ജിഡിപി വളര്‍ച്ച 8.7 ശതമാനം; ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളരുകയാണോ ?

2019- 20 നെ അപേക്ഷിച്ച് 1.53 ശതമാനം വര്‍ധന മാത്രമേ സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടായിട്ടുള്ളു എന്നതാണ് യാഥാര്‍ത്ഥ്യം.
ജിഡിപി വളര്‍ച്ച 8.7 ശതമാനം; ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളരുകയാണോ ?
Published on

2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 8.7 ശതമാനം വളര്‍ച്ച നേടി. 147.36 ലക്ഷം കോടി രൂപയായി ആണ് ജിഡിപി ഉയര്‍ന്നത്. കോവിഡിന് മുമ്പുള്ള നിലയിലേക്ക് സമ്പദ് വ്യവസ്ഥ എത്തുന്നതിന്റെ സൂചനയായി ആണ് ജിഡിപി വളര്‍ച്ച വിലയിരുത്തന്നത്.

2020-21 കാലയളവില്‍ 135.58 കോടി രൂപയുടേതായിരുന്നു രാജ്യത്തിന്റെ ജിഡിപി. വളര്‍ച്ച 6.6 ശതമാനം ആയിരുന്നു. കോവിഡിന് മുമ്പുള്ള 2019-20 സാമ്പത്തിക വര്‍ഷം 145.15 ലക്ഷം കോടി രൂപയായിരുന്നു രാജ്യത്തിന്റെ ജിഡിപി. 2021-22 സാമ്പത്തിക വര്‍ഷം ജനുവരി-മാര്‍ച്ച് കാലയളവിലെ അവസാന പാദത്തില്‍ ജിഡിപി 4.1 ശതമാനം മാത്രമാണ് വളര്‍ന്നത്.

20.1 ശതമാനം, 8.4 ശതമാനം, 5.4 ശതമാനം എന്നിങ്ങനെയായിരുന്നു ആദ്യ മൂന്ന് പാദങ്ങളിലെ വളര്‍ച്ചാ നിരക്ക്. അവസാന പാദത്തില്‍ വളര്‍ച്ചാ നിരക്ക് കുറഞ്ഞത് ഒമിക്രോണ്‍ വ്യാപനം മൂലമാണെന്നും രാജ്യത്ത് മാന്ദ്യത്തിനുള്ള സാധ്യതകള്‍ ഇല്ലെന്നും ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ.വി. അനന്ത നാഗേശ്വരന്‍ വ്യക്തമാക്കി.

രാജ്യം ശരിക്കും വളരുകയാണോ..?

ജിഡിപി കണക്കുകള്‍ അമിതമായ ആഹ്ലാദത്തിനോ സംതൃപ്തിക്കോ വക നല്‍കുന്നതല്ല. 2020-21ല്‍ ജിഡിപി വളര്‍ച്ച 6.6 ശതമാനമായി ചുരുങ്ങിയ ശേഷമുള്ള ഉയര്‍ച്ചയാണിത്. 2019-20ല്‍ സ്ഥിരവിലയില്‍ ഇന്ത്യയുടെ ജിഡിപി 145.16 ലക്ഷം കോടി രൂപയായിരുന്നു. അതു 2020-21ല്‍ 135.59 ലക്ഷം കോടിയായി കുറഞ്ഞു. 2021-22ല്‍ അത് 147.36 ലക്ഷം കോടിയായി ഉയര്‍ന്നു. 2019- 20 നെ അപേക്ഷിച്ച് 1.53 ശതമാനം വര്‍ധന മാത്രമേ സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടായിട്ടുള്ളു എന്നതാണ് യാഥാര്‍ത്ഥ്യം.

കോവിഡ് ഇല്ലാതിരിക്കുകയും രാജ്യം 2020-21-ല്‍ 6.6 ശതമാനത്തിലധികം വളരുകയും ചെയതെങ്കില്‍ ജിഡിപി അക്കൊല്ലം 153.7 ലക്ഷം കോടി ആകുമായിരുന്നു. അതിന്മേല്‍ നിന്ന് 8.7 ശതമാനം വളര്‍ച്ച സാധ്യമായിരുന്നെങ്കില്‍ 2021-22 ജിഡിപി 167 ലക്ഷം കോടി എത്തുമായിരുന്നു. അതായതു ചെന്നെത്താമായിരുന്നതില്‍ നിന്ന് വളരെ താഴ്ന്ന നിലയിലാണു രാജ്യം എത്തിയിരിക്കുന്നത്. 2021-22 സാമ്പത്തിക വര്‍ഷത്തെ രാജ്യത്തിന്റെ ധനക്കമ്മി 6.71 ശതമാനം (15,86,537 കോടി രൂപ) ആണ്. പുതുക്കിയ കണക്കില്‍ ജിഡിപിയുടെ 6.9 ശതമാനം ധനക്കമ്മി ആണ് പ്രതീക്ഷിച്ചിരുന്നത്. മഹാമാരിയെ നേരിട്ട് ഒരു വര്‍ഷം കഴിയുമ്പോള്‍ തന്നെ രാജ്യം വളര്‍ച്ചയിലേക്ക് തിരിച്ചു വന്നു എന്നത് വലിയ നേട്ടമാണ്. 

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com