ഗോള്‍ഡ് ബോണ്ട് മൂന്നാം ഘട്ടം; വില ഗ്രാമിന് 4,677 രൂപ

ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിക്കാന്‍ ജൂണ്‍ എട്ടു മുതല്‍ അഞ്ചു ദിവസത്തേക്ക് റിസര്‍വ് ബാങ്ക് വീണ്ടും അവസരമൊരുക്കുന്നത്് ഒരു ഗ്രാമിന് തുല്യമായ ബോണ്ടിന് 4,677 രൂപ വില പ്രകാരം.ഓണ്‍ ലൈനില്‍ വാങ്ങുമ്പോള്‍ വിലയില്‍ 50 രൂപ കിഴിവ് ലഭിക്കും.

എട്ട് വര്‍ഷമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ കാലാവധി. ആവശ്യമെങ്കില്‍ അഞ്ച് വര്‍ഷത്തിന് ശേഷം നിക്ഷേപം പിന്‍വലിക്കാം. ഗോള്‍ഡ് ബോണ്ടിലെ കുറഞ്ഞ നിക്ഷേപം 1 ഗ്രാം ആണ്. വ്യക്തികള്‍ക്കും അവിഭക്ത ഹിന്ദു കുടുംബങ്ങള്‍ക്കും ഒരു സാമ്പത്തിക വര്‍ഷം ബോണ്ടുകളില്‍ നടത്താവുന്ന പരമാവധി നിക്ഷേപം നാല് കിലോ ഗ്രാം. ട്രസ്റ്റുകള്‍ക്ക് പരമാവധി 20 കിലോഗ്രാം നിക്ഷേപം നടത്താം.

ഏപ്രില്‍ 20 ആയിരുന്നു ഗോള്‍ഡ് ബോണ്ട് 2020-21 സ്‌കീമിന്റെ ആദ്യ ഘട്ട വിതരണം. കോവിഡ് വന്ന ശേഷവും ഗോള്‍ഡ് ബോണ്ട് നിക്ഷേപത്തിലുള്ള താല്‍പ്പര്യം പ്രകടമായിരുന്നു. ഈ സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ വരെ ആറ് ഘട്ടങ്ങളിലായി സോവറിന്‍ ഗോള്‍ഡ് ബോണ്ട് വിതരണം ചെയ്യുമെന്നാണ് ആര്‍ബിഐ അറിയിച്ചിരിക്കുന്നത്.

ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍, സ്റ്റോക് ഹോള്‍ഡിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ശാഖകള്‍ എന്നിവ വഴി ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപം നടത്താം. ആര്‍ബിഐയുടെ വെബ്സൈറ്റിലൂടെയും , ബാങ്കുകളുടെ ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനം ഉപയോഗിച്ചും ഓണ്‍ലൈനായി അപേക്ഷിക്കാം.ഗോള്‍ഡ് ബോണ്ടുകളുടെ വില നിര്‍ണയിക്കുന്നത് വിതരണം ചെയ്യുന്ന കാലയളവിന് മുമ്പുള്ള മൂന്ന് പ്രവൃത്തി ദിവസങ്ങളിലെ 999 പരിശുദ്ധ സ്വര്‍ണത്തിന്റെ വില അടിസ്ഥാനമാക്കിയാണ്.

സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള മികച്ച മാര്‍ഗമാണ് ഗോള്‍ഡ് ബോണ്ട്.ഗോള്‍ഡ് ബോണ്ടിന്റെ പലിശ ആറു മാസം കൂടുമ്പോള്‍ അക്കൗണ്ടില്‍ വരവു വെയ്ക്കപ്പെടും. കാലാവധിയെത്തി പിന്‍വലിക്കുമ്പോള്‍ അന്നത്തെ സ്വര്‍ണ വിലയും അതിനു പുറമേ നിക്ഷേപത്തിന് 2.5 ശതമാനം പലിശയും ലഭിക്കും. ഈ രണ്ടര ശതമാനം പലിശയ്ക്കു മാത്രമേ ആദായ നികുതിയുള്ളൂ. കാലാവധിയെത്തുന്ന മുറയ്ക്ക് ബോണ്ട് പണമാക്കുമ്പോള്‍ ലഭിക്കുന്ന മൂലധന നേട്ടത്തിന് വ്യക്തികള്‍ക്ക് നികുതി ബാധ്യതയില്ല.

സോവറിന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം 2020-21 ന്റെ മൂന്നാം ഘട്ട വിതരണമാണ് തിങ്കളാഴ്ച് തുടങ്ങുന്നത്.ഭൗതിക സ്വര്‍ണ്ണത്തിന്റെ ആവശ്യകത കുറച്ച് നിക്ഷേപം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ 2015 നവംബറിലാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട് ആദ്യമായി അവതരിപ്പിച്ചത്. കോവിഡ് 19 എല്ലാ നിക്ഷേപങ്ങളുടെയും നിറം കെടുത്തിയപ്പോള്‍ സ്വര്‍ണത്തിലാണ് എല്ലാവരുടെയും പ്രതീക്ഷ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it