കംപ്യൂട്ടര്‍ കയറ്റുമതി ഏറ്റവും താഴ്ന്ന നിലയില്‍: കോവിഡ് വിപണിയെ ബാധിച്ചതിങ്ങനെ

ആഗോള പേഴ്‌സണല്‍ കംപ്യൂട്ടര്‍ (PC) വിപണി 2022-2023 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ കയറ്റുമതിയില്‍ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയതായി ഗാര്‍ട്ട്‌നര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. അവലോകന പാദത്തിലെ മൊത്തം പേഴ്‌സണല്‍ കംപ്യൂട്ടര്‍ കയറ്റുമതി 28.5 ശതമാനം കുറഞ്ഞ് 6.53 കോടിയായി വാര്‍ഷികാടിസ്ഥാനത്തില്‍ ഇതിന്റെ മൊത്ത കയറ്റുമതി 16.2 ശതമാനം കുറഞ്ഞ് 28.62 കോടിയായി. 1990-കളുടെ മധ്യത്തിന് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും വലിയ ഇടിവാണിതെന്നും ഗാര്‍ട്ട്‌നര്‍ പറയുന്നു.

ലോകമെമ്പാടുമുള്ള പേഴ്‌സണല്‍ കംപ്യൂട്ടര്‍ വിപണിയിലെ മികച്ച മൂന്ന് കമ്പനികളായ ലെനോവോ, എച്ച്പി, ഡെല്‍ എന്നിവ 2022 ലെ നാലാം പാദത്തില്‍ റാങ്കിംഗ് നിലനിര്‍ത്തിയെങ്കിലും, വാര്‍ഷികാടിസ്ഥാനത്തില്‍ കുത്തനെ ഇടിവ് നേരിട്ടു. ലെനോവോ 28 ശതമാനവും എച്ച്പി 29 ശതമാനവും ഡെല്‍ 37 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

പല ഉപയോക്താക്കളും കോവിഡ് സമയത്ത് വീട്ടിലിരുന്നു ജോലി ചെയ്യുന്നതിനായി പുതിയ പേഴ്‌സണല്‍ കംപ്യൂട്ടറുകള്‍ വാങ്ങിയിരുന്നു. പുതിയവ ഉള്ളതിനാല്‍ ഇതിന് ശേഷം ഇവ വാങ്ങുന്നത് കുറയുകയായിരുന്നു. ഇത് ഇവയുടെ ഉപഭോക്തൃ ഡിമാന്‍ഡ് 1990-കളുടെ മധ്യത്തിന് ശേഷം ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിയാന്‍ കാരണമായതായി ഗാര്‍ട്ട്‌നറിലെ ഡയറക്ടര്‍ അനലിസ്റ്റ് മിക്കാക്കോ കിറ്റഗാവ പറഞ്ഞു. ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ഭയം, വര്‍ധിച്ച പണപ്പെരുപ്പം, ഉയര്‍ന്ന പലിശനിരക്ക് എന്നിവയും ഇതിന്റെ ഡിമാന്‍ഡിനെ ബാധിച്ചിട്ടുണ്ട്. 2024 വരെ ഈ ബിസിനസ് വിപണി വളര്‍ച്ചയിലേക്ക് മടങ്ങില്ലെന്നും കിറ്റഗാവ കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ പുറത്തിറക്കിയ ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ (IDC), കനാലിസ് തുടങ്ങിയ മറ്റ് വിപണി ഗവേഷകരുടെ വാര്‍ഷിക റിപ്പോര്‍ട്ടുകളും സമാനമായ ഇടിവ് കാണിക്കുന്നു. ഐഡിസിയുടെ കണക്കനുസരിച്ച് 28.1 ശതമാനം വാര്‍ഷിക ഇടിവില്‍ 6.72 കോടിയായി പേഴ്‌സണല്‍ കംപ്യൂട്ടറുകളാണ് ഈ പാദത്തില്‍ കയറ്റുമതി ചെയ്തത്. അതേസമയം 2024-ല്‍ പേഴ്‌സണല്‍ കംപ്യൂട്ടര്‍ മാര്‍ക്കറ്റിന് വീണ്ടെടുക്കാന്‍ കഴിയുമെന്ന് ഐഡിസിയിലെ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് റയാന്‍ റീത്ത് അഭിപ്രായപ്പെട്ടു. 2023 അവസാനത്തോടെ വളര്‍ച്ചയുടെ ചില സൂചനകള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Related Articles

Next Story

Videos

Share it