ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് പൂജ്യത്തിനു 5.2 % താഴേക്കെന്ന് നോമുറ

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി) വളര്‍ച്ച നടപ്പു സാമ്പത്തിക വര്‍ഷം (2020-21) പൂജ്യം ശതമാനത്തില്‍ നിന്നും താഴെ, മൈനസ് 5.2 ശതമാനമായി കുറയുമെന്ന് പ്രമുഖ ബ്രോക്കറേജ്, റേറ്റിംഗ് കമ്പനിയായ നോമുറ. നേരത്തെ നോമുറ പ്രവചിച്ചിരുന്നത്
മൈനസ് 0.4 ശതമാനമായിരുന്നു.

12 ലക്ഷം കോടി രൂപ വായ്പയെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിലൂടെ രാജ്യത്തിന്റെ ധന കമ്മി ജിഡിപിയുടെ 5.5 - 6 ശതമാനമായി ഉയരുമെന്നതു മുഖ്യമായും കണക്കിലെടുത്താണ് അനുമാനം പരിഷ്‌കരിച്ചത്. 2020ലെ ജിഡിപി 204 ലക്ഷം കോടി രൂപയാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. ഈ സാമ്പത്തിക വര്‍ഷം അത് 224 ലക്ഷം കോടി രൂപയായി ഉയരുമെന്നും കണക്കാക്കപ്പെടുന്നു.സര്‍ക്കാര്‍ മുന്‍പ് തീരുമാനിച്ചിരുന്നത് 7.8 ലക്ഷം കോടി രൂപ വായ്പ എടുക്കാനായിരുന്നു. അതനുസരിച്ച് ധനക്കമ്മി 3.5 ശതമാനമേ വരുമായിരുന്നുള്ളൂ. കോവിഡ് 19 പ്രതിസന്ധിക്കു മുമ്പ് ഫെബ്രുവരിയിലെ ബജറ്റില്‍ രേഖപ്പെടുത്തിയ പ്രവചനങ്ങള്‍ പ്രകാരം മൈനസ് 0.4 ശതമാനമായിരുന്ന ജിഡിപി വളര്‍ച്ചാ പ്രവചനമാണ് ഇപ്പോള്‍ മൈനസ് 5.2 ശതമാനമായി നോമുറ കുറച്ചിട്ടുള്ളത്. ധനക്കമ്മി 7 ശതമാനം വരെ ഉയരുമെന്ന സൂചനയും നോമുറ നല്‍കുന്നുണ്ട്.

ഇപ്പോഴത്തെ പ്രതിസന്ധിയെ നേരിടുന്നതിന് സമ്പദ്വ്യവസ്ഥയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കാന്‍ ഇപ്പോഴത്തെ അധിക വായ്പയെടുക്കല്‍ കൊണ്ടു മാത്രം സാധ്യമാകില്ലെന്ന് നോമുറ കൂട്ടിച്ചേര്‍ത്തു.'വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ കൂടുതല്‍ വായ്പയെടുക്കാനുള്ള സാധ്യത ഞങ്ങള്‍ കാണുന്നു,'- റിപ്പോര്‍ട്ടില്‍ പറയുന്നു. സമീപകാല സംഭവങ്ങള്‍ കാരണം ഇന്ത്യയുടെ റേറ്റിംഗ് കാഴ്ചപ്പാട് അപകടത്തിലാണെന്ന് നോമുറ മുന്നറിയിപ്പ് നല്‍കി.

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച നടപ്പു സാമ്പത്തിക വര്‍ഷം (2020-21) പൂജ്യം ശതമാനമായിരിക്കുമെന്ന് പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ് വിലയിരുത്തിയിരുന്നു. വളര്‍ച്ച ഇടിയുന്നത് ഇന്ത്യയുടെ റേറ്റിംഗ് കുറയ്ക്കാന്‍ കളമൊരുക്കിയേക്കാമെന്നും മൂഡീസ് അഭിപ്രായപ്പെട്ടിരുന്നു.

കഴിഞ്ഞ നവബംറില്‍ ഇന്ത്യയ്ക്ക് 'ബി.എ.എ 2' റേറ്റിംഗ്് മൂഡീസ് നല്‍കിയിരുന്നു.അതേസമയം, ഇന്ത്യയുടെ സ്റ്റാറ്റസ് 'സ്റ്റേബിള്‍' (സ്ഥിരതയുള്ള സമ്പദ്വ്യവസ്ഥ) എന്നതില്‍ നിന്ന് 'നെഗറ്റീവ്' ആക്കി മാറ്റി. സമ്പദ്വളര്‍ച്ച സംബന്ധിച്ച് ആശങ്കയുള്ളതും നിക്ഷേപം ലാഭകരമാകാന്‍ സാദ്ധ്യത കുറവുള്ളതുമായ രാജ്യങ്ങളുടെ സര്‍ക്കാരിന് നല്‍കുന്ന റേറ്റിംഗാണിത്. കൊവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം സമ്പദ്വ്യവസ്ഥ നേരിടുന്ന തിരിച്ചടിയും അതു തരണം ചെയ്യാന്‍ സര്‍ക്കാരെടുക്കുന്ന കാലതാമസവുമാണ് ഇന്ത്യയെ വലയ്ക്കുക.സമ്പദ്സ്ഥിതി പരിഹാരമില്ലാതെ, ഏറെക്കാലം തളര്‍ച്ചയുടെ പാതയില്‍ തുടരുന്നത്, ഇന്ത്യയുടെ കടബാദ്ധ്യത ഉയര്‍ത്തും. കടബാദ്ധ്യത നിലവില്‍ തന്നെ കൂടിയ തലത്തിലാണുള്ളത്.

2020 കലണ്ടര്‍ വര്‍ഷത്തില്‍ 0.2 ശതമാനത്തില്‍ കൂടുതല്‍ ഇന്ത്യ വളരില്ലെന്നും മൂഡീസ് അഭിപ്രായപ്പെട്ടു.അതേസമയം, ഇന്ത്യയുടെ വളര്‍ച്ച നടപ്പുവര്‍ഷം നെഗറ്റീവ് 0.4 ശതമാനമായി ഇടിഞ്ഞേക്കുമെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സ് വിലയരുത്തിയത്.സമ്പദ്തളര്‍ച്ചയുടെ ആഘാതം കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഈവര്‍ഷം ഒരു ശതമാനം കൂടി കുറച്ചേക്കാമെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സ് വ്യക്തമാക്കി. ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ഇക്രയും നടപ്പുവര്‍ഷം പ്രതീക്ഷിക്കുന്നത് നെഗറ്റീവ് വളര്‍ച്ചയാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it