പ്രതീക്ഷിച്ച വളര്‍ച്ച ഉണ്ടായില്ലെങ്കിലും വിലക്കയറ്റം കുറയും: ഐഎംഎഫ്

ആഗോള തലത്തില്‍ പണപ്പെരുപ്പം ഈ വര്‍ഷം കുറയുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). ഏറ്റവും പുതിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലൂക്ക് റിപ്പോര്‍ട്ടിലാണ് ഐഎംഎഫ് ഇക്കാര്യം വ്യക്തമാക്കിയത്. 8.8ല്‍ നിന്ന് 6.6 ശതമാനത്തിലേക്ക് ഉപഭോക്തൃ വില വര്‍ധനവ് കുറയുമെന്നാണ് വിലയിരുത്തല്‍. വിലക്കയറ്റം നിയന്ത്രിക്കുന്നതിനാണ് രാജ്യങ്ങളെല്ലാം പ്രാധാന്യം നല്‍കുന്നത്.

ധനനയം കടുപ്പിക്കുന്നതും കുറഞ്ഞ വളര്‍ച്ചാ നിരക്കും വായ്പാ തിരിച്ചടവ് ശേഷിയെ ബാധിക്കാം. ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ നയങ്ങളും വായ്പ പുനക്രമീകരണവും ആവശ്യമാണെന്ന് ഐഎംഎഫ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. റഷ്യ-യുക്രെയ്ന്‍ യുദ്ധം, പലിശ വര്‍ധനവ് തുടങ്ങിയ കാര്യങ്ങള്‍ പ്രതികൂലമായി തുടരുന്നുണ്ട്. എന്നാല്‍ ചൈന കോവിഡ് നിയന്ത്രണങ്ങള്‍ നീത്തിയത് ആഗോള വളര്‍ച്ചയെ സഹായിച്ചേക്കാമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തല്‍.

യുകെ സമ്പദ് വ്യവസ്ഥ ചുരുങ്ങും

2023ല്‍ ആഗോള വളര്‍ച്ച 2.9 ശതമാനം ആയി കുറയും. അതേ സമയം 2024ല്‍ 3.1 ശതമാനത്തിലേക്ക് സാമ്പത്തിക വളര്‍ച്ച ഉയരും. ഇന്ത്യയുടെ വളര്‍ച്ച 6.8ല്‍ നിന്ന് 6.1 ശതമാനമായി കുറയുമെന്നാണ് വിലയിരുത്തല്‍. അടുത്ത വര്‍ഷം രാജ്യത്തിന്റെ വളര്‍ച്ച 6.8 ശതമാനം ആവുമെന്നും ഐഎംഎഫ് പറയുന്നു.

ഈ വര്‍ഷം യുഎസിന്റെ സാമ്പത്തിക വളര്‍ച്ച 2 ശതമാനമായും 2024ല്‍ ഒരു ശതമാനമായും താഴുമെന്നാണ് റിപ്പോര്‍ട്ട്. 5.2 ശതമാനം ആയിരിക്കും ചൈനയുടെ വളര്‍ച്ച. കഴിഞ്ഞ വര്‍ഷം റഷ്യന്‍ സമ്പദ് വ്യവസ്ഥ ചുരുങ്ങിയിരുന്നു. ഇത്തവണ റഷ്യ 0.3 ശതമാനം വളര്‍ച്ച നേടും. യുകെ സമ്പദ് വ്യവസ്ഥ 0.6 ശതമാനം ചുരുങ്ങും. 2024ല്‍ യുകെ നേരിയ വളര്‍ച്ച മാത്രമാവും നേടുക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it