ഷെന്‍ഗെന്‍ മാതൃകയില്‍ വീസ നല്‍കാന്‍ ഗള്‍ഫ്‌ രാഷ്ട്രങ്ങള്‍

യൂറോപ്പിലെ ഷെന്‍ഗെന്‍ (Schengen) മാതൃകയില്‍ ഒറ്റ വീസ (Visa) പദ്ധതി അവതരിപ്പിക്കാന്‍ ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ (ജി.സി.സി) ഒരുങ്ങുന്നു. ബഹ്റൈന്‍ ടൂറിസം മന്ത്രി ഫാത്തിമ അല്‍ സൈറാഫിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നുമുതലാണ് പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രി പറഞ്ഞില്ലെങ്കിലും അതിവേഗം പ്രാബല്യത്തില്‍ വരുമെന്നാണ് സൂചനകള്‍.

ഗള്‍ഫ് രാജ്യങ്ങളുടെ സമ്പദ്മേഖലയ്ക്ക് മികച്ച വരുമാനം നല്‍കുന്ന ശ്രദ്ധേയ വിഭാഗമായി ടൂറിസം മാറുന്ന സാഹചര്യത്തിലാണ് പദ്ധതി ആലോചിക്കുന്നതെന്ന് മന്ത്രി ഒരു പ്രാദേശിക മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതി നടപ്പായാല്‍ വെവ്വേറെ വീസ എടുക്കുന്നതിന് പകരം ഒറ്റ വീസ കൊണ്ട് യു.എ.ഇ., സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍, കുവൈത്ത് എന്നീ
ജി.സി.സി
രാജ്യങ്ങള്‍ സന്ദര്‍ശിക്കാം. വിനോദ സഞ്ചാരികള്‍ക്ക് പുറമേ ബിസിനസ് വ്യക്തികള്‍ക്കും ഈ വീസ അനുവദിക്കാനാണ് നീക്കം.
35 രാജ്യങ്ങള്‍
ആദ്യഘട്ടത്തില്‍ അറബ് രാജ്യങ്ങള്‍ക്ക് പുറമേ 35 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി ഷെന്‍ഗെന്‍ മാതൃകയിലെ വീസ അനുവദിക്കുമെന്നാണ് സൂചന. ഇതില്‍ ഇന്ത്യയും ഉള്‍പ്പെട്ടേക്കുമെന്നാണ് പ്രാഥമിക വിവരം. അങ്ങനെയെങ്കില്‍ ഏറ്റവും പ്രയോജനപ്പെടുക മലയാളികള്‍ക്കായിരിക്കും.
പ്രവാസി മലയാളികള്‍ക്കും കേരളത്തിലെ അവരുടെ ബന്ധുക്കള്‍ക്കും ഗള്‍ഫ് രാജ്യങ്ങളെല്ലാം ഒറ്റ വീസയില്‍ സന്ദര്‍ശിക്കാന്‍ കഴിയും. ഗള്‍ഫില്‍ ബിസിനസ് പദ്ധതികളുള്ള നിരവധി മലയാളികളുമുണ്ട്. അവര്‍ക്കും ഈ വീസാപദ്ധതി നേട്ടമാകും.
എന്തുകൊണ്ട് ഒറ്റ വീസ?
ക്രൂഡോയില്‍ കയറ്റുമതി അടക്കമുള്ള പരമ്പരാഗത സ്രോതസുകളില്‍ നിന്നുള്ള വരുമാനം താഴ്ന്ന് തുടങ്ങിയതോടെ ഗള്‍ഫ് രാജ്യങ്ങള്‍ ടൂറിസം അടക്കമുള്ള പുതിയ മേഖലകളിലേക്ക് ഉറ്റുനോക്കുകയാണിപ്പോള്‍. സൗദി അറേബ്യയടക്കം ഗള്‍ഫ് രാജ്യങ്ങള്‍ വിനോദ സഞ്ചാരികളെ ഇപ്പോള്‍ ഇരുകൈയും നീട്ടി വരവേല്‍ക്കുകയാണ്.
2022ല്‍ 83 ലക്ഷം വിനോദ സഞ്ചാരികളെയാണ് ബഹ്റൈന്‍ ഉന്നമിട്ടത്. എന്നാല്‍ യു.എ.ഇ., സൗദി എന്നിവയുമായി ചേര്‍ന്നുള്ള ടൂറിസം പദ്ധതികള്‍ അവതരിപ്പിച്ചതോടെ ഒരുകോടിയാളം സഞ്ചാരികള്‍ ബഹ്റൈനിലെത്തി. സംയുക്ത ടൂറിസം പദ്ധതി മറ്റ് ജി.സി.സി രാജ്യങ്ങള്‍ക്കും ഗുണം ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഒറ്റ വീസ അനുവദിക്കുന്നത് ആലോചിക്കുന്നത്.
ഷെന്‍ഗെന്‍ വീസ
സ്വിറ്റ്സര്‍ലന്‍ഡ്, സ്പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, ഹംഗറി, ഓസ്ട്രിയ തുടങ്ങി യൂറോപ്പിലെ 27 രാജ്യങ്ങള്‍ ഒറ്റ വീസയില്‍ സന്ദര്‍ശിക്കാവുന്ന വീസ സൗകര്യമാണിത്. നിശ്ചിത കാലയളവില്‍ ഈ 27 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം. അവിടങ്ങളില്‍ താമസിക്കാം. ആദ്യം ഏത് രാജ്യത്തേക്കാണോ പോകുന്നത് ആ രാജ്യത്തിന്റെ ഏംബസിയില്‍ വേണം വീസയ്ക്കായി അപേക്ഷിക്കാന്‍. ആ രാജ്യമാകും ഇത്രയും രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഒറ്റ വീസ അനുവദിക്കുക.
പ്രത്യേകിച്ച് അതിര്‍ത്തിയൊന്നും തിരിച്ചിട്ടില്ലാത്ത നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലൂടെ കുറഞ്ഞ ചെലവില്‍ സുഖയാത്ര ചെയ്യാന്‍ സഹായിക്കുന്നതാണ് ഷെന്‍ഗെന്‍ വീസ.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it