പുതുവര്‍ഷം മുന്‍ വര്‍ഷത്തേക്കാള്‍ കഠിനമായിരിക്കും: ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജീവ
ആഗോള സമ്പദ് വ്യവസ്ഥയുടെ ഭൂരിഭാഗവും 2023 ല്‍ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ പറഞ്ഞു. ആഗോള വളര്‍ച്ചയുടെ പ്രാധാന ഘടകങ്ങളായ യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യൂറോപ്പ്, ചൈന എന്നിവയെല്ലാം ഒരേസമയം ദുര്‍ബലമായ പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കുന്നതാവും ഇതിന് കാരണമെന്ന് ജോര്‍ജീവ പറഞ്ഞു.
ഉക്രെയ്‌നിലെ യുദ്ധം, പണപ്പെരുപ്പ സമ്മര്‍ദ്ദം എന്നിവ യുഎസ് ഫെഡറല്‍ റിസര്‍വ് പോലുള്ള സെന്‍ട്രല്‍ ബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തുന്നതിന് കാരണമായി. ഇതോടെ 2023ലെ ആഗോള സാമ്പത്തിക വളര്‍ച്ച പ്രവചനം ഒക്ടോബറില്‍ ഐഎംഎഫ് വെട്ടിക്കുറച്ചിരുന്നു. 2022 അവസാനത്തോടെ ചൈന തങ്ങളുടെ സീറോ-കോവിഡ് നയം ഒഴിവാക്കുകയും സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്ന പ്രക്രിയകള്‍ പുനഃരാരംഭിക്കുകയും ചെയ്തു. എന്നിരുന്നാലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ ഇത് സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും.
40 വര്‍ഷത്തിനിടെ ആദ്യമായി 2022 ല്‍ ചൈനയുടെ വളര്‍ച്ച ആഗോള വളര്‍ച്ചയുടെ താഴെയായിരിക്കുമെന്നു ജോര്‍ജീവ പറഞ്ഞു. കൂടാതെ, വരും മാസങ്ങളില്‍ പ്രതീക്ഷിക്കുന്ന കോവിഡ് കേസുകളുടെ എണ്ണം ചൈനയുടെ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ബാധിക്കുകയും പ്രാദേശികവും ആഗോളവുമായ വളര്‍ച്ചയെ വലിച്ചിഴയ്ക്കുകയും ചെയ്യുമെന്നും അവര്‍ പറഞ്ഞു. അതേസമയം യുഎസ് സമ്പദ് വ്യവസ്ഥ ഇതില്‍ നിന്നുമെല്ലാം വേറിട്ടുനില്‍ക്കുകയാണെന്നും ലോകത്തെ മൂന്നിലൊന്ന് സമ്പദ് വ്യവസ്ഥയെ ബാധിക്കാന്‍ സാധ്യതയുള്ള സാമ്പത്തിക ഞെരുക്കം ഒഴിവാക്കാമെന്നും ജോര്‍ജിവ പറഞ്ഞു.
ഇവിടെ തൊഴില്‍ വിപണി വളരെ ശക്തമായി തുടരുന്നത് കാണുന്നു. യുഎസ് പണപ്പെരുപ്പം കഴിഞ്ഞ വര്‍ഷം തൊട്ട് നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് ടാര്‍ഗെറ്റഡ് ലെവലിലേക്ക് തിരിച്ചെത്തി. 2022 അവസാനിച്ചപ്പോള്‍ പണപ്പെരുപ്പ നിരക്ക് കുറഞ്ഞെങ്കിലും 2 ശതമാനമെന്ന ലക്ഷ്യത്തേക്കാള്‍ ഏകദേശം മൂന്നിരട്ടിയായി തുടരുന്നുണ്ടെന്നും ക്രിസ്റ്റലീന ജോര്‍ജീവ പറഞ്ഞു.