ഇത് മാന്ദ്യം തന്നെ എന്ന് ലോക സാമ്പത്തിക ഫോറം

ഈ വര്‍ഷം ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് പോയാക്കേമെന്ന സൂചന നല്‍കി ലോക സാമ്പത്തിക ഫോറം (World Economic Forum) സര്‍വെ. അതേ സമയം ദക്ഷിണേഷ്യയിലുള്ള ഇന്ത്യ, ബംഗ്ലാദേശ് ഉള്‍പ്പടെയുള്ളവര്‍ക്ക് ഇത് നേട്ടമുണ്ടാക്കാമെന്നും ഫോറം ചൂണ്ടിക്കാട്ടി. ചൈനയില്‍ നിന്ന് മറ്റ് മേഖലകളിലേക്ക് ഉല്‍പ്പാദനവും വിതര ശൃംഖലകളും കേന്ദ്രീകരിക്കുന്നതാണ് ഇന്ത്യയ്ക്ക് ഗുണം ചെയ്യും.

ലോക സാമ്പത്തിക ഫോറം ഉച്ചകോടിയുടെ ഭാഗമായി പ്രമുഖ സാമ്പത്തിക വിദഗ്ധരെ ഉള്‍ക്കൊള്ളിച്ചാണ് സര്‍വെ നടത്തിയത്. ബിസിനസ് മേഖലയിലെ ചെലവ് ചുരുക്കല്‍ വ്യാപകമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. നിലവില്‍ പ്രമുഖ ടെക് കമ്പനികള്‍ ഉള്‍പ്പടെയുള്ളവര്‍ ചെലവ് ചുരുക്കലിലേക്ക് കടന്നുകഴിഞ്ഞു. അതേസമയം പണപ്പെരുപ്പം കുറയുമെന്നും കമ്പനികള്‍ മികച്ച നേട്ടമുണ്ടാക്കുമെന്നുമാണ് പ്രതീക്ഷ.

ആഗോളതലത്തിലുണ്ടാകുന്ന രാഷ്ട്രീയ വികാസങ്ങള്‍ സമ്പദ് വ്യവസ്ഥയെ സ്വാധിനീക്കുന്നത് തുടരും. സര്‍വെയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ട് സാമ്പത്തിക വിദഗ്ധരും പറഞ്ഞത് 2023ല്‍ മാന്ദ്യം ഉണ്ടാകുമെന്നാണ്. ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാതെ ഭക്ഷണം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ രാജ്യങ്ങള്‍ നിക്ഷേപം നടത്തണമെന്നാണ് ഫോറം മാനേജിംഗ് ഡയറക്ടര്‍ സാദിയ സഹീദി ചൂണ്ടിക്കാട്ടിയത്. നഷ്ടപ്പെടുത്താന്‍ സമയമില്ലെന്നും വിദ്യാഭ്യാസം, തൊഴിലവസരങ്ങള്‍, വിപണി തുടങ്ങിയവയിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ ആരംഭിച്ച ലോക സാമ്പത്തിക ഫോറം ഉച്ചകോടി ഈ മാസം 20ന് ആണ് സമാപിക്കുന്നത്.

തൊഴിലവസരങ്ങള്‍ പകുതിയായി ചുരുങ്ങും

ഈ വര്‍ഷം ലോകത്തെ തൊഴിലവസരങ്ങള്‍ പകുതിയായി ചുരുങ്ങുമെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടന. ആഗോളതലത്തില്‍ തൊഴില്‍ വളര്‍ച്ച ഒരു ശതമാനം മാത്രമായിരിക്കും. കഴിഞ്ഞ വര്‍ഷം ഇത് രണ്ട് ശതമാനം ആയിരുന്നു. റഷ്യ-യുക്രെയ്ന്‍ യുദ്ധം, പണപ്പെരുപ്പം, ഉയര്‍ന്ന പലിശ നിരക്ക് തുടങ്ങിയവ മൂലം ഉണ്ടായ പ്രതിസന്ധികളാണ് തിരിച്ചടിയായത്. തൊഴില്‍ രഹിതരുടെ എണ്ണം 20.8 കോടിയായി ഉയരും. ഇതുമൂലം കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തില്‍ നിന്ന് പുറത്തുകടക്കാന്‍ 2025 വരെ കാത്തിരിക്കേണ്ടി വന്നേക്കുമെന്നാണ് സംഘടനയുടെ വിലയിരുത്തല്‍. വിലക്കയറ്റം വരുമാന വര്‍ധനവിനെക്കാള്‍ കൂടുതലാണെന്നും ഇത് ദരിദ്രരുടെ എണ്ണം ഉയര്‍ത്തുമെന്നും സംഘടന വ്യക്തമാക്കി. മാന്ദ്യത്തിലേക്ക് പോയാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it