സ്വര്‍ണം വെള്ളി വിപണിയില്‍ ഉണര്‍വ്, 2022 ല്‍ ഡിമാന്‍ഡ് വര്‍ധിക്കും

സ്വര്‍ണ ഡിമാന്‍ഡ് 2021 ലെ രണ്ടാം പകുതിയില്‍ കുത്തനെ വര്‍ധിച്ച് സ്വര്‍ണനിക്ഷേപവും ആഭരണങ്ങളുടെ വില്‍പ്പനയും ഉയര്‍ന്നിട്ടുണ്ട്. ഉത്സവ സീസണ്‍ ഡിമാന്‍ഡും വിഹാഹ ആവശ്യങ്ങള്‍ക്കും ആവശ്യകത വര്‍ധിച്ചതാണ് സ്വര്‍ണവിപണിയില്‍ ഉണര്‍വ്വുണ്ടാക്കിയത്.

2020 ലും 2021 ആദ്യ പകുതിയിലും കോവിഡ് മഹാമാരിയും നീണ്ട കാലത്തെ ലോക്ഡൗണും കാരണം പല വിവാഹങ്ങളും മാറ്റിവയ്ക്കപെട്ടു. തുടര്‍ന്ന് സ്വര്‍ണവിലകള്‍ ഇടിഞ്ഞതും 2021 രണ്ടാം പകുതിയില്‍ വീണ്ടും വിവാഹങ്ങളും ഉത്സവങ്ങളും നടത്തുന്നത് പുനരാ രംഭിച്ചതോടെ സ്വര്‍ണവിപണിയില്‍ ഉണര്‍വ്വായി.
അമൂല്യ ലോഹങ്ങളില്‍ ഗവേഷണവും കണ്‍സള്‍ട്ടന്റ്‌സും നല്‍കുന്ന സ്ഥാപനമായ മെറ്റല്‍സ് ഫോക്കസ് 10 നഗരങ്ങളില്‍ നടത്തിയ സര്‍വ്വേയില്‍ ഉപഭോക്താക്കള്‍ ആഭരണങ്ങള്‍ വാങ്ങുന്നത് ശരാശരി കോവിഡിന് മുന്‍പുള്ള കാലഘട്ടത്തെ അപേക്ഷിച്ച് 15 -20 %വര്‍ധിച്ചതായി കണ്ടെത്തി. ജൂവല്‍റി കടകള്‍ ഊര്‍ജിതമായി റീസ്റ്റോക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 2020 ല്‍ സ്റ്റോക്ക് കുറക്കുകയാണ് ചെയ്തത്.
ആഭരണ കടകളുടെ വരുമാനം ഈ സാമ്പത്തിക വര്‍ഷം 18 മുതല്‍ 20 ശതമാനം വരെ ഉയരുമെന്ന് ക്രിസില്‍ റേറ്റിംഗ്സ് കണക്കാക്കുന്നു. കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തവര്‍ കൂടിയതോടെ സ്വര്‍ണക്കടകളിലെ തിരക്കും കഴിഞ്ഞ മാസങ്ങളില്‍ വര്‍ധിച്ചു. അടുത്ത സാമ്പത്തിക വര്‍ഷം (2022 23 ല്‍ ) ജൂവല്‍റികളുടെ വരുമാനം 7-9 % വര്‍ധിക്കുമെന്ന് ക്രിസില്‍ റേറ്റിംഗ്സ് കരുതുന്നു.
വെള്ളി ആഭരണങ്ങളുടെ ഉപഭോഗം കൂടുതലും ഗ്രാമ പ്രദേശങ്ങളിലും വെള്ളി പാത്രങ്ങളുടെ (silverware ) വില്‍പ്പന നഗരങ്ങളിലാണ് നടക്കുന്നത്. വെള്ളി ആഭരണങ്ങള്‍ കൂടുതലായി ഇഷ്ടപ്പെടുന്നത് യുവതി യുവാക്കളാണ്.
നമ്മുടെ രാജ്യത്തു മൊത്തം ആഭരണവിപണിയുടെ മൂല്യം 2021 ല്‍ 4.3 ലക്ഷം കോടി രൂപയാണ് അതില്‍ 46 % സ്വര്‍ണ്ണാഭരണത്തിന്റെ പങ്കാണ്. ജി എസ് ടി, ഹാള്‍മാര്‍ക്കിംഗ് എന്നിവ നടപ്പാക്കിയതോടെ സംഘടിതവും അസംഘടിതവുമായ ജൂവല്‍റി വ്യാപാരികള്‍ തമ്മിലുള്ള മാര്‍ജിന്‍ വ്യത്യാസം ഇല്ലാതാകുന്നു.
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ വിലയിരുത്തലില്‍ ഇന്ത്യയില്‍ സ്വര്‍ണ ത്തിന്റെ ആവശ്യകത വര്‍ധിക്കുന്നത് ദേശിയ ആളോഹരി വരുമാനത്തിന്റെ വര്‍ധനവിന് അനുസൃതമായിട്ടാണ്. ഒരു ശതമാനം ആളോഹരി വരുമാന വര്‍ധനവ് ഉണ്ടാകുമ്പോള്‍ സ്വര്‍ണത്തിന്റെ വില 0.9 % വര്‍ധിക്കും. എന്നാല്‍ സ്വര്‍ണവില 1 % വര്‍ധിക്കുമ്പോള്‍ 0.5 % മാത്രമാണ് ഡിമാന്‍ഡ് കുറയന്നത്
2022 ല്‍ സ്വര്‍ണം വെള്ളി വിപണിക്ക് ശക്തി നല്‍കുന്ന ഘടകങ്ങള്‍ - മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ച, സ്ഥിരമായ വിലകള്‍, ആഭരണ ഡിമാന്‍ഡ് എന്നിവയാണ്. ഉപഭോക്താക്കള്‍ ഓണ്‌ലൈനിലായി ആഭരണങ്ങള്‍ തിരഞ്ഞെടുത്ത ശേഷം കടയില്‍ പോയി വാങ്ങുന്ന പ്രവണത വര്ധിക്കുന്നതിനാല്‍ ജുവലറി കടകള്‍ ഡിജിറ്റല്‍ മാര്‍ഗങ്ങളും വിപണനത്തിന്റെ ഭാഗമായി ഉപയോഗിക്കുന്നു.


Related Articles
Next Story
Videos
Share it