമം കാണിച്ചുവെന്നും വിദേശത്ത് കടലാസ് കമ്പനികളിലെ നിക്ഷേപത്തിലൂടെ പണംതിരിമറി നടത്തിയെന്നും ഉള്‍പ്പെടെ നിരവധി ഗുരുതര ആരോപണങ്ങളാണ് ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ചത്. വിഷയത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി പാനലിനെ നിയോഗിച്ചു. എന്നാല്‍, പാനല്‍ കഴിഞ്ഞവാരം അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കിയതോടെ ഗ്രൂപ്പിന്റെ ഓഹരികള്‍ വീണ്ടും നേട്ടത്തിന്റെ പാതയിലേറി. ഗ്രൂപ്പ് ഓഹരികളുടെ സംയുക്ത മൂല്യം 9.34 ലക്ഷം കോടി രൂപയില്‍ നിന്ന് 10.03 ലക്ഷം കോടി രൂപയായും ഉയര്‍ന്നു.
ഇതിന്റെ ചുവടുപിടിച്ച് ബ്ലൂംബെര്‍ഗ് ആഗോള ശതകോടീശ്വര പട്ടികയില്‍ ലോകത്തെ ഏറ്റവും സമ്പന്നരായ 20 പേരുടെ പട്ടികയിലേക്ക് ഗൗതം അദാനി തിരിച്ചെത്തി. 6,300 കോടി ഡോളര്‍ (5.16 ലക്ഷം കോടി രൂപ) ആസ്തിയുമായി നിലവില്‍ 18-ാം സ്ഥാനത്താണ് അദ്ദേഹം.
മുന്നില്‍ മുകേഷ് അംബാനി
ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയില്‍ രണ്ടാംസ്ഥാനത്താണ് അദാനി. 8,380 കോടി ഡോളര്‍ (6.87 ലക്ഷം കോടി രൂപ) ആസ്തിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഒന്നാംസ്ഥാനത്ത്. നിലവിലെ ട്രെന്‍ഡ് നിലനിറുത്താന്‍ അദാനിക്ക് കഴിഞ്ഞാല്‍ അദ്ദേഹം വൈകാതെ മുകേഷ് അംബാനിയെ പിന്നിലാക്കി ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനെന്ന പട്ടം വീണ്ടുമണിയും.


Related Articles
Next Story
Videos
Share it