ഉത്സവകാലത്ത് കോളടിച്ച് ഗിഗ് തൊഴിലാളികള്‍; വരുമാനത്തില്‍ വന്‍ വര്‍ധന
ഇത്തവണത്തെ ഉത്സവകാലത്ത് രാജ്യത്തെ ഗിഗ് (Gig) തൊഴിലാളികള്‍ കീശയിലാക്കിയത് വന്‍ വരുമാനം. ഉത്സവകാലത്ത് ഓണ്‍ലൈന്‍ ഓഫറുകളുടെ പിന്‍ബലത്തില്‍ ഉപഭോക്താക്കള്‍ വാങ്ങലുകള്‍ കൂട്ടിയതാണ് വരുമാനം ഉയരാന്‍ മുഖ്യ കാരണമായത്. 48 ശതമാനമാണ് ഗിഗ് തൊഴിലാളുകളുടെ വരുമാനത്തിലുണ്ടായ വര്‍ധനയെന്ന് ഗിഗ് പ്ലാറ്റ്ഫോമായ പിക്ക്മൈ വര്‍ക്കിന്റെ റിപ്പോര്‍ട്ട്.
കമ്പനിയുടെ ക്ലയന്റുകള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിന് എത്തുന്ന താല്‍ക്കാലിക തൊഴിലാളികളാണ് ഗിഗ് തൊഴിലാളികള്‍. സ്വിഗ്ഗി, സൊമാറ്റോ, യൂബര്‍ തുടങ്ങിയ കമ്പനികളില്‍ വാഹനം ഓടിക്കുകയോ, ഉല്‍പ്പന്നങ്ങള്‍ വിതരണം നടത്തുകയോ ചെയ്യുന്ന ജീവനക്കാര്‍ ഗിഗ് ജോലികളില്‍ ഏര്‍പ്പെടുന്നവരാണ്.
തൊഴിലവസരങ്ങള്‍ വര്‍ധിച്ചു
പിക്ക്മൈ വര്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ഉത്സവ സീസണില്‍ ഗിഗ് തൊഴിലാളികളുടെ എണ്ണം 160 ശതമാനം വര്‍ധിച്ചു. മാത്രമല്ല പ്ലാറ്റ്ഫോമിലെ സ്ത്രീ തൊഴിലാളികളുടെ എണ്ണം മുന്‍ വര്‍ഷത്തില്‍ നിന്ന് 105 ശതമാനം വര്‍ധിച്ചു. ഈ ഉത്സവ സീസണിലെ ഡിമാന്‍ഡിലെ വര്‍ധന ഗിഗ് തൊഴില്‍ ഉള്‍പ്പെടെ മറ്റ് താത്കാലിക, പാര്‍ട്ട് ടൈം തൊഴില്‍ വിഭാഗങ്ങളിലായി എട്ട് ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ടീം ലീസ് സര്‍വീസസിന്റെ കണക്കുകള്‍ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഉത്സവ സീസണില്‍ ഏകദേശം നാല് ലക്ഷം തൊഴിലവസരങ്ങളാണ് ഈ മേഖലയിലുണ്ടായത്. ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഇ-കൊമേഴ്സ് കമ്പനികള്‍ ഈ കാലയളവില്‍ ഒരു ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മുമ്പ് പ്രസ്താവിച്ചിരുന്നു. തുടര്‍ന്ന് ഇരു കമ്പനികളുടെയും ബിഗ് ബില്യണ്‍ ഡേയ്സ്, ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ എന്നീ വില്‍പ്പന ഉത്സവും നടന്നതോടെ ഗിഗ് തൊഴിലുകളുടെ ഡിമാന്‍ഡ് വര്‍ധിച്ചു.